
ഇന്ത്യൻ താരങ്ങളായ രോഹിത് ശർമയും ശ്രേയസ് അയ്യരും പരിശീലനത്തിനിടെ
വഡോദര: ഏകദിന പരമ്പരയോടെ പുതുവർഷം തുടങ്ങാൻ മെൻ ഇൻ ബ്ലൂ. ഇന്ത്യ-ന്യൂസിലൻഡ് മൂന്ന് മത്സര പരമ്പരയിലെ ആദ്യ കളി ഞായറാഴ്ച പകലും രാത്രിയുമായി നടക്കും. കോടംബിയിലെ ബറോഡ ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിലെ ആദ്യ അന്താരാഷ്ട്ര പുരുഷ മത്സരമാണിത്. സൂപ്പർ താരങ്ങളും മുൻ നായകരുമായ വിരാട് കോഹ്ലിയുടെയും രോഹിത് ശർമയുടെയും സാന്നിധ്യം ആരാധകർക്കേകുന്ന ആവേശം ചെറുതല്ല.
ഫെബ്രുവരിയിൽ ആരംഭിക്കുന്ന ട്വന്റി20 ലോകകപ്പിനുള്ള ഒരുക്കമെന്നോണം ഓൾ റൗണ്ടർ ഹാർദിക് പാണ്ഡ്യക്കും പേസർ ജസ്പ്രീത് ബുംറക്കും വിശ്രമം നൽകിയിട്ടുണ്ട് ഇന്ത്യ. പരിക്കിൽനിന്ന് മോചിതരായി നായകൻ ശുഭ്മൻ ഗില്ലും ഉപനായകൻ ശ്രേയസ് അയ്യരും പൂർണാരോഗ്യം വീണ്ടെടുത്തുകഴിഞ്ഞു.
രോഹിത്തും ഗില്ലും ഇന്നിങ്സ് തുറക്കുമ്പോൾ പിറകെ കോഹ്ലിയും ശ്രേയസും വിക്കറ്റ് കീപ്പറുടെ അധിക ചുമതലയുള്ള കെ.എൽ. രാഹുലും എത്താനാണ് സാധ്യത. ഓൾ റൗണ്ടർമാരുടെ പട്ടികയിൽ രവീന്ദ്ര ജദേജക്ക് സ്ഥാനമുറപ്പാണ്.
വാഷിങ്ടൺ സുന്ദറോ നിതീഷ് കുമാർ റെഡ്ഡിയോ കൂടെയുണ്ടാവും. ബുംറയുടെ അസാന്നിധ്യത്തിൽ പേസ് ബൗളിങ് നയിക്കാൻ മുഹമ്മദ് സിറാജുണ്ട്. അർഷ്ദീപ് സിങ്, ഹർഷിത് റാണ, പ്രസിദ്ധ് കൃഷ്ണ എന്നിവരിൽ രണ്ടുപേരെക്കൂടിയിറക്കും. സ്പെഷലിസ്റ്റ് സ്പിന്നർക്ക് അവസരം നൽകുന്ന പക്ഷം കുൽദീപ് യാദവും ഇടംപിടിക്കും.
മൈക്കൽ ബ്രേസ് വെൽ നയിക്കുന്ന കിവി സംഘത്തിന് പക്ഷേ, പഴയ കരുത്തില്ല. ബാറ്റർമാരായ കെയ്ൻ വില്യംസൺ, ടോം ലതാം, ഓൾ റൗണ്ടർമാരായ രചിൻ രവീന്ദ്ര, മിച്ചൽ സാന്റ്നർ, പേസർ മാറ്റ് ഹെൻറി തുടങ്ങിയവരുടെ കുറവ് പ്രതിഫലിക്കും.
ടീം ഇവരിൽനിന്ന്
- ഇന്ത്യ: ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), രോഹിത് ശർമ, വിരാട് കോഹ്ലി, ശ്രേയസ് അയ്യർ, കെ.എൽ. രാഹുൽ, രവീന്ദ്ര ജദേജ, വാങ്ടൺ സുന്ദർ, അർഷ്ദീപ് സിങ്, മുഹമ്മദ് സിറാജ്, ഹർഷിത് റാണ, കുൽദീപ് യാദവ്, പ്രസിദ്ധ് കൃഷ്ണ, നിതീഷ് കുമാർ റെഡ്ഡി, യശസ്വി ജയ്സ്വാൾ, ഋഷഭ് പന്ത്.
- ന്യൂസിലൻഡ്: മൈക്കൽ ബ്രേസ്വെൽ (ക്യാപ്റ്റൻ), ഡെവൺ കോൺവേ, മിച്ചൽ ഹേ, നിക്ക് കെല്ലി, ഹെൻറി നിക്കോൾസ്, വിൽ യങ്, ജോഷ് ക്ലാർക്ക്സൺ, സാക്ക് ഫോൾക്സ്, ഡാരിൽ മിച്ചൽ, ഗ്ലെൻ ഫിലിപ്സ്, ആദിത്യ അശോക്, ക്രിസ്റ്റ്യൻ ക്ലാർക്ക്, കൈൽ ജാമിസൺ, ജെയ്ഡൻ ലെനോക്സ്, മൈക്കൽ റേ.
