റിയാദ്: സലിം അൽ ദോസരിയുടെ കരണം മറിയൽ ആഘോഷവും, അട്ടിമറി തോൽവിയുടെ ആഘാതത്തിൽ നിന്ന് അർജന്റീനയുടെ ഉയിർത്തെഴുന്നേൽപുമെല്ലാം സമ്മാനിച്ച് ആരാധക ഹൃദയങ്ങളിൽ ത്രസിപ്പിക്കുന്ന ഓർമകൾ നൽകിയ സൗദി അറേബ്യ 2026 ലോകകപ്പിനുമെത്തുന്നു.
ഏഷ്യൻ യോഗ്യതയുടെ നാലാം റൗണ്ടിലെ ജീവന്മരണ പോരാട്ടവും കടന്ന് ഖത്തറും സൗദി അറേബ്യയും വീണ്ടും ലോകകപ്പിന് യോഗ്യത നേടുമ്പോൾ, 2022 ലോകകപ്പിന്റെ തനി ആവർത്തനം 2026 അമേരിക്ക, കാനഡ, മെക്സികോ ലോകകപ്പിലും ആവർത്തിക്കും. ഏഷ്യയിൽ നിന്നും യോഗ്യത നേടിയ എട്ട് ടീമുകളിൽ ഗൾഫ് രാജ്യങ്ങളുടെ പ്രതിനിധികൾ കൂടിയായി ഇരു രാജ്യങ്ങളും.
യോഗ്യതാ മോഹവുമായിറങ്ങിയ യു.എ.ഇയെ വീറുറ്റ മത്സരത്തിൽ 2-1ന് വീഴ്ത്തിയായിരുന്നു ഖത്തറിന്റെ യാത്ര. നാലാം റൗണ്ടിലെ ഗ്രൂപ്പ് ‘എ’ അങ്കത്തിൽ സൗദി അറേബ്യ, ഇറാഖിനെ സമനിലയിൽ തളച്ചു. ആദ്യ മത്സരത്തിൽ ഇന്തോനേഷ്യയെ 3-2ന് തോൽപിച്ച സൗദി അറേബ്യയും, ഇറാഖും (1-0) മൂന്ന് പോയന്റുമായാണ് മുഖാമുഖമെത്തിയത്. ജിദ്ദയിൽ നടന്ന അങ്കത്തിൽ പ്രബല ശക്തികൾ ഗോൾരഹിത സമനിലയിൽ പിരിഞ്ഞപ്പോൾ ഗോൾ വ്യത്യാസത്തിന്റെ ആനുകൂല്ല്യം സൗദിക്ക് തുണയായി.
ഗ്രൂപ്പ് ജേതാക്കളായാണ് ഇരു ടീമുകളും ഏഷ്യയിൽ നിന്നും ഏഴും എട്ടും ടീമുകളായി ലോകകപ്പിലേക്ക് യോഗ്യത നേടിയത്.
ജപ്പാൻ, ഇറാൻ, ഉസ്ബെകിസ്താൻ, ദക്ഷിണ കൊറിയ, ജോർഡൻ, ആസ്ട്രേലിയ ടീമുകളാണ് ഇതിനകം ഏഷ്യയിൽ നിന്നും ടിക്കറ്റ് സ്വന്തമാക്കിയത്.
ഖത്തറിന് തുടർച്ചയായ രണ്ടാം ലോകകപ്പാണെങ്കിൽ, സൗദിക്ക് എട്ടാം ലോകകപ്പ് യോഗ്യതയാണിത്.
യു.എ.ഇക്ക് ഇനിയും പ്രതീക്ഷ; കടമ്പകളേറെ
ഖത്തറിനെതിരായ മത്സരത്തിൽ വഴങ്ങിയ തോൽവിയിലൂടെ നേരിട്ടുള്ള യോഗ്യത നഷ്ടമായെങ്കിലും യു.എ.ഇക്ക് ഇനിയും പ്രതീക്ഷയുണ്ട്. അഞ്ചാം റൗണ്ടിൽ കഴിഞ്ഞ ഗ്രൂപ്പ് റൗണ്ടിലെ രണ്ടാം സ്ഥാനക്കാരെന്ന നിലയിൽ യു.എ.ഇയും ഇറാഖും നവംബറിൽ ഏറ്റുമുട്ടും. ഇതിൽ വിജയിക്കുന്നവർക്ക് ആറ് ടീമുകൾ മാറ്റുരക്കുന്ന ഇന്റർകോണ്ടിനെന്റൽ േപ്ല ഓഫിന് യോഗ്യത നേടാം. ആഫ്രിക്കൻ മേഖലയിൽ നിന്ന് ഒന്ന്, കോൺകകാഫിലെ രണ്ട്, തെക്കനമേരിക്കയിൽ നിന്ന് ബൊളീവിയ, ഓഷ്യാനിയയിൽ നിന്ന് ന്യൂകാലിഡോണിയ ടീമുകൾ മാറ്റുരക്കുന്ന ഇന്റർകോണ്ടിനെന്റൽ േപ്ലഓഫിൽ രണ്ട് ടിക്കറ്റുകളാണുള്ളത്. ഇവയിൽ ഒന്ന് സ്വന്തമാക്കി ലോകകപ്പിലെത്താൻ യു.എ.ഇക്ക് കാത്തിരിക്കാം.