ധോണിക്കും കോഹ്‌ലിക്കും രോഹിത്തിനുമുള്ള അത്രയും ആരാധകപിന്തുണ സഞ്ജുവിനുമുണ്ട് -ദിനേശ് കാർത്തിക്


മുംബൈ: ഈഡൻ ഗാർഡൻസിൽ വെസ്റ്റ് ഇൻഡീസിനെതിരായ സൂപ്പർ 8 പോരാട്ടത്തിൽ തകർപ്പൻ ഇന്നിങ്സുമായി ഇന്ത്യയെ സെമി ഫൈനലിലെത്തിച്ച മലയാളി താരം സഞ്ജു സാംസണെ പ്രശംസിച്ച് മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ ദിനേശ് കാർത്തിക്. എം.എസ് ധോണി, വിരാട് കോഹ്‌ലി, രോഹിത് ശർമ തുടങ്ങിയ ഇതിഹാസ താരങ്ങൾക്ക് ലഭിക്കുന്ന അതേ ആരാധക പിന്തുണയാണ് സഞ്ജുവിനും ലഭിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പേർ ഇഷ്ടപ്പെടുന്ന ക്രിക്കറ്റ് താരം സഞ്ജുവാണെന്നും സ്കൈ സ്പോർട്സിനോട് സംസാരിക്കവേ കാർത്തിക് കൂട്ടിച്ചേർത്തു.

സഞ്ജു സാംസണിന്റെത് വളരെ മികച്ചൊരു കഥയാണ്. അവൻ കളിച്ചത് ഗംഭീര ഇന്നിങ്സാണ്. ആളുകൾ അവനെ എപ്പോഴും സ്നേഹിക്കുന്നു. എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും കൂടുതൽ ആളുകൾ ഇഷ്ടപ്പെടുന്ന ക്രിക്കറ്റർ അവനാണ്. വിരാട്, രോഹിത്, ധോണി എന്നിവരെപ്പോലെ വലിയൊരു ഫാൻ ഫോളോവിങ് അവനുമുണ്ട്,” ദിനേശ് കാർത്തിക് പറഞ്ഞു. കരിയറിൽ ഒരുപാട് ഉയർച്ച താഴ്ചകൾ നേരിട്ട താരമാണ് സഞ്ജു. അപാരമായ പ്രതിഭയുണ്ടായിട്ടും പ്രതീക്ഷകളുടെ അമിതഭാരം അവനെ എപ്പോഴും വേട്ടയാടിയിരുന്നുവെന്നും കാർത്തിക് ചൂണ്ടിക്കാട്ടി. ഒരുപാട് കാലത്തെ കാത്തിരിപ്പിന് ശേഷം ലഭിച്ച അവസരം കൊൽക്കത്തയിൽ അവൻ കൃത്യമായി വിനിയോഗിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.

തുടർച്ചയായ മോശം ഫോമിനെ തുടർന്ന് ലോകകപ്പിന് മുൻപുള്ള ന്യൂസിലാൻഡ് പരമ്പരയിൽ സഞ്ജുവിന് സ്ഥാനം നഷ്ടപ്പെട്ടിരുന്നു. എന്നാൽ ടോപ് ഓർഡറിലെ ഇടംകയ്യൻ ബാറ്റർമാർ പരാജയപ്പെട്ടതോടെ താരത്തെ വീണ്ടും ഓപ്പണിങ്ങിലേക്ക് കൊണ്ടുവരികയായിരുന്നു. വിൻഡീസിനെതിരെ 196 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ ഒരു ഘട്ടത്തിൽ പരാജയം മുന്നിൽക്കണ്ടെങ്കിലും, 50 പന്തിൽ 12 ഫോറുകളും 4 സിക്സറുകളും സഹിതം പുറത്താകാതെ 97 റൺസ് നേടിയ സഞ്ജു ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. കരിയറിലെ ഏറ്റവും മികച്ച ദിനങ്ങളിലൊന്നായാണ് ഈ പ്രകടനത്തെ സഞ്ജു പിന്നീട് വിശേഷിപ്പിച്ചത്.

ഫോമില്ലായ്മ നേരിട്ടിരുന്നെങ്കിലും ടൂർണമെന്റിന്റെ തുടക്കം മുതൽ സഞ്ജുവിനെ ടോപ് ഓർഡറിൽ കളിപ്പിക്കണമായിരുന്നുവെന്ന് കാർത്തിക് അഭിപ്രായപ്പെട്ടു. ഇന്ത്യൻ നിരയിലെ ഇടംകയ്യൻ ബാറ്റർമാരെ എതിർ ടീമുകളിലെ ഓഫ് സ്പിന്നർമാർ നിരന്തരം വേട്ടയാടുന്നത് ഇന്ത്യയ്ക്ക് തിരിച്ചടിയായിരുന്നു. അഭിഷേക് ശർമയെപ്പോലുള്ള താരങ്ങൾ സ്പിന്നർമാർക്ക് മുന്നിൽ പതറിയപ്പോൾ, സഞ്ജുവിന്റെ സാന്നിധ്യം ഈ പ്രശ്നം പരിഹരിക്കാൻ വലിയ രീതിയിൽ സഹായിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. വ്യാഴാഴ്ച മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിൽ നടക്കുന്ന രണ്ടാം സെമി ഫൈനലിൽ ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടാനൊരുങ്ങവെയാണ് സഞ്ജുവിന് പൂർണ്ണ പിന്തുണയുമായി കാർത്തിക് രംഗത്തെത്തിയിരിക്കുന്നത്.

© Madhyamam