യോഗ്യതക്കരികെ യമാൽ, എംബാപെ, ഹാലൻഡ്, റൊണാൾഡോ…; ഫുട്ബാൾ ലോകകപ്പിന് സൂപ്പർ താരങ്ങൾ

പാരിസ്: മൂന്ന് രാജ്യങ്ങളിലായി വേദിയുണരുന്ന അടുത്ത വർഷത്തെ ലോകകപ്പിൽ ഏതൊക്കെ രാജ്യങ്ങളെന്നതിനൊപ്പം പ്രധാനമാണ് താരങ്ങൾ ആരൊക്കെയാകുമെന്നതും. യൂറോപ്പിലെ ഗോൾ മെഷീനുകളായ എർലിങ് ഹാലൻഡും ക്രിസ്റ്റ്യാനോ റൊണാൾഡോയും കിലിയൻ എംബാപെയും ലമീൻ യമാലുമെല്ലാം ഇത്തവണ അമേരിക്കൻ വൻകരയിലെ പോരാട്ടങ്ങളിലേക്ക് ഏതാണ്ട് ടിക്കറ്റുറപ്പിച്ചവരാണ്. 12 ഗോളടിച്ചാണ് ഹാലൻഡ് നോർവേയുടെ യോഗ്യതക്ക് കരുത്ത് പകർന്നത്. വർഷങ്ങൾക്കിടെ ആദ്യമായാകും ടീം ലോകകപ്പ് കളിക്കുന്നത്. ഇതേ ഗ്രൂപ്പിലുള്ള നാലു തവണ ചാമ്പ്യന്മാരായ ഇറ്റലിയെ േപ്ലഓഫിലേക്ക് തള്ളിയാണ് നോർവേയുടെ രാജകീയ പ്രകടനം. ഇറ്റലി കഴിഞ്ഞ രണ്ട് തവണയും യോഗ്യത കാണാതെ പുറത്തായിരുന്നു. ജർമനിയും ഗ്രൂപ് ചാമ്പ്യന്മാരായി നേരിട്ട് യോഗ്യത കാണുമോയെന്ന് കണ്ടറിയണം.

വ്യാഴാഴ്ചയാണ് യൂറോപ്പിൽ ലോകകപ്പ് യോഗ്യത മത്സരങ്ങൾ വീണ്ടും ആരംഭിക്കുന്നത്. നിലവിൽ ഇംഗ്ലണ്ട് മാത്രമാണ് യോഗ്യത നേടിയവർ. നേരിട്ട് യോഗ്യത ഉറപ്പാക്കുന്ന 11 ടീമുകളെ കൂടി ദിവസങ്ങൾക്കുള്ളിൽ അറിയാം. അവശേഷിച്ച നാലു ടീമുകൾ മാർച്ചിൽ േപ്ലഓഫ് കളിച്ചുവേണം എത്താൻ. കഴിഞ്ഞ രണ്ട് ലോകകപ്പുകളിലും യൂറോപ്പിന് 13 ടീമുകളായിരുന്നത് ഇത്തവണ 16 ആയിട്ടുണ്ട്.

ലമീൻ യമാൽ പന്തുതട്ടുന്ന സ്പെയിൻ തുടർച്ചയായ നാലു ജയങ്ങളുമായി ബഹുദൂരം മുന്നിലാണ്. 15 ഗോൾ അടിച്ചുകൂട്ടിയ ടീം ഒന്നുപോലും വഴങ്ങിയിട്ടില്ല. അതത് ഗ്രൂപ്പുകളിൽ മുന്നിലുള്ള ഡെന്മാർക്ക്, ഓസ്ട്രിയ ടീമുകളും അടുത്ത മത്സരങ്ങളിൽ അട്ടിമറിക്കപ്പെട്ടില്ലെങ്കിൽ യോഗ്യത ഉറപ്പാക്കും. വ്യാഴാഴ്ച യുക്രെയ്നെതിരെ ജയിക്കാനായാൽ നിലവിലെ റണ്ണറപ്പായ ഫ്രാൻസിനും കാര്യങ്ങൾ എളുപ്പമാകും. കരുത്തരായ പോർചുഗലിന് രണ്ടു പോയന്റ് കൂടി ഉറപ്പാക്കാനായാൽ യോഗ്യതയാകും. ഏറ്റവും അവസാനക്കാരായ അർമീനിയ ആണ് അടുത്ത കളിയിൽ ടീമിന് എതിരാളികൾ. അതോടെ അടുത്ത ഫെബ്രുവരിയിൽ 41 തികയുന്ന റോണോയെ ആറാം ലോകകപ്പിലും കാണാം. ലാറ്റിൻ അമേരിക്കയിൽ ലയണൽ മെസ്സിയും ആറാം ലോകകപ്പിന് ഒരുക്കങ്ങളിലാണ്. വെള്ളിയാഴ്ച സമനില നേടിയാൽ നെതർലൻഡ്സും യോഗ്യരാകും.



© Madhyamam