ലണ്ടൻ: ലോകകപ്പിന് നേരത്തെ യോഗ്യത ഉറപ്പിച്ച ഇംഗ്ലണ്ടിന്റെ ഗെയിം പ്ലാനിൽ മുന്നിൽ തന്നെയുണ്ട് ജൂഡ് ബെല്ലിങ് ഹാം. വിങ്ങിലൂടെ കുതിച്ച് പാഞ്ഞ് അവസരങ്ങൾ ഒരുക്കിയും േപ്ല മേക്കർ എന്ന നിലയിലും ക്ലബ് ഫുട്ബാളിലും ദേശീയ ടീമിലും മിന്നും ഫോമിലുള്ള ബെല്ലിങ്ഹാമിന്റെ ചൂടൻ സ്വഭാവവും ആരാധകർക്കിടയിൽ ചർച്ചയാണ്.
ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ഇംഗ്ലണ്ടിന്റെ അവസാന മത്സരത്തിനു പിന്നാലെയും മാധ്യമങ്ങളിൽ നിറയുന്നത് ഇതു തന്നെ. അൽബേനിയക്കെതിരെ 2-0ത്തിന് ടീം ജയിച്ച മത്സരമായിരുന്നു കോച്ചും ബെല്ലിങ്ഹാമും തമ്മിലെ ചൂടൻ രംഗംകൊണ്ട് ശ്രദ്ധേയമായത്. ഹാരികെയ്ൻ നേടിയ ഇരട്ട ഗോളിൽ ഇംഗ്ലണ്ട് ജയിച്ചപ്പോൾ, ഇംഗ്ലീഷ് മാധ്യമങ്ങളിൽ നിറയുന്നത് മത്സരത്തിനിടെ സബ്സ്റ്റിറ്റ്യൂട്ട് ചെയ്ത ബെല്ലിങ്ഹാമിന്റെ പെരുമാറ്റമാണ്. കളിക്കു പിന്നാലെ ബെല്ലിങ്ഹാമിനെ തിരുത്തിയും ഉപദേശിച്ചും കോച്ച് തോമസ് തുഹെലും രംഗത്തെത്തി. കളിയുടെ 80ാം മിനിറ്റിൽ ബെല്ലിങ്ഹാമിന് മഞ്ഞകാർഡ് കണ്ടതിനു പിന്നാലെയായിരുന്നു കോച്ച് തുഹെൽ തിരക്കിട്ട് സബ്സ്റ്റിറ്റ്യൂട്ട് ചെയ്തത്.
പകരക്കാരനായ മോർഗൻ റോജേഴ്സ് കളത്തിലിറങ്ങാൻ തയ്യാറായി ടച്ച് ലൈനിന് പുറത്ത് നിൽക്കുമ്പോഴും കൈകൾ ഉയർത്തി കോച്ചിന്റെ തീരുമാനത്തോട് പ്രതിഷേധിക്കുകയായിരുന്നു ബെല്ലിങ്ഹാം. എന്നാൽ, കോച്ചിന്റെ അനിവാര്യമായ തീരുമാനത്തോടുള്ള പ്രതിഷേധം മാധ്യമങ്ങളിൽ വലിയ ചർച്ചയായി.
വാർത്താ സമ്മേളനത്തിൽ താരത്തിന്റെ പെരുമാറ്റം സംബന്ധിച്ച് കോച്ച് തുഹലും പ്രതികരിച്ചു. തീരുമാനം ഉൾകൊള്ളുകയും, സഹതാരങ്ങളോട് ബഹുമാനം കാണിക്കുകയും ചെയ്യണമെന്നായിരുന്നു കോച്ചിന്റെ വാക്കുകൾ. ‘തീരുമാനം താരം ഉൾകൊള്ളണം. അദ്ദേഹത്തിന്റെ സുഹൃത്ത് സൈഡ് ലൈനിൽ കാത്തിരിക്കുന്നുണ്ടായിരുന്നു. തീരുമാനം ഉൾകൊള്ളുകയും ബഹുമാനിക്കുകയുമാണ് വേണ്ടത്. വിഷയം പരിശോധിക്കുമെന്നും കോച്ച് പറഞ്ഞു.
ടീമിന്റെ പ്രകടനത്തെ കോച്ച് പ്രശംസിച്ചു. ഗ്രൂപ്പ് ‘െക’യിൽ നിന്നും എട്ടിൽ എട്ട് കളിയും ജയിച്ച ഇംഗ്ലണ്ട് ഒരു ഗോൾ പോലും വഴങ്ങിയിട്ടുമില്ല.
