മഡ്രിഡ്: മുൻ സ്പാനിഷ് ഫുട്ബാളറും ഇന്റർ മയാമി താരവുമായ ജോർഡി ആൽബ കളിമതിയാക്കുന്നു. എം.എൽ.എസ് ക്ലബ് സീസൺ അവസാനിക്കുന്നതോടെ സജീവ ഫുട്ബാൾ കരിയറിനോട് വിടപറയുന്നതായി താരം പ്രഖ്യാപിച്ചു.
‘ജീവിതത്തിലെ ഏറ്റവും അർത്ഥവത്തായ അധ്യായം അവസാനിപ്പിക്കാനുള്ള നിമിഷം വന്നിരിക്കുന്നു. ഈ സീസൺ അവസാനത്തോടെ പ്രഫഷണൽ ഫുട്ബാൾ കരിയർ അവസാനിപ്പിക്കാൻ തീരുമാനിക്കുന്നു’ -വിരമിക്കൽ പ്രഖ്യാപനം നടത്തികൊണ്ട് ജോർഡി ആൽബ ഇൻസ്റ്റഗ്രാം പോസ്റ്റിൽ കുറിച്ചു.
സ്പാനിഷ് ജഴ്സണിഞ്ഞ് പ്രതിരോധ നിരയിൽ ഒരു പതിറ്റാണ്ടിലേറെ കാലം തലയുയർത്തി നന്ന ആൽബ, ബാഴ്സലോണയിലെ സമ്പന്നമായ കരിയറിനൊടുവിൽ 2023ലാണ് ലയണൽ മെസ്സിക്ക് കൂട്ടായി ഇന്റർ മയാമിയിലേക്ക് കൂടു മാറുന്നത്. 2011 മുതൽ 2023 വരെ നീണ്ടു നിന്ന സ്പാനിഷ് ടീമിലെ ദൗത്യം പൂർത്തിയാക്കി ശേഷം അമേരിക്കയിലും മികച്ച കളിക്കാലം സമ്മാനിച്ചുകൊണ്ടാണ് 36ാം വയസ്സിൽ ബൂട്ടഴിക്കാൻ തീരുമാനിക്കുന്നത്.
കഴിഞ്ഞ കാലങ്ങളിൽ മെസ്സിക്കും സെർജിയോ ബുസ്ക്വറ്റ്സിനുമൊപ്പം ബാഴ്സലോണയിലെ പ്രകടനം വീണ്ടും അമേരിക്കയിൽ ആവർത്തിച്ചാണ് കരിയർ അവസാനിപ്പിക്കുന്നത്. ഈ വർഷം മേയിൽ 2027 വരെ കരാർ ദീർഘിപ്പിച്ചിരുന്നുവെങ്കിലും സീസൺ അവസാനത്തോടെ കളിമതിയാക്കാനുള്ള തീരുമാനം അറിയിക്കുകയായിരുന്നു. സെർജിയോ ബുസ്ക്വറ്റ്സും ഈ സീസണോടെ വിരമിക്കുന്നതായി നേരത്തെ പ്രഖ്യാപിച്ചിരുന്നു.
നിറഞ്ഞ സംതൃപ്തിയോടെയും സന്തോഷത്തോടെയുമാണ് വിരമിക്കൽ തീരുമാനമെടുക്കുന്നതെന്ന് താരം പറഞ്ഞു. എല്ലാ അഭിനിവേശത്തോടെയുമാണ് ഈ യാത്ര പൂർത്തിയാക്കുന്നത്. തീരുമാനമെടുക്കാനും പുതിയ ഘട്ടത്തിലേക്ക് പ്രവേശിക്കാനുമുള്ള ശരിയായ സമയമാണിത്. ഫുട്ബാൾ എനിക്ക് എല്ലാം തന്നു. എല്ലാ സഹതാരങ്ങൾക്കും, പരിശീലകർക്കും, ജീവനക്കാർക്കും, ക്ലബ് അധികൃതർക്കും, കഴിഞ്ഞ കാലങ്ങളിലെ എതിരാളികൾക്കും നന്ദി’ -അതിവൈകാരികമായ യാത്രയയപ്പ് വീഡിയോ സന്ദേശത്തിൽ ജോർഡി ആൽബ പറഞ്ഞു.
‘എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച ക്ലബ്ബായിരുന്നു ബാഴ്സലോണ. കുട്ടിക്കാലം മുതൽ കളി തുടങ്ങാനും വളർന്ന് വലുതാകാനും, കരിയറിന്റെ ഉന്നതിയിലെത്താനും അനുവദിച്ച ബാഴ്സലോണക്കൊപ്പമുള്ള ഒരു പതിറ്റാണ്ടിലേറെക്കാലം മറക്കാനാവാത്തതായിരുന്നു. സാധ്യമായ കിരീടങ്ങളെല്ലാം ക്ലബിനൊപ്പം നേടാനായി. സ്പാനിഷ് ദേശീയ ടീമിന്റെ ഭാഗമായി അഭിമാനം കൊള്ളാനും ഭാഗ്യമുണ്ടായി’ -ആൽബ പറഞ്ഞു. കുടുംബത്തിനും സുഹൃത്തുക്കൾക്കും ആരാധകർക്കും സഹതാരങ്ങൾക്കും നന്ദി പറഞ്ഞുകൊണ്ടാണ് ജോർഡി ആൽബ വിരമിക്കൽ പ്രഖ്യാപനം പൂർത്തിയാക്കുന്നത്.
സ്പാനിഷ് ടീമിനൊപ്പം യൂറോ കിരീടവും നാഷൻസ് ലീഗ് കിരീടവും നേടിയ താരം, ബാഴ്സലോണയിൽ 12 വർഷം നീണ്ട കരിയറിനുള്ളിൽ ആറ് ലീഗ് കിരീടവും, ഒരു യുവേഫ ചാമ്പ്യൻസ് ലീഗ്, ഫിഫ ക്ലബ് ലോകകപ്പ് കിരീടങ്ങളും ചൂടി.
2023ൽ ഇന്റർ മയാമിയിലെത്തിയ ശേഷം മൂന്ന് സീസണുകളിലായി 63 മത്സരങ്ങളിൽ നിന്നായി 10 ഗോളും 27 അസിസ്റ്റും സ്വന്തമാക്കി. ബാഴ്സലോണയിലെ 11സീസൺ ഉൾപ്പെടെ 16 വർഷത്തെ പ്രഫഷണൽ കരിയറിനാണ് താരം ഫുൾ സ്റ്റോപ്പിടുന്നത്. ക്ലബുകളിലും ദേശീയ ടീമിലുമായി 605 മത്സരങ്ങളിൽ ബൂട്ടണിഞ്ഞു.