ന്യൂയോർക്ക്: സുരക്ഷാ ഭീഷണിയുള്ള നഗരങ്ങളിൽ നിന്നും 2026 ലോകകപ്പ് വേദി മാറ്റുന്നത് പരിഗണിക്കുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസ്താവന തള്ളി അന്താരാഷ്ട്ര ഫുട്ബാൾ ഭരണസമിതിയായ ഫിഫ.
അമേരിക്കയിലെ ആഭ്യന്തര രാഷ്ട്രീയത്തിലെ പകപോക്കലിന്റെ ഭാഗമായി ഡെമോക്രാറ്റുകളുടെ നിയന്ത്രണത്തിലുള്ള നഗരങ്ങളിലെ ലോകകപ്പ് വേദിയുമായി ബന്ധപ്പെട്ട് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉയർത്തിയ ഭീഷണിയാണ് ഫിഫ ശക്തമായ ഭാഷയിൽ തള്ളിയത്.
ട്രംപ് പറഞ്ഞതെന്ത്…?
ട്രംപിന്റെ കുടിയേറ്റ, കുറ്റകൃത്യ നയങ്ങളുമായി സഹകരിക്കാത്ത നഗരങ്ങളിൽ നിന്ന് മത്സരങ്ങൾ മാറ്റുന്നതിനെക്കുറിച്ച് ഓവൽ ഓഫീസിൽ ഉയർന്ന ചോദ്യത്തിനുള്ള പ്രതികരണമായാണ് ട്രംപിന്റെ വിവാദ മറുപടി.
‘ലോകകപ്പും ഒളിമ്പിക്സും നടത്താൻ സുരക്ഷയില്ലാത്ത നഗരങ്ങളിൽ മേള നടത്തുന്നത് വീണ്ടും ആലോചിക്കും. കുറേ വേദികളിലായാണ് അമേരിക്കയിൽ ലോകകപ്പ് നടക്കുന്നത്. ആതിഥേയത്വം സുരക്ഷിതമല്ലെന്ന് കരുതുന്നുവെങ്കിൽ, വേദി മറ്റൊരു നഗരത്തിലേക്ക് മാറ്റും’- ട്രംപ് പറഞ്ഞു.
അമേരിക്ക, മെക്സികോ, കാനഡ ഉൾപ്പെടെ മൂന്ന് രാജ്യങ്ങളിലായി നടക്കുന്ന 2026 ലോകകപ്പിന്റെ ഫൈനൽ ഉൾപ്പെടെ വേദികൾ അമേരിക്കയിലാണ്. ജൂലായ് 19ന് ന്യൂജഴ്സി മെറ്റ് ലൈഫ് സ്റ്റേഡിയത്തിലാണ് കിരീടപ്പോരാട്ടം. 11 അമേരിക്കൻ നഗരങ്ങളാണ് ഫിഫ ലോകകപ്പിന് വേദിയാകുന്നത്.
ട്രംപിന്റെ നയങ്ങളുമായി സഹരിക്കാത്ത ഡെമോക്രാറ്റ്സിന് മേൽകൈയുള്ള ഫ്രാൻസിസ്കോ, സിയാറ്റിൽ എന്നീ നഗരങ്ങളെയാണ് ട്രംപ് ലക്ഷ്യമിടുന്നതെന്ന് വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്തിരുന്നു. സാൻഫ്രാൻസിസ്കോയിലും സിയാറ്റിലിലും ആറ് മത്സരങ്ങളും ലോസാഞ്ചലസിൽ എട്ട് മത്സരങ്ങളുമാണ് നടക്കുന്നത്.
‘ഫുട്ബാൾ നിങ്ങളേക്കാൾ വലുതാണ്’; ട്രംപിനെ തള്ളി ഫിഫ
പന്തുരുളാൻ എട്ടു മാസം മാത്രം ബാക്കി നിൽക്കെ ടൂർണമെന്റ് വേദി മാറ്റുന്നത് സംബന്ധിച്ച് പ്രസ്താവന നടത്തിയ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് ശക്തമായ മറുപടിയുമായി ഫിഫ. ലോകകപ്പ് ഫുട്ബാൾ ഫിഫയുടെ ടൂർണമെന്റാണെന്ന് ഓർമിപ്പിച്ച ഫിഫ വൈസ് പ്രസിഡന്റ് വിക്ടർ മൊണ്ടാഗ്ലിയാനി, സംഘടിപ്പിക്കുന്നതും നിയന്ത്രിക്കുന്നതും ലോകഫുട്ബാൾ ബോഡിയായ ഫിഫ തന്നെയാണെന്നും വ്യക്തമാക്കി.
‘ഇത് ഫിഫയുടെ ടൂർണമെന്റാണ്. ഫിഫയുടെ അധികാരപരിധിയിലാണ്. തീരുമാനങ്ങളും ഫിഫയുടേതാണ്. നിലവിലെ ലോകനേതാക്കളോട് എല്ലാ ബഹുമാനവും നിലനിർത്തികൊണ്ട് പറയട്ടേ, ഫുട്ബാൾ അവരേക്കാൾ വലുതാണ്. അവരുടെ ഭരണകൂടത്തെയും സർക്കാറിനെയും മുദ്രാവാക്യങ്ങളെയും ഫുട്ബാൾ അതിജീവിക്കും.
അതാണ് ഫുട്ബാളിന്റെ ഭംഗി. ഏതൊരു വ്യക്തിയേക്കാളും രാജ്യത്തെക്കാളും വലുതാണ് ഫുട്ബാൾ’ -അമേരിക്കൻ ഫുട്ബാൾ ഫെഡറേഷൻ കൂടി ഉൾകൊള്ളുന്ന കോൺകകാഫ് പ്രസിഡന്റ് കൂടിയായ വിക്ടർ മൊൻറഗ്ലിയാനി പറഞ്ഞു.
കനേഡിയൻ ബിസിനസുകാരനായ വിക്ടർ നേരത്തെ ഫുട്ബാളറുമായിരുന്നു. 2012 മുതൽ കാനഡ ഫുട്ബാൾ അസോസിയേഷൻ പ്രസിഡന്റും, 2016 മുതൽ കോൺകകാഫ് പ്രസിഡന്റുമായി.