
മുംബൈ: അടുത്ത വർഷം ഫെബ്രുവരി-മാർച്ച് മാസങ്ങളിലായി നടക്കുന്ന ട്വന്റി20 ലോകകപ്പ് ടൂർണമെന്റിൽ കിരീടം നിലനിർത്തുകയാണ് ഇന്ത്യയുടെ ലക്ഷ്യം. ട്വന്റി20 ക്രിക്കറ്റിൽ സൂര്യകുമാർ യാദവും സംഘവും തുടരുന്ന തകർപ്പൻ ഫോമാണ് ഇന്ത്യയുടെ പ്രതീക്ഷ.
ലോകകപ്പിന്റെ ഗ്രൂപ്പ് റൗണ്ടിൽ തന്നെ ചിരവൈരികളായ ഇന്ത്യയും പാകിസ്താനും പോരടിക്കുന്നുണ്ട്. ടൂർണമെന്റിന്റെ ഗ്രൂപ്പ് റൗണ്ടിൽ തന്നെ തീപാറും പോരാട്ടത്തിനാണ് ഇതോടെ കളമൊരുങ്ങിയത്. കഴിഞ്ഞ ഏഷ്യ കപ്പിൽ ഫൈനലിലടക്കം മൂന്നു തവണ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോഴും ജയം ഇന്ത്യക്കൊപ്പമായിരുന്നു. ഫെബ്രുവരി 15നാകും ലോകകപ്പിലെ ഇന്ത്യ-പാകിസ്താൻ മത്സരമെന്നാണ് പുറത്തുവരുന്ന വിവരം. കൊളംബോയിലെ ആർ. പ്രേമദാസ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയമാണ് മത്സരത്തിന് വേദിയാകുക. ടൂർണമെന്റിന് ആതിഥ്യം വഹിക്കുന്നത് ഇന്ത്യയാണെങ്കിലും പാകിസ്താന്റെ മത്സരങ്ങൾ നടക്കുന്നത് ശ്രീലങ്കിയിലാണ്.
യു.എ.ഇ, നെതർലൻഡ്സ്, നമീബിയ ഏന്നീ ടീമുകൾ ഉൾപ്പെടുന്ന ഗ്രൂപ്പിലാകും ഇന്ത്യയും പാകിസ്താനും. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ ഫെബ്രുവരി ഏഴിന് യു.എ.ഇക്കെതിരെയാകും ഇന്ത്യയുടെ ആദ്യ മത്സരമെന്നും ഇ.എസ്.പി.എൻ ക്രിക്ഇൻഫോ റിപ്പോർട്ട് ചെയ്യുന്നു. പിന്നാലെ ന്യൂഡൽഹിയിൽ ഫെബ്രുവരി 12ന് നമീബിയയുമായി ഏറ്റുമുട്ടും. അഹ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഫെബ്രുവരി 19ന് ഇന്ത്യ അവസാന ഗ്രൂപ്പ് റൗണ്ട് മത്സരത്തിൽ നെതർലൻഡ്സുമായി മത്സരിക്കും. ഇന്ത്യ സൂപ്പർ എട്ടിലേക്ക് യോഗ്യത നേടിയാൽ അഹ്മദാബാദ്, ചെന്നൈ, കൊൽക്കത്ത എന്നിവിടങ്ങളിലാകും മത്സരങ്ങൾ. സെമി ഫൈനൽ മുംബൈയിലും നടക്കും.
കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിലാണ് രണ്ടാമത്തെ സെമി ഫൈനൽ. പാകിസ്താൻ സെമിയിലേക്ക് യോഗ്യത നേടിയാൽ, മത്സരം കൊളംബോയിലേക്കോ, കാൻഡിയിലേക്കോ മാറ്റും. മാർച്ച് എട്ടിന് അഹ്മദാബാദിലാണ് ഫൈനൽ. പാകിസ്താൻ ഫൈനലിലെത്തിയാൽ മത്സരം കൊളംബോയിലാണ് നടക്കുക. ഇന്ത്യയിലേക്ക് വരാൻ വിസ്സമതിച്ചതിനാൽ പാകിസ്താന്റെ മത്സരങ്ങൾ ഹൈബ്രിഡ് മോഡലിൽ ശ്രീലങ്കയിലാണ് നടക്കുന്നത്. അതേസമയം, ഏഷ്യ കപ്പിലെ വിവാദം ഇതുവരെ കെട്ടടങ്ങിയിട്ടില്ല. ഫൈനലിൽ പാകിസ്താനെ തോൽപിച്ച് ഇന്ത്യ ജേതാക്കളായെങ്കിലും ട്രോഫി ഇതുവരെ ഇന്ത്യക്ക് കൈമാറിയിട്ടില്ല.
ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (എ.സി.സി) തലവനും പാകിസ്താൻ ആഭ്യന്തര മന്ത്രിയുമായ മുഹ്സിൻ നഖ്വിയിൽനിന്ന് കിരീടം സ്വീകരിക്കില്ലെന്ന് അറിയിച്ചതോടെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറുന്നത്. ഇന്ത്യൻ താരങ്ങൾ വ്യക്തിഗത അവാർഡുകൾ മാത്രമാണ് സ്വീകരിച്ചത്. ഇതോടെ ജേതാക്കൾക്കുള്ള കിരീടവും മെഡലുമായി നഖ്വി താമസിക്കുന്ന ഹോട്ടലിലേക്ക് പോയി. ഒടുവിൽ കിരീടമില്ലാതെയാണ് ഇന്ത്യൻ താരങ്ങൾ വിജയാഘോഷം നടത്തിയത്.
ദുബൈ സ്പോർട്സ് സിറ്റിയിലുള്ള എ.സി.സി ആസ്ഥാനത്തുള്ള കിരീടം തന്റെ അറിവോ, സമ്മതമോ ഇല്ലാതെ കൈമാറരുതെന്ന് അദ്ദേഹം ബന്ധപ്പെട്ടവർക്ക് കർശന നിർദേശം നൽകിയിട്ടുണ്ട്. ഇതിനെതിരെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിനെ സമീപിച്ചിരിക്കുകയാണ് ബി.സി.സി.ഐ. പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ടോസിനിടെ ഇന്ത്യൻ നായകൻ പാകിസ്താൻ നായകന് ഹസ്തദാനം നൽകുകയോ, മത്സരശേഷം കളിക്കാർ തമ്മിലുള്ള കൈകൊടുക്കലോ ഉണ്ടായിരുന്നില്ല.
