രണ്ടടിച്ച് എംബുമോ, മൂന്നാം ജയവുമായി യുനൈറ്റഡ് നാലാമത്; ചെൽസിയെ ഞെട്ടിച്ച് ‘വണ്ടർലാൻഡ്’

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തുടർച്ചയായ മൂന്നാം ജയവുമായി മാഞ്ചസ്റ്റർ യുനൈറ്റഡ് നാലാമത്. സ്വന്തം തട്ടകമായ ഓൾഡ് ട്രാഫോർഡിൽ നടന്ന മത്സരത്തിൽ ബ്രൈറ്റണെ രണ്ടിനെതിരെ നാലു ഗോളുകൾക്കാണ് യുനൈറ്റഡ് വീഴ്ത്തിയത്.

ബ്രയാൻ എംബുമോ ഇരട്ടഗോളുമായി തിളങ്ങി. 61, 90+7 മിനിറ്റുകളിലായിരുന്നു താരത്തിന്‍റെ ഗോളുകൾ. ബ്രസീൽ താരങ്ങളായ മാത്യൂസ് കുൻഹ, കാസെമിറോ എന്നിവരും യുനൈറ്റഡിനായി വലകുലുക്കി. ഡാനി വെൽബെക്ക് (74), ചരലാമ്പോസ് കൊസ്റ്റൗലാസ് (90+2) എന്നിവരാണ് ബ്രൈറ്റണിന്‍റെ ഗോളുകൾ നേടിയത്. അതേസമയം, നാലാം മിനിറ്റിൽ ഗോളടിച്ച് വലിയ തുടക്കം കുറിച്ചിട്ടും ഇരുപകുതികളിലായി വഴങ്ങിയ രണ്ടു ഗോളുകളിൽ സ്വന്തം കളിമുറ്റത്ത് സണ്ടർലാൻഡിനോട് ചെൽസി ഞെട്ടിക്കുന്ന തോൽവി വഴങ്ങി.

ജയത്തോടെ പോയിന്റ് പട്ടികയിൽ രണ്ടാമതെത്താനും സണ്ടർലാൻഡിനായി. നിയന്ത്രണത്തിലും പന്തടക്കത്തിലും ബഹുദൂരം മുന്നിൽനിന്നിട്ടും ഗോൾവലക്ക് മുന്നിൽ പകച്ചുപോയതാണ് നീലക്കുപ്പായക്കാർക്ക് വില്ലനായത്. പെഡ്രോ നെറ്റോയുടെ അസിസ്റ്റിൽ ഗർണാച്ചോ ചെൽസിയെ മുന്നിലെത്തിച്ചു. 22ാം മിനിറ്റിൽ ഇസിഡർ നേടിയ ഗോളിൽ ഒപ്പംപിടിച്ച സണ്ടർലാൻഡ് അവസാന വിസിലിന് തൊട്ടുമുമ്പ് തൽബിയുടെ ഗോളിൽ മുഴുവൻ പോയിന്റും പോക്കറ്റിലാക്കുകയായിരുന്നു.

മറ്റൊരു മത്സരത്തിൽ ന്യൂകാസിൽ 2-1ന് ഫുൾഹാമിനെ വീഴ്ത്തി. ന്യൂകാസിലിനായി മർഫിയും ഗ്വിമെറസും വല കുലുക്കിയപ്പോൾ ലൂക്കിച് ഫുൾഹാമിന്റെ ആശ്വാസ ഗോൾ നേടി.



© Madhyamam