ബാർസിലോണയുടെ താരം ഇൽക്കായ് ഗുണ്ടോഗനെ കുറിച്ച് വലിയ വാർത്തകളാണ് ഈയിടെയായി പുറത്തുവരുന്നത്. ക്ലബ് വിടുന്നതിനെ കുറിച്ച് നിരവധി ഗോസിപ്പുകൾ പരന്നിരുന്നു. എന്നാൽ ഇപ്പോൾ താരം തന്നെയാണ് തന്റെ ഭാവി സംബന്ധിച്ച് വ്യക്തത വരുത്തിയിരിക്കുന്നത്. എന്നാൽ ക്ലബ്ബുമായി ബന്ധപ്പെട്ടതല്ല ഇത്തവണത്തെ വാർത്ത.
33 കാരനായ താരം ജർമൻ ദേശീയ ടീമിലെ തന്റെ കരിയർ അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചിരിക്കുകയാണ്. 2011 മുതൽ തുടങ്ങിയ തന്റെ ദേശീയ ടീം ജഴ്സി ഇനി ധരിക്കില്ലെന്ന് ഇൻസ്റ്റാഗ്രാമിലൂടെയാണ് ഗുണ്ടോഗൻ അറിയിച്ചത്.
“പലതും ആലോചിച്ചതിനു ശേഷമാണ് ഈ തീരുമാനത്തിലെത്തുന്നത്. എന്റെ രാജ്യത്തിന് 82 മത്സരങ്ങൾ കളിച്ചത് വലിയ അഭിമാനമാണ്. 2011-ൽ ദേശീയ ടീമിൽ അരങ്ങേറിയപ്പോൾ ഇത്രയും കളിക്കുമെന്ന് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല.
ഈ ടീമിന് എപ്പോഴും പിന്തുണയുണ്ടാകും. മുന്നോട്ട് പോയി കൂടുതൽ ഉയരങ്ങളിലെത്തുമെന്ന് ഉറപ്പുണ്ട്. അങ്ങനെ വന്നാൽ 2026 ലെ ലോകകപ്പിൽ കിരീടത്തിനായി ശക്തമായി മത്സരിക്കാം. മികച്ച കോച്ചും താരങ്ങളും ടീം സ്പിരിറ്റും ഉള്ള ടീമാണിത്,” എന്നാണ് ഗുണ്ടോഗൻ കുറിച്ചത്.