ചാമ്പ്യൻസ് ലീഗിൽ വിജയകുതിപ്പ് തുടർന്ന് മാഞ്ചസ്റ്റർ സിറ്റി

ചാമ്പ്യൻസ് ലീഗിൽ വിജയകുതിപ്പ് തുടർന്ന് മാഞ്ചസ്റ്റർ സിറ്റി. ഒന്നിനെതിരെ നാല് ഗോളിന് ബൊറൂസിയ ഡോർട്ട്മുണ്ടിനെയാണ് മാഞ്ചസ്റ്റർ തകർത്ത് വിട്ടത്. ഫിൽ ഫോഡന്റെ ഇരട്ട ഗോൾ മികവിലാണ് സിറ്റിയുടെ ജയം. എർലിങ് ഹാലൻഡും സിറ്റിക്ക് വേണ്ടി ഗോൾ നേടി. വാൾഡർ ആന്റണിന്റെ വകയാണ് ഡോർട്ട്മുണ്ടിന്റെ ആശ്വാസഗോൾ.

ആദ്യം പത്ത് മിനിറ്റിൽ കളിക്കളത്തിൽ മാഞ്ചസ്റ്റർ സിറ്റിയുടെ ആധിപത്യമ​ല്ല കണ്ടത്. പതിയെ തുടങ്ങുന്ന ശൈലിയായിരുന്നു ഇക്കുറി സിറ്റിയുടേത്. എന്നാൽ, ഫിൽ ഫോഡന്റെ കാലിൽ പന്ത് കിട്ടിയതോടെ കഥമാറി. 22ാം മിനിറ്റിൽ ടിജ്ജാനി റെയ്ജണ്ടേഴ്സിൽ നിന്നും പന്ത് സ്വീകരിച്ച് മുന്നേറിയ ഫിൽ ഫോഡൻ പിഴവുകളില്ലാതെ അത് ഫിനിഷ് ചെയ്തു. ഇതോടെ മാഞ്ചസ്റ്റർ ഒരു ഗോളിന് മുന്നിലെത്തി.

ഫോഡന്റെ ഗോൾ വന്ന് മിനിറ്റുകൾക്കകം തന്നെ സിറ്റിയുടെ ​രണ്ടാം ഗോളും വന്നു. ഇക്കുറി ഹാലൻഡിന്റെ വകയായിരുന്നു ഗോൾ. ബോക്സിന്റെ ​മധ്യഭാഗത്ത് നിന്ന് തൊടുത്ത ഷോട്ട് പിഴവുകളില്ലാതെ വലയിലെത്തി. രണ്ടാം പകുതിയിലെ ഫിൽ ഫോഡന്റെ ഗോൾ കുറച്ച് കൂടി മികച്ചതായിരുന്നു. പെനാൽറ്റി ഏരിയയിൽ നിന്നും പാസ് സ്വീകരിച്ച് മൂന്ന് ഡോർട്ട്മുണ്ട് പ്രതിരോധനിരക്കാരെ മറികടന്നായിരുന്നു ഫോഡന്റെ രണ്ടാം ഗോൾ.

72ാം മിനിറ്റിലാണ് ബൊറൂസിയ ഡോർട്ട്മുണ്ടിന്റെ ആശ്വാസഗോൾ വന്നത്. ജൂലിയൻ റെയ്സണിന്റെ ക്രോസിൽ നിന്ന് വാൾഡെമർ ആന്റനാണ് ഗോൾ നേടിയത്. എന്നാൽ, ഇതിന് ശേഷം മാഞ്ചസ്റ്റർ വലകുലുക്കാൻ ബൊറുസിയക്ക് കഴിഞ്ഞില്ല. ഒടുവിൽ ഇൻജുറി ടൈമിൽ ഒരു ഗോൾ കൂടി നേടി മാഞ്ചസ്റ്റർ പട്ടിക പൂർത്തിയാക്കി.

ഇതോടെ നാല് മത്സരങ്ങളിൽ മൂന്ന് ജയവും ഒരു സമനിലയുമായി 10 പോയിന്റോടെ പോയിന്റ് പട്ടികയിൽ നാലാമതാണ് മാഞ്ചസ്റ്റർ സിറ്റി. കഴിഞ്ഞ ദിവസം നടന്ന മറ്റൊരു മത്സരത്തിൽ ചെൽസി സമനില വഴങ്ങി. ക്വാരബാഗ് എഫ്.കെയോടാണ് ചെൽസി സമനില വഴങ്ങിയത്.



© Madhyamam