ന്യൂഡൽഹി: മുൻ ഇന്ത്യൻ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് താരം മിഥുൻ മൻഹാസ് ബി.സി.സി.ഐ പ്രസിഡന്റാവും. ഡൽഹിയിൽ നടന്ന നിർണായക യോഗത്തിൽ മിഥുൻ മൻഹാസിന്റെ പേരിൽ നാമനിർദേശ പത്രിക നൽകാൻ തീരുമാനമായി. നിലവിൽ ജമ്മു ആന്റ് കശ്മീർ ക്രിക്കറ്റ് അസോസിയേഷന്റെ അഡ്മിനിസ്ട്രേറ്ററാണ് മിഥുൻ.
നേരത്തെ ദുലീപ് ട്രോഫി വടക്കൻ മേഖല കോർഡിനേറ്ററായും ഗുജറാത്ത് ടൈറ്റാൻസ് ഐ.പി.എൽ ടീമിന്റെ സപ്പോർട്ട് സ്റ്റാഫായും പ്രവർത്തിച്ചിട്ടുണ്ട്. 18 വർഷങ്ങളിലായി 157 ഫസ്റ്റ് ക്ളാസ് മാച്ചുകളിൽ നിന്ന് 9,714 റൺസ് കരസ്ഥമാക്കിയ മിഥുൻ ഇന്ത്യൻ ടീമിൽ കളിച്ചിട്ടില്ല.
ബി.സി.സി.ഐ പ്രസിഡന്റായിരുന്ന മുൻ ഓൾറൗണ്ടർ റോജർ ബിന്നി സ്ഥാനമൊഴിയുന്നതിനെ തുടർന്നാണ് പുതിയ തെരഞ്ഞെടുപ്പ്. പദവിയിൽ തുടരാനുള്ള പരമാവധി പ്രായമായ 70 പിന്നിട്ടതിന് പിന്നാലെയാണ് ബിന്നി കസേര വിടുന്നത്.
തികച്ചും അപ്രതീക്ഷിതമായായിരുന്നു പദവിയിലേക്ക് മിഥുൻ തെരഞ്ഞെടുക്കപ്പെടുന്നത്. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ ഹർഭജൻ സിങും രഘുറാം ഭട്ടുമടക്കമുള്ളവരുടെ പേരുകളായിരുന്നു അന്തിമഘട്ടത്തിലും അധ്യക്ഷ സ്ഥാനത്തേക്ക് മുഴങ്ങിക്കേട്ടത്.
അതേസമയം, ബി.സി.സി.ഐ സെക്രട്ടറിയായി ദേവജിത് സാകിയയും വൈസ് പ്രസിഡന്റ് സ്ഥാനത്ത് രാജീവ് ശുക്ലയും തുടരുമെന്നും റിപ്പോർട്ടുണ്ട്. കോൺഗ്രസ് എം.പി കൂടിയായ രാജീവ് ശുക്ല, ഇതിനകം പദവിയിൽ അഞ്ച് വർഷം പൂർത്തിയാക്കി.
ട്രഷറർ സ്ഥാനത്തേക്ക് രഘുറാം ഭട്ടിന്റെ പേര് സജീവ പരിഗണനയിലുണ്ട്. ഛത്തീസ്ഗഡ് ക്രിക്കറ്റ് സംഘത്തിൽ നിന്നുള്ള പ്രഭ്തേജ് സിംഗ് ഭാട്ടിയക്ക് ജോയിന്റ് സെക്രട്ടറി സ്ഥാനം ലഭിക്കുമെന്നും കരുതപ്പെടുന്നു.
ഐ.പി.എൽ ചെയർമാൻ സ്ഥാനത്ത് അരുൺ ധുമാൽ തുടരുമെന്ന് സൂചന. എങ്കിലും, ചെയർമാനാകുന്നതിന് മുമ്പ് മൂന്ന് വർഷം ട്രഷററായിരുന്നതുകൊണ്ടുതന്നെ ധുമാലിന് ഇടവേള നൽകണമോ എന്ന് പരിശോധിക്കാൻ ബി.സി.സി.ഐ അഭിഭാഷകരുമായി കൂടിയാലോചന നടത്തുന്നതായും വിവരമുണ്ട്.
അപെക്സ് കൗൺസിലിലേക്കും ഐ.പി.എൽ ഗവേണിംഗ് കൗൺസിലിലേക്കും പുതിയ തിരഞ്ഞെടുപ്പുകൾ നടത്താനും ബി.സി.സി.ഐ തീരുമാനിച്ചിട്ടുണ്ട്. മുൻ അധ്യക്ഷനായ നിരഞ്ജൻ ഷായുടെ മകൻ ജയദേവ് ഷാ അപെക്സ് കൗൺസിലിൽ ഇടം കണ്ടെത്തിയേക്കും. സൗരാഷ്ട്രയ്ക്ക് വേണ്ടി 120 ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ ഉൾപ്പെടുന്നതാണ് ജയദേവിന്റെ ക്രിക്കറ്റ് കരിയർ.
സെപ്റ്റംബർ 12 ആയിരുന്നു സംസ്ഥാന അസോസിയേഷനുകൾക്ക് പ്രതിനിധികളെ നാമനിർദ്ദേശം ചെയ്യാനുള്ള അവസാന തീയതി. സെപ്റ്റംബർ 23 നകം സ്ഥാനാർത്ഥികൾക്ക് പേര് പിൻവലിക്കാം, സെപ്റ്റംബർ 28 ന് തിരഞ്ഞെടുപ്പ് നടക്കും.