ലാഹോർ: ഇന്ത്യൻ ട്വന്റി 20 നായകൻ സൂര്യകുമാർ യാദവ് ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്റെ ഓഫീസിലെത്തി ഏഷ്യ കപ്പ് കിരീടം ഏറ്റുവാങ്ങണമെന്ന് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് തലവൻ മുഹ്സിൻ നഖ്‍വി. ഇന്ത്യക്ക് കൈമാറുന്നതിന് പകരം ട്രോഫി ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന് നൽകാമെന്ന് നഖ്‍വി സമ്മതിച്ചുവെന്നാണ് റിപ്പോർട്ട്. പാകിസ്താൻ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
എട്ട് ടീമുകൾ അണിനിരന്ന ടൂർണമെന്‍റിന്‍റെ ഫൈനലിൽ ഞായറാഴ്ചയാണ് ഇന്ത്യ പാകിസ്താനെ അഞ്ച് വിക്കറ്റിന് തോൽപ്പിച്ച് ജേതാക്കളായത്. മൈതാനത്തെ മത്സരം അവസാനിച്ചിട്ടും പുറത്തെ അധികാര മത്സരം തുടരുകയാണ്. എ.സി.സി ചെയർമാൻ എന്നതിനപ്പുറം, പാക് ക്രിക്കറ്റ് ബോർഡിന്‍റെ തലവനും പാകിസ്താൻ ആഭ്യന്തര മന്ത്രി കൂടിയാണ് നഖ്‌വി. ഇന്ത്യാ വിരുദ്ധ പരാമർശങ്ങളും സമൂഹമാധ്യമ പോസ്റ്റും നഖ്‌വിയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട്. ഇതോടെയാണ് ടീം ട്രോഫി സ്വീകരിക്കുന്നതിൽനിന്ന് വിട്ടുനിന്നത്. 45 മിനിറ്റ് വൈകി ആരംഭിച്ച പ്രസന്‍റേഷൻ സെറിമണിയിൽ, പാകിസ്താൻ ടീം റണ്ണറപ്പിനുള്ള ചെക്കും മെഡലുകളും സ്വീകരിച്ചിരുന്നു.
അതേസമയം ഏഷ്യ കപ്പിനു പിന്നാലെ വരുന്ന ഞായറാഴ്ച ഇന്ത്യയും പാകിസ്താനും വീണ്ടും ഏറ്റുമുട്ടുകയാണ്. ഇത്തവണ വേദി വനിതാ ഏകദിന ലോകകപ്പാണ്. ഇന്ത്യയിൽ കാലുകുത്തില്ലെന്ന് പാക് ക്രിക്കറ്റ് ബോർഡ് അറിയിച്ചതിനാൽ അവരുടെ മത്സരങ്ങൾക്ക് ശ്രീലങ്കയാണ് വേദിയാകുന്നത്. കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തിലാണ് ഞായറാഴ്ചത്തെ മത്സരം. ഏഷ്യ കപ്പിലെ വിവാദങ്ങൾക്കു പിന്നാലെ നടക്കുന്ന ടൂർണമെന്‍റിൽ സമാന നിലപാടു തന്നെയാകും ഇന്ത്യ ഇവിടെയും സ്വീകരിക്കുകയെന്ന റിപ്പോർട്ടാണ് പുറത്തുവരുന്നത്.
ഐ.സി.സി ടൂർണമെന്‍റായതിനാൽ പതിവായി തുടർന്നുപോരുന്ന ഹസ്തദാനമുൾപ്പെടെയുള്ള പ്രോട്ടോകാളുകൾ എല്ലാ മത്സരത്തിലും പിന്തുടരേണ്ടതായി വന്നേക്കാം. ടോസിനെത്തുമ്പോൾ ക്യാപ്റ്റന്മാരും മത്സരശേഷം എല്ലാ താരങ്ങളും കൈകൊടുത്തു പിരിയുന്നതാണ് പതിവ്. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഇക്കാര്യത്തിൽ ഇന്ത്യ സ്വീകരിക്കുന്ന നിലപാട് എന്താകുമെന്ന് ഇതുവരെ വ്യക്തമല്ല. ഇതുമായി ബന്ധപ്പെട്ട് ഹർമൻപ്രീത് കൗറിനും സംഘത്തിനും പ്രത്യേക നിർദേശങ്ങളൊന്നും നൽകിയിട്ടില്ലെന്നാണ് ബി.സി.സി.ഐ വൃത്തങ്ങൾ നൽകുന്ന സൂചന. ഐ.സി.സി ഇവന്‍റായതിനാൽ അന്തിമ നിമിഷങ്ങളിലാകും പ്രോട്ടോകാൾ സംബന്ധിച്ച ധാരണയിലെത്തുക.