തെഹ്റാൻ: നിലവിലെ യുദ്ധസാഹചര്യത്തിൽ സുരക്ഷാഭീഷണിയുള്ളതിനാൽ ലോകകപ്പ് ഫുട്ബാളിലെ തങ്ങളുടെ ഗ്രൂപ് മത്സരങ്ങൾ അമേരിക്കയിൽനിന്ന് മെക്സിക്കോയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ഇറാൻ ഫുട്ബാൾ ഫെഡറേഷൻ. ഇക്കാര്യത്തിൽ ഫിഫയുമായി ചർച്ചകൾ നടന്നുവരുകയാണെന്ന് ഇറാൻ ഫുട്ബാൾ ഫെഡറേഷൻ പ്രസിഡന്റ് മെഹ്ദി താജ് വ്യക്തമാക്കി. മെക്സിക്കോയിലെ ഇറാനിയൻ എംബസിയുടെ എക്സ് അക്കൗണ്ടിലൂടെയാണ് മെഹ്ദി താജ് നിലപാട് വ്യക്തമാക്കിയത്. ‘‘ഇറാൻ ദേശീയ ടീമിന് സുരക്ഷ ഉറപ്പാക്കാൻ കഴിയില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് തന്നെ പരസ്യമായി പ്രസ്താവിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ടീമിനെ അമേരിക്കയിലേക്ക് അയക്കില്ല. മത്സരങ്ങൾ മെക്സിക്കോയിൽ നടത്തുന്നതിനായി ഫിഫയുമായി ഞങ്ങൾ ചർച്ച നടത്തിവരുകയാണ്’’ -അദ്ദേഹം പറഞ്ഞു.
ഫെബ്രുവരി അവസാന വാരത്തിൽ അമേരിക്കയും ഇസ്രായേലും ചേർന്ന് ഇറാനിൽ ആരംഭിച്ച ആക്രമണം ഇപ്പോഴും തുടരുകയാണ്. ഇപ്പോഴും തുടരുന്ന ആക്രമണ പരമ്പരയിൽ ഇറാന്റെ പരമോന്നത നേതാവ് അലി ഖാംനഈയും നിരവധി രാഷ്ട്രീയ-സൈനിക പ്രമുഖരും കൊല്ലപ്പെട്ടിരുന്നു. നിലവിലെ സാഹചര്യത്തിൽ തങ്ങളുടെ താരങ്ങൾക്ക് ടൂർണമെന്റിൽ പങ്കെടുക്കാൻ കഴിയില്ലെന്ന് ഇറാന്റെ കായികമന്ത്രി കഴിഞ്ഞ ആഴ്ച അറിയിച്ചിരുന്നു. ഇറാൻ ടീമിനെ സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും താരങ്ങളുടെ സുരക്ഷയും ജീവനും കണക്കിലെടുത്ത് അവർ അമേരിക്കയിൽ കളിക്കുന്നത് ഉചിതമല്ലെന്നായിരുന്നു ട്രംപിന്റെ പ്രതികരണം. ജൂൺ 11ന് ആരംഭിക്കുന്ന ലോകകപ്പിൽ അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങളാണ് ആതിഥേയർ. പ്രാഥമിക ഘട്ടത്തിൽ ഇറാന്റെ രണ്ട് മത്സരങ്ങൾ ലോസ് ആഞ്ജലസിലും ഒരെണ്ണം സിയാറ്റിലിലുമാണ് നിശ്ചയിച്ചിരിക്കുന്നത്. ഗ്രൂപ് ചാമ്പ്യന്മാരായി 2025 മാർച്ച് 25ന് യോഗ്യത ഉറപ്പാക്കിയ ഇറാൻ, ഈ ലോകകപ്പിലേക്ക് യോഗ്യത നേടിയ ആദ്യ ഏഷ്യൻ രാജ്യമാണ്. ടീമിനിത് തുടർച്ചയായ നാലാം ലോകകപ്പാണ്. ഇറാൻ ഫുട്ബാൾ ഫെഡറേഷന്റെ ആവശ്യത്തോട് ഫിഫ ഇതുവരെ ഔദ്യോഗികമായി അനുകൂലമായി പ്രതികരിച്ചിട്ടില്ല. മുമ്പും സുരക്ഷാഭീഷണി മുൻനിർത്തി മത്സരങ്ങൾ മാറ്റിയ ചരിത്രമുള്ളതിനാൽ ഇവിടെയും യു.എസ് സമ്മർദത്തിന് വഴങ്ങിയില്ലെങ്കിൽ ഇറാന്റെ ആവശ്യം ഫിഫക്ക് പരിഗണിക്കാനാകും.
ക്രിക്കറ്റിൽ ഇന്ത്യ, പാക് ടീമുകൾ സുരക്ഷ മുൻനിർത്തി വേദി നിഷ്പക്ഷ വേദിയിലാക്കാൻ ആവശ്യപ്പെടുന്നതും മത്സരം മാറ്റുന്നതും പതിവാണ്. വേദി മാറ്റാൻ ഫിഫ വിസമ്മതിച്ചാൽ ഇറാൻ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
