ഫുട്ബാളിൽ പുതുചരിത്രമെഴുതി ആഫ്രിക്കൻ ദ്വീപ് രാജ്യമായ കേപ് വെർഡെ. ഫിഫ ലോകകപ്പിന് യോഗ്യത നേടുന്ന ഏറ്റവും ചെറിയ രണ്ടാമത്തെ മാത്രം രാജ്യമെന്ന നേട്ടമാണ് ഈ കുഞ്ഞുരാജ്യം സ്വന്തമാക്കിയത്.
ലോക ഭൂപടത്തിൽ സൂക്ഷിച്ചു നോക്കിയാൽ പോലും കണ്ണിൽപ്പെടാതെ, മധ്യ അറ്റ്ലാന്‍റിക് സമുദ്രത്തിൽ ആഫ്രിക്കയുടെ പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ഈ ദ്വീപ സമൂഹത്തിലെ ജനസംഖ്യ അഞ്ചു ലക്ഷം മാത്രമാണ്. റഷ്യയിൽ നടന്ന 2018 ലോകകപ്പിൽ കളിച്ച ഐസ്‌ലൻഡാണ് ഏറ്റവും ചെറിയ രാജ്യം. ആഫ്രിക്കൻ മേഖല ലോകകപ്പ് യോഗ്യത റൗണ്ടിൽ ഗ്രൂപ്പ് ഡിയിൽ കരുത്തരായ കാമറൂണിനെ മറികടന്ന് ഗ്രൂപ്പ് ചാമ്പ്യന്മാരായി രാജകീയമായാണ് കേപ് വേർഡെ ആദ്യമായി ലോകകപ്പ് കളിക്കാനെത്തുന്നത്. 10 മത്സരങ്ങളിൽനിന്ന് ഏഴു ജയവും രണ്ടു സമനിലയും ഒരു തോൽവിയുമായി 23 പോയന്‍റുമായാണ് ലോകകപ്പ് പോരാട്ടത്തിന് ടിക്കറ്റ് ഉറപ്പിച്ചത്.
സ്വന്തം കാണികൾക്കു മുമ്പിൽ നടന്ന നിർണായക മത്സരത്തിൽ എസ്വാറ്റിനിയെ മറുപടിയില്ലാത്ത മൂന്നു ഗോളുകൾക്കാണ് കേപ് വെർഡെ തകർത്തത്. ഡെയ്‌ലോൺ ലിവ്‌റമെന്‍റോ (48ാം മിനിറ്റിൽ), വില്ലി സെമെഡോ (54), സ്റ്റോപ്പിറ (90+1) എന്നിവരാണ് ടീമിനായി വലകുലുക്കിയത്. കാമറൂണും നൈജീരിയയും ഉൾപ്പെടെയുള്ള വമ്പൻമാർ ആഫ്രിക്കയിൽനിന്ന് ലോകകപ്പ് എൻട്രിക്കായി കാത്തുനിൽക്കുകയാണ്. ബ്ലൂ ഷാർക്സ് എന്നാണ് ഫിഫ റാങ്കിങ്ങിൽ നിലവിൽ 70ാം സ്ഥാനത്തുള്ള കേപ് വെർഡെയുടെ വിളിപ്പേര്.
1975 വരെ പോർചുഗലിന്റെ കോളനിയായിരുന്ന കേപ് വെർഡെ ആഫ്രിക്കയിൽനിന്ന് ലോകകപ്പ് യോഗ്യത ഉറപ്പിക്കുന്ന ആറാമത്തെ രാജ്യവും മൂന്നാമത്തെ നവാഗതരുമാണ്. ഏഷ്യയിൽ നിന്ന് യോഗ്യത ഉറപ്പിച്ച ഉസ്ബെക്കിസ്ഥാനും ജോർദാനുമാണ് മറ്റു നവാഗതർ. 2002ലെ ജപ്പാൻ കൊറിയ ലോകകപ്പ് യോഗ്യത റൗണ്ടിലാണ് ആദ്യമായി കളിക്കുന്നത്. കഴിഞ്ഞമാസം നാട്ടിൽ നടന്ന മത്സരത്തിൽ കാമറൂണിനെ ഏകപക്ഷീയമായ ഒരു ഗോളിന് വീഴ്ത്തിയാണ് ഗ്രൂപ്പ് ഡിയിൽ കേപ് വെർഡെ പോൾ പൊസിഷനിലെത്തുന്നത്.
സ്പാനിഷ് ക്ലബ് വിയ്യാറയറിലെ പ്രതിരോധ താരം ലോഗൻ കോസ്റ്റ മാത്രമാണ് യൂറോപ്പിലെ ടോപ് ഫൈവ് ലീഗുകളിൽ കളിക്കുന്ന ഏക കേപ് വെർഡെ താരം. ക്യാപ്റ്റൻ റയാൻ മെൻഡസ് ഉൾപ്പെടെ മറ്റുള്ളവർ തുർക്കി, പോർചുഗൽ, സൈപ്രസ്, ഇസ്രായേൽ, ഹംഗറി, ബൾഗേറിയ, റഷ്യ, ഫിൻലൻഡ്, അയർലൻഡ്, റുമാനിയ, നെതർലൻഡ്സ്, യു.എസ്, ജർമനി, യു.എ.ഇ, സൗദി അറേബ്യ എന്നിവിടങ്ങളിലായി വിവിധ ക്ലബുകളിൽ കളിക്കുന്നവരാണ്. ചരിത്രത്തിലാദ്യമായി തന്‍റെ രാജ്യം ലോകകപ്പിനു യോഗ്യത നേടുമ്പോഴുള്ള കൂട്ടാനന്ദം നേരിട്ടുകാണാൻ കേപ് വെർഡെ പ്രസിഡന്‍റ് ജോസ് മരിയയും സ്റ്റേഡിയത്തിലുണ്ടായിരുന്നു.