
ദോഹ: ഏഷ്യ കപ്പ് റൈസിങ് സ്റ്റാർസ് ടൂർണമെന്റിലെ വാശിയേറിയ ഇന്ത്യ-പാക് മത്സരം ഇന്ന്. ദോഹയിൽ ഏഷ്യൻ ടൗണിലെ വെസ്റ്റ് എൻഡ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വൈകീട്ട് 5.30നാണ് (ഇന്ത്യൻ സമയം രാത്രി എട്ടിന്) മത്സരങ്ങൾ നടക്കുക. കഴിഞ്ഞദിവസം യു.എ.ഇക്കെതിരായ കളിയിൽ ഇന്ത്യ എ 148 റൺസിന്റെ ജയം സ്വന്തമാക്കിയിരുന്നു. മത്സരത്തിൽ വേഗമേറിയ രണ്ടാമത്തെ സെഞ്ച്വറി വൈഭവ് സൂര്യവംശി സ്വന്തമാക്കിയിരുന്നു. 42 പന്തിൽ 144 റൺസാണ് കൗമാര വെടിക്കെട്ട് ബാറ്റർ അടിച്ചുകൂട്ടിയത്.
15 സിക്സും 11 ഫോറും വൈഭവിന്റെ വെടിക്കെട്ടിന് മാറ്റുകൂട്ടി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എ ടീം നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റിന് 297 റൺസാണ് അടിച്ചുകൂട്ടിയത്. യു.എ.ഇയുടെ മറുപടി 20 ഓവറിൽ ഏഴിന് 149ൽ അവസാനിച്ചു.
ക്യാപ്റ്റൻ ജിതേഷ് ശർമ 32 പന്തിൽ 83 റൺസുമായി പുറത്താകാതെ നിന്നു. ഓപണർ പ്രിയാൻഷ് ആര്യ 10ഉം നമൻ ധിർ 34ഉം നെഹാൽ വധേര 14ഉം റൺസെടുത്ത് മടങ്ങി. 13ാം ഓവറിൽ വൈഭവ് വീഴുമ്പോൾ സ്കോർ 195ലെത്തിയിരുന്നു. 63 റൺസെടുത്ത ശുഐബ് ഖാനാണ് യു.എ.ഇയുടെ ടോപ് സ്കോറർ. ഇന്ത്യക്കായി ഗുർജപ്പീത് സിങ് മൂന്നും ഹർഷ് ദുബെ രണ്ടും വിക്കറ്റെടുത്തു.
ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ ഖത്തർ ക്രിക്കറ്റ് അസോസിയേഷനുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ടി20 ടൂർണമെന്റിൽ ഇന്ത്യ, പാകിസ്താൻ, ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ അടക്കമുള്ള രാജ്യങ്ങളുടെ എ ടീമുകളും ഒമാൻ, യു.എ.ഇ, ഹോങ്കോങ് അടക്കമുള്ള രാജ്യങ്ങളുടെ പ്രധാന ടീമുകളുമാണ് മാറ്റുരക്കുന്നത്. ഇന്ത്യ, ഒമാൻ, പാകിസ്താൻ, യു.എ.ഇ എന്നിവർ ഗ്രൂപ് ബിയിലാണ് ഏറ്റുമുട്ടുന്നത്.
നവംബർ 18ന് ഇന്ത്യ എ ടീമും ഒമാനും തമ്മിലുള്ള മത്സരം നടക്കും. നവംബർ 21ന് സെമി ഫൈനലും 23ന് ഫൈനലും നടക്കും.
