പാണ്ഡ്യയുടെ ഷോട്ടിൽ പുളഞ്ഞ് സിറാജ്; പന്ത് കൊണ്ടത് കാൽമുട്ടിൽ; ലോകകപ്പിൽ പരിക്ക് മാറാതെ ഇന്ത്യ



അഹമ്മദാബാദ്: ട്വൻറി20 ലോകകപ്പ് സൂപ്പർ എട്ടിലെ ആദ്യ മത്സരത്തിൽ ഞായറാഴ്ച ക്രീസിൽ ഇറങ്ങാനൊരുങ്ങവെ​ ഇന്ത്യൻ ക്യാമ്പിൽ പരിക്ക് ആശങ്ക. ജസ്പ്രീത് ബുംറ, അഭിഷേക് ശർമ, ലോകകപ്പിന് മുമ്പു തന്നെ ടീമിന് പുറത്തായ ഹർഷിദ് റാണ എന്നിവരുടെ പരിക്ക് വാർത്തകൾക്കു പിന്നാലെയാണ് ​പേസ് ഡിപാർട്മെന്റിലെ നെടുംതൂണായ മുഹമ്മദ് സിറാജിനും പരിക്കേറ്റതായി റിപ്പോർട്ടുകൾ വരുന്നത്.

ഞായറാഴ്ച അഹമ്മദാബാദിൽ ദക്ഷിണാഫ്രിക്കയെ നേരിടാനിരിക്കെ പരിശീലന സെഷനിടെയായിരുന്നു മുഹമ്മദ് സിറാജിന് പരിക്കേറ്റത്. ഹാർദിക് പാണ്ഡ്യയുടെ ഷോട്ട്, കാൽമുട്ടിൽ കൊണ്ട സിറാജ് വേദനയോടെ നിലത്തിരിക്കുന്ന ദൃശ്യങ്ങൾ ഇന്ത്യൻ ആരാധകർക്കും വേദനയായി മാറി.

നരേന്ദ്രമോദി സ്റ്റേഡിയത്തിൽ പരിശീലിക്കുന്നതിനിടെയായിരുന്നു സംഭവം. പാണ്ഡ്യയുടെ പവർഹിറ്റ് ഷോട്ടിൽ പന്ത് പതിച്ചത് ഫീൽഡിൽ നിൽക്കുകയായിരുന്നു സിറാജിന്റെ കാൽമുട്ടിൽ. ഒഴിഞ്ഞുമാറും മുമ്പേ പന്ത് കൊണ്ട സിറാജ് വേദനയിൽ നിലത്തിരിക്കുന്നതും പണ്ഡ്യ ഉൾപ്പെടെ സഹതാരങ്ങളും ഫിസിയോയും എത്തി പരിചരിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.

ഏതാനും സമയത്തെ ഇടവേളക്കു ശേഷം സിറാജ് വീണ്ടും പരിശീലനത്തിനിറങ്ങിയതിന്റെ ആശ്വാസത്തിലാണ് ഇന്ത്യൻ ക്യാമ്പ്. എങ്കിലും 24 മണിക്കൂറിനു ശേഷമേ താരത്തിന്റെ ഫിറ്റ്നസിൽ ഉറപ്പു പറയാനാവൂ.

ഹർഷിദ് റാണക്ക് പകരം ടീമിലെത്തിയ സിറാജ് ഒരു മത്സരം മാത്രമാണ് കളിച്ചത്. അമേരിക്കക്കെതിരായ മത്സരത്തിൽ മൂന്ന് വിക്കറ്റ് നേട്ടവുമായി താരം തിളങ്ങി. ശേഷം നടന്ന ഇന്ത്യയുടെ മറ്റു മൂന്ന് മത്സരങ്ങളിലും സിറാജ് കളിച്ചിരുന്നില്ല.

തുടർന്നുള്ള മത്സരങ്ങളിൽ ജസ്പ്രീത് ബുംറയും അർഷ്ദീപുമാണ് കളിച്ചത്. എങ്കിലും സിറാജിന്റെ കാൽമുട്ടിലെ വേദന ആശങ്ക സൃഷ്ടിക്കുന്നില്ലെന്നാണ് ടീം ക്യാമ്പിൽ നിന്നുള്ള റിപ്പോർട്ട്.

അതേസമയം, കഴിഞ്ഞ നാല് മത്സരങ്ങളും കളിച്ച വരുൺ ചക്രവർത്തിയാണ് ഇന്ത്യൻ ബൗളിങ് കോച്ച് മോർനെ മോർകലിന്റെ വജ്രായുധം.



© Madhyamam