കൊച്ചി: ഇത്തവണത്തെ ഐ.എസ്.എൽ നടത്തിപ്പ് അനിശ്ചിതമായി നീളുന്നതിനിടെ മലയാളികളുടെ സ്വന്തം ഫുട്ബാൾ ക്ലബായ കേരള ബ്ലാസ്റ്റേഴ്സ് വിൽപനക്കൊരുങ്ങുന്നതായി സൂചന.
ക്ലബിന്‍റെ 100 ശതമാനം ഓഹരികളും വിൽക്കുന്നുവെന്നാണ് റിപ്പോർട്ട്. തെലങ്കാന ആസ്ഥാനമായുള്ള മാഗ്നം സ്പോർട്സ് ആണ് കെ.ബി.എഫ്.സിയുടെ ഉടമകൾ. കേരളത്തിലെ പ്രമുഖ വ്യവസായ ഗ്രൂപ്പ് ഉൾപ്പെടെ ബ്ലാസ്റ്റേഴ്സ് ഓഹരികൾ വാങ്ങാൻ തയാറാണെന്നാണ് റിപ്പോർട്ട്. എന്നാൽ ക്ലബ് വിൽക്കുന്നത് സംബന്ധിച്ച് മാനേജ്മന്‍റെ് പ്രതികരണം നടത്തിയിട്ടില്ല.
ഐ.എസ്.എൽ പ്രതിസന്ധിയിലായതിനെ തുടർന്ന് വിവിധ ക്ലബുകളും പ്രശ്നങ്ങളിലൂടെയാണ് കടന്നുപോകുന്നത്. കേരള ബ്ലാസ്റ്റേഴ്സിലുൾപ്പെടെ താരങ്ങളുടെയും സ്റ്റാഫിന്‍റെയും ശമ്പളം വെട്ടിക്കുറച്ചിരുന്നു. ഇതിനു പിന്നാലെയാണ്, ക്ലബ് വിൽക്കാനൊരുങ്ങുന്നുവെന്ന വാർത്തവരുന്നത്. ഇതിനിടെ അഭ്യൂഹം തള്ളി കായികമേഖലയിലെ പ്രമുഖരും രംഗത്തെത്തി. അഭ്യൂഹങ്ങളിൽ സത്യമില്ലെന്ന് ഖേൽ നൗ സഹസ്ഥാപകനും സി.ഇ.ഒയുമായ ആഷിഷ് നേഗി എക്സിൽ കുറിച്ചു. കേരള ബ്ലാസ്റ്റേഴ്സിനും മറ്റേതെങ്കിലും കമ്പനിക്കുമിടയിൽ ഇതുസംബന്ധിച്ച് ഔദ്യോഗിക ചർച്ച നടന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
2014ലാണ് കേരള ബ്ലാസ്റ്റേഴ്സ് രൂപം കൊണ്ടത്. മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെണ്ടുൽക്കറും പ്രസാദ് പൊട്ട്ലൂരിയുമായിരുന്നു ആദ്യ ഉടമകൾ. 2016ൽ വ്യവസായ പ്രമുഖനായ നിമ്മഗഡ്ഡ പ്രസാദ്, തെലുങ്ക് സിനിമയിലെ അതികായരായ ചിരഞ്ജീവി, നാഗാർജുന, അല്ലു അരവിന്ദ്(അല്ലു അർജുന്‍റെ പിതാവ്) എന്നിവരടങ്ങിയ കൺസോർട്യം ക്ലബിന്‍റെ 80 ശതമാനം ഓഹരികളും വാങ്ങിച്ചു. 2018ൽ സച്ചിൻ തന്‍റെ ബാക്കി 20 ശതമാനം ഓഹരിയും നൽകി ക്ലബ് വിട്ടു. പിന്നീട് കൺസോർട്യം മാഗ്നം സ്പോർട്സ് എന്ന പേര് മാറ്റുകയായിരുന്നു. നിമ്മഗഡ്ഡ പ്രസാദിന്‍റെ മകൻ നിഖിൽ ഭരദ്വാജാണ് കെ.ബി.എഫ്.സി ചെയർമാൻ.