
രാജ്കോട്ട്: ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ടോസ് നേടിയ ന്യൂസിലൻഡ് ബൗളിങ് തെരഞ്ഞെടുത്തു. ഇരുടീമുകളും പ്ലേയിങ് ഇലവനിൽ ഓരോ മാറ്റവുമായാണ് ഇന്നിറങ്ങുന്നത്. കിവീസിനായി ജെയ്ഡൻ ലെനോക്സ് അരങ്ങേറും. പരിക്കേറ്റ ഓൾറൗണ്ടർ വീഷിങ്ടൺ സുന്ദറിന് പകരം നിതീഷ് കുമാർ റെഡ്ഡിയെ ഉൾപ്പെടുത്തിയാണ് ഇന്ത്യ ഇറങ്ങുന്നത്. ആദ്യ കളി ജയിച്ച ആതിഥേയർക്ക് സമാന ഫലം തുടർന്നാൽ മൂന്ന് മത്സര പരമ്പര ഇന്നേ സ്വന്തമാക്കാം. ന്യൂസിലൻഡിനെ സംബന്ധിച്ച് ഇത് നിലനിൽപ്പിന്റെ പോരാട്ടമാണ്.
പ്ലേയിങ് ഇലവൻ
- ഇന്ത്യ: ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), രോഹിത് ശർമ, വിരാട് കോഹ്ലി, ശ്രേയസ് അയ്യർ, കെ.എൽ. രാഹുൽ, രവീന്ദ്ര ജദേജ, നിതീഷ് കുമാർ റെഡ്ഡി, മുഹമ്മദ് സിറാജ്, ഹർഷിത് റാണ, കുൽദീപ് യാദവ്, പ്രസിദ്ധ് കൃഷ്ണ
- ന്യൂസിലൻഡ്: മൈക്കൽ ബ്രേസ്വെൽ (ക്യാപ്റ്റൻ), ഡെവൺ കോൺവേ, മിച്ചൽ ഹേ, ഹെൻറി നിക്കോൾസ്, വിൽ യങ്, സാക്ക് ഫോൾക്സ്, ഡാരിൽ മിച്ചൽ, ഗ്ലെൻ ഫിലിപ്സ്, ക്രിസ്റ്റ്യൻ ക്ലാർക്ക്, കൈൽ ജാമിസൺ, ജെയ്ഡൻ ലെനോക്സ്
സ്റ്റാർ ബാറ്റർ വിരാട് കോഹ്ലിയുടെ ഉജ്ജ്വല ഫോം മെൻ ഇൻ ബ്ലൂവിന് നൽകുന്ന ആവേശം ചെറുതല്ല. അന്താരാഷ്ട്ര, ആഭ്യന്തരതലങ്ങളിലായി കഴിഞ്ഞ ഏഴ് മത്സരങ്ങളിൽ വിരാടിന്റെ ബാറ്റിൽനിന്ന് പിറന്നത് മൂന്ന് സെഞ്ച്വറികളും നാല് അർധ ശതകങ്ങളുമാണ്. വഡോദരയിലെ ഒന്നാം ഏകദിനത്തിൽ സെഞ്ച്വറിക്കരികിലാണ് കോഹ്ലി വീണത്. പരിക്കിൽനിന്ന് മോചിതരായെത്തിയ ക്യാപ്റ്റനും ഓപണറുമായ ശുഭ്മൻ ഗിൽ, മധ്യനിരയിൽ ശ്രേയസ് അയ്യർ തുടങ്ങിയവർ താളം കണ്ടെത്തിയതും ആശ്വാസമാണ്. ഓപണർ രോഹിത് ശർമയിൽനിന്നും ഇന്ത്യ വലിയ സ്കോർ പ്രതീക്ഷിക്കുന്നു.
വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്തിന് പിന്നാലെ ഓൾറൗണ്ടർ വാഷിങ്ടൺ സുന്ദറും പരിക്കേറ്റ് പരമ്പരയിൽനിന്ന് പുറത്തായിരുന്നു. ആയുഷ് ബദോനിയെയാണ് വാഷിങ്ടണിന് പകരം ടീമിലുൾപ്പെടുത്തിയിരിക്കുന്നത്. കിവികളുടെ പ്ലേയിങ് ഇലവനിൽ ഒറ്റ മാറ്റം മാത്രമാണുള്ളത്. ആദ്യ കളിയിൽ ഓപണർമാരായ ഹെൻറി നിക്കോൾസും ഡെവോൺ കോൺവേയും നൽകിയ ഗംഭീര തുടക്കം മുതലെടുക്കാൻ മധ്യനിരക്ക് കഴിയാതെ പോയി. എങ്കിലും ഡാരിൽ മിച്ചൽ നടത്തിയ വെടിക്കെട്ട് ടീമിനെ 300ലെത്തിച്ചു. ബൗളിങ്ങിൽ കൈൽ ജാമിസനും മിന്നും പ്രകടനം നടത്തി.
