രോഹിത് ശർമയുടെ സെഞ്ച്വറി റെക്കോഡ് തകർത്ത് സി.എസ്.കെ യുവ ബാറ്റർ; 49 പന്തിൽ മൂന്നക്കം



മുംബൈ: മുൻ ഇന്ത്യൻ നായകൻ രോഹിത് ശർമയുടെ സെഞ്ച്വറി റെക്കോഡ് തകർത്ത് യുവ ബാറ്റർ ആയുഷ് മാത്രെ. സയ്യിദ് മുഷ്താഖ് അലി ട്വന്റി20 ക്രിക്കറ്റിൽ വിദർഭക്കെതിരായ മത്സരത്തിലാണ് ചെന്നൈ സൂപ്പർ കിങ്സിന്‍റെ 18കാരൻ വെടിക്കെട്ട് സെഞ്ച്വറി കുറിച്ചത്.

49 പന്തിലായിരുന്നു ആയുഷ് മൂന്നക്കത്തിലെത്തിയത്. താരത്തിന്‍റെ കന്നി സെഞ്ച്വറി കരുത്തിൽ ഏഴു വിക്കറ്റിനാണ് മുംബൈ വിദർഭയെ തരിപ്പണമാക്കിയത്. ആദ്യം ബാറ്റു ചെയ്ത വിദർഭ ഉയർത്തിയ 193 റൺസെന്ന കൂറ്റൻ വിജയലക്ഷ്യം 17.5 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ മുംബൈ മറികടക്കുകയായിരുന്നു. 53 പന്തിൽ 110 റൺസെടുത്ത ആയുഷ് മാത്രേ പുറത്താകാതെ നിന്നു. എട്ടു സിക്സും എട്ടു ഫോറുമാണ് താരം അടിച്ചത്. ഇതോടെ ട്വന്‍റി20, ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ്, ലിസ്റ്റ് എ ക്രിക്കറ്റ് എന്നിവയിൽ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ റെക്കോഡ് താരം സ്വന്തം പേരിലാക്കി. 18 വർഷവും 135 ദിവസവുമാണ് താരത്തിന്‍റെ പ്രായം. 19 വർഷവും 339 ദിവസവും പ്രായമുള്ളപ്പോൾ രോഹിത് നേടിയ സെഞ്ച്വറിയാണ് 19 വർഷത്തിനുശേഷം മാത്രെ മറികടന്നത്.

19 പന്തിൽ 39 റൺസുമായി ശിവം ദുബെ, ആയുഷ് മാത്രേക്കു ഉറച്ച പിന്തുണ നൽകി. അണ്ടർ 19 ഏഷ്യ കപ്പിനുള്ള ഇന്ത്യൻ ടീമിന്‍റെ ക്യാപ്റ്റനായും ആയുഷ് തെരഞ്ഞെടുക്കപ്പെട്ടതും ഇതേ ദിവസമാണ്. കഴിഞ്ഞ സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ ഇന്ത്യയുടെ ആസ്ട്രേലിയൻ പര്യടനത്തിനുള്ള യുവ ടീമിനെ നയിച്ചതും താരമാണ്. ഡിസംബർ 12 മുതൽ 21 വരെ ദുബൈയിലാണ് അണ്ടർ 19 ഏഷ്യ കപ്പ് ഏകദിന ടൂർണമെന്‍റ്. ഡിസംബർ 19ന് സെമി ഫൈനലും 21ന് ഫൈനലും നടക്കും.

ഇന്ത്യ അണ്ടർ 19 സ്ക്വാഡ്:

ആയുഷ് മാത്രെ (ക്യാപ്റ്റൻ), വൈഭവ് സൂര്യവംശി, വിഹാൻ മൽഹോത്ര (വൈസ് ക്യാപ്റ്റൻ), വേദാന്ത് ത്രിവേദി, അഭിയാൻ കുണ്ടു, ഹർവൻഷ് സിങ്, യുവരാജ് ഗോഹിൽ, കനിഷ്ക് ചൗഹാൻ, ഖിലാൻ എ പട്ടേൽ, നമൻ പുഷ്പക്, ഡി. ദീപേഷ്, ഹെനിൽ പട്ടേൽ, കിഷൻ കുമാർ സിങ്, ഉദ്ധവ് മോഹൻ, ആരോൺ ജോർജ്.

ട്വന്‍റി20, ഫസ്റ്റ് ക്ലാസ്, ലിസ്റ്റ് എ ക്രിറ്റിൽ സെഞ്ച്വറി നേടിയ പ്രായം കുറഞ്ഞ താരങ്ങൾ;

1. ആയുഷ് മാത്രെ (18 വർഷവും 135 ദിവസവും)

2. രോഹിത് ശർമ (19 വർഷവും 339 ദിവസവും)

3. ഉൻമുക്ത് ചന്ദ് (20 വയസ്സ്)

4. ക്വിന്‍റൺ ഡി കോക്ക് (20 വർഷവും 62 ദിവസവും)

5. അഹ്മദ് ഷെഹ്സാദ് (20 വർഷവും 97 ദിവസവും)



© Madhyamam