റയൽ മഡ്രിഡിന്റെ മുഖ്യ പരിശീലക സ്ഥാനത്ത് നിന്നും സാബി അലോൻസോ പടിയിറങ്ങിയത് എന്തുകൊണ്ട്? ഫുട്ബാൾ ലോകത്തിപ്പോൾ സജീവ ചർച്ചാ വിഷയം റയൽ കോച്ചിന്റെ മാറ്റമാണ്. കഴിഞ്ഞ ദിവസം നടന്ന സ്‌പാനിഷ് സൂപ്പര്‍ കപ്പ് ഫൈനലില്‍ ബദ്ധവൈരികളായ ബാഴ്‌സലോണയോട് തോറ്റതിന് പിന്നാലെയായിരുന്നു സാബി അലോൻസോയും റയൽ മഡ്രിഡും പരസ്‌പര ധാരണ പ്രകാരം വഴിപിരിയാൻ തീരുമാനിച്ചത്.
ഞായറാഴ്‌ച നടന്ന ‘എൽ ക്ലാസിക്കോ’ ഫൈനലിൽ ബാഴ്‌സലോണയോട് 3-2 നായിരുന്നു റയലിന്റെ തോൽവി. ഇതിനുശേഷം 24 മണിക്കൂർ പിന്നിടും മുമ്പേയാണ് സാബിയും റയലും വഴിപിരിഞ്ഞത്. എൽ ക്ലാസികോ ഫൈനലിലെ തോൽവിക്കുമപ്പുറം അലോൻസോയുടെ പടിയിറക്കത്തിന് കാരണമായത് മറ്റു പലതുമാണെന്നാണ് റിപ്പോർട്ടുകൾ. കോച്ചിനോടുള്ള പ്രമുഖ താരത്തിന്റെ നിഷേധാത്ക സമീപനമാണ് അതിന് ആക്കം കൂട്ടിയതെന്നും വിശദീകരിക്കപ്പെടുന്നു.
റയലിന്റെ സൂപ്പർ സ്ട്രൈക്കർ കിലിയൻ എംബാപ്പേയിലേക്കാണ് വിമർശന ശരങ്ങൾ നീളുന്നത്. ബാഴ്സക്കെതിരായ ഫൈനലിനുശേഷം പ്രചരിക്കുന്ന ദൃശ്യങ്ങൾ അതിലേക്ക് സൂചനകളും നൽകുന്നുണ്ട്. മത്സരശേഷം വിജയികളായ ബാഴ്സലോണ ടീമിന് ഗാർഡ് ഓഫ് ഓണർ നൽകാൻ കോച്ച് ആവശ്യപ്പെട്ടെങ്കിലും അത് അനുസരിക്കാൻ എംബാപ്പേ തയാറായില്ല. ഇക്കാര്യം ദൃശ്യങ്ങളിൽ വ്യക്തമാണ്. അലോൻസോ ആവശ്യപ്പെടുമ്പോൾ പറ്റില്ലെന്ന് എംബാപ്പേ പറയുന്നുണ്ട്. ഗ്രൗണ്ടിൽ നിൽക്കാൻ കോച്ച് പറഞ്ഞിട്ടും അനുസരിക്കാതെ കളത്തിന് പുറത്തേക്ക് പോവുകയാണ്. കോച്ചിന്റെ തീരുമാനം ധിക്കരിച്ച് ഗ്രൗണ്ട് വിടുന്ന എംബാപ്പേ, സഹതാരങ്ങളെയും തന്നോടൊപ്പം കളംവിടാൻ പ്രേരിപ്പിക്കുന്നു. ഒടുവിൽ ബാഴ്സലോണ ടീമിന് ഗാർഡ് ഓഫ് ഓണർ നൽകാതെ താരങ്ങൾ ഗ്രൗണ്ടിൽനിന്ന് പുറത്തേക്ക് പോവുകയായിരുന്നു. അപമാനിതനായ കോച്ചിന്റെ പൊടുന്നനെയുള്ള പടിയിറക്കത്തിലേക്ക് അത് കാരണമായി.
ഇതൊരു രാജിയല്ല. മുൻകൂട്ടി തീരുമാനിക്കപ്പെട്ടതുമല്ല. ലോകത്തെ പ്രമുഖ ക്ലബുകളിലൊന്നിന്റെ പരിശീലക പദവിയിൽനിന്ന് ഏഴരമാസം കൊണ്ട് സാബി പടിയിറങ്ങുമെന്ന് അദ്ദേഹം ഉൾപ്പെടെ ആരും കരുതിയതുമല്ല. ‘പരസ്പര ധാരണയോടെ പിരിയുന്നു’ എന്നാണ് ഔദ്യോഗിക വാർത്താകുറിപ്പിൽ റയൽ വിശദീകരിക്കുന്നത്. സാബി അലോൻസോ ഒഴിയാൻ താൽപര്യം പ്രകടിപ്പിക്കുകയായിരുന്നുവെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.
റയലിലെ തന്റെ കോച്ചിങ് രീതികളുമായി സാബി അലോൻസോയും ക്ലബ് മാനേജ്മെന്റും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ടായിട്ടുണ്ട്. ഇൻഡിവിജ്വൽ ബ്രില്യൻസിനപ്പുറം തന്റേതായ കേളീശൈലിയിൽ റയൽ പന്തുതട്ടുന്നതിലായിരുന്നു സാബിക്ക് താൽപര്യം. എന്നാൽ, പണ്ടു മുതലേ, താരങ്ങളുടെ വൈയക്തിത മികവിന് പ്രാമുഖ്യം നൽകുന്ന റയൽ തങ്ങളുടെ ചിന്താഗതികൾ മാറ്റാൻ തയാറുണ്ടായിരുന്നില്ല.
ലൂക്കാ മോഡ്രിച്ച് ക്ലബ് വിട്ട ശേഷം മധ്യനിരയിൽ കളി മെനയാൻ പറ്റിയ ഒരു താരത്തെ പകരം സാബി ആവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ല. ഔറെലീൻ ഷുവാമെനിയും എഡ്വേർഡോ കമാവിംഗയും ഫെഡെറികോ വാർവെർദെയുമൊന്നും ആ തലത്തിലേക്ക് പടർന്നു കളിക്കാൻ കെൽപുള്ളവരല്ല. ജൂഡ് ബെലിങ്ഹാമിന് അതിനുള്ള മിടുക്കുണ്ടെങ്കിലും പല പൊസിഷനുകളിലും മാറിക്കളിക്കേണ്ട അവസ്ഥയിലാണ് ഇംഗ്ലീഷുകാരൻ. 60 മില്യൺ യൂറോ നൽകി അർജന്റീനയുടെ യുവ സ്ട്രൈക്കർ ഫ്രാങ്കോ മസ്റ്റാന്റുനോവോയെ ടീമിലെടുത്ത റയൽ മാനേജ്മെന്റ്, േപ്ലമേക്കർ എന്ന സാബിയുടെ ആവശ്യത്തോട് പുറംതിരിഞ്ഞുതന്നെ നിന്നു. മാർട്ടിൻ സുബിമെൻഡിയെ ടീമിലെത്തിക്കാനായിരുന്നു സാബിയുടെ താൽപര്യം. ആർദാ ഗുലേറും മസ്റ്റാന്റുനോവോയും അടക്കമുള്ള യുവതാരങ്ങൾക്ക് സ്ഥിരമായി അവസരം നൽകുന്നില്ലെന്ന വിമർശനവും പുതിയ കോച്ചിനുനേരെ ഉയർന്നു. താരങ്ങൾ ചേരിയായി തിരിഞ്ഞുവെന്നതും സാബിക്ക് തിരിച്ചടിയായെന്ന് യൂറോപ്യൻ മാധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ സീസണിൽ ജർമൻ ക്ലബായ ബയേർ ലെവർകുസനെ വിസ്മയ വിജയങ്ങളിലേക്ക് നയിച്ചതോടെയാണ് റയൽ മഡ്രിഡിന്റെ കളിക്കാരനായിരുന്ന സാബി അലോൻസോയുടെ പരിശീലക മികവ് ഫുട്ബാൾ ലോകത്തിന് ബോധ്യമായത്. എന്നാൽ, റയലിൽ ആ ഫുട്ബാൾ ആവർത്തിക്കാൻ സാബിക്ക് കഴിയുന്നില്ലെന്ന തോന്നൽ മാനേജ്മെന്റിൽ ശക്തമായിരുന്നു. ടീമിന്റെ ഫിസിക്കൽ കണ്ടീഷൻ മോശമാണെന്നും കളിക്കാരുടെ മികവിൽ പുരോഗതി ഉണ്ടാവുന്നില്ലെന്നുമൊക്കെ വിമർശനങ്ങൾ ഉയർന്നു. ടാക്റ്റിക്സുകളിലും ലൈനപ്പിലും സബ്സ്റ്റിറ്റ്യൂഷനിലുമൊക്കെ കളിക്കാർ പരസ്യമായി എതിർപ്പും മുറുമുറുപ്പും പ്രകടിപ്പിച്ചു തുടങ്ങിയതോടെ ഡ്രസ്സിങ് റൂമിലെ അന്തരീക്ഷം അസ്വസ്ഥജനകമായി. എംബാപ്പെയും വിനീഷ്യസ് ജൂനിയറുമൊക്കെ അതിന് ചുക്കാൻ പിടിച്ചു.
ജയങ്ങളേക്കാർ അയാളുടെ തോൽവികളാണ് മുഴച്ചുനിന്നത്. ക്ലബ് ലോകകപ്പ് സെമിയിൽ പി.എസ്.ജിയോടും ലാ ലീഗയിലെ സിറ്റി ഡെർബിയിൽ അത്‍ലറ്റികോ മഡ്രിഡിനോടും (5-2) തോറ്റത് ഏറെ ചർച്ചയായി. നിലവിൽ ചാമ്പ്യൻസ് ലീഗിൽ ആദ്യ എട്ടിലാണ് റയൽ. ലാ ലിഗ പകുതിവഴി പിന്നിടുമ്പോൾ ഒന്നാമതുള്ള ബാഴ്സലോണയേക്കാൾ നാലുപോയന്റ് മാത്രം പിന്നിൽ. ഒക്ടോബറിൽ ബാഴ്സയെ തോൽപിക്കുകയും ചെയ്തിരുന്നു. ചുരുങ്ങിയ കാലത്തിനുള്ളിൽ മോശമല്ലാത്ത രീതിയിൽ ക്ലബിനെ മുന്നോട്ടുനയിച്ചിട്ടും പിഴച്ചതെവിടെ? റയൽ പ്രസിഡന്റ് േഫ്ലാറന്റീനോ പെരസ് തന്റെ പരിശീലകനിൽ ഒരിക്കലും യഥാർഥ വിശ്വാസം പുലർത്തിയിരുന്നില്ലെന്നതാണ് സത്യം.
ബയേർ ലെവർകുസനിൽ സാബി അലോൻസോയെ ചുറ്റിപ്പറ്റിയായിരുന്നു ടീം. അയാളുടെ തന്ത്രങ്ങൾക്കനുസരിച്ചാണ് അവർ പന്തുതട്ടിയത്. അതൊരു ശക്തമായ കൂട്ടായ്മയായിരുന്നു. അതുകൊണ്ടുതന്നെ റിസൽറ്റുമുണ്ടായി. റയലിൽ പക്ഷേ, കാര്യങ്ങൾ നേരെ തിരിച്ചാണ്. ഫുട്ബാളിലെ ഏറ്റവും ശ്രമകരമായ കാര്യങ്ങളിലൊന്നാണ് റയലിനെ പരിശീലിപ്പിക്കുകയെന്നത്. ഇൻഡിവിജ്വൽ ബ്രില്യൻസിൽ മതിമറക്കുന്ന റയലിനെ, എല്ലാവരും പ്രസ് ചെയ്യുകയും എല്ലാവരും ഡിഫൻഡ് ചെയ്യുകയുമെന്ന ആധുനിക ഫുട്ബാളിലെ കളക്ടീവ് നീക്കങ്ങളിലേക്ക് പരിവർത്തിപ്പിക്കുകയെന്നത് ബുദ്ധിമുട്ടേറിയതാണ്. കരുത്തനായ മാനേജർ വരുമ്പോൾ പോലും മഡ്രിഡ് അയാളുടെ ആധികാരികതയെ ആദ്യദിനം മുതൽ എതിർക്കും. സാബിയുടെ കാര്യത്തിൽ അതാണ് ഉണ്ടായതും.
ബയേറിൽനിന്ന് 2025 ജൂൺ ഒന്നിനാണ് സാബി റയൽ മഡ്രിഡിൽ ചുമതലയേറ്റത്. റയലിൽ തുടക്കം കേമമായിരുന്നു. ക്ലബ് വേൾഡ് കപ്പിന്‍റെ സെമിഫൈനലിലെത്തിയ റയൽ, സാബിക്കു കീഴിൽ കളിച്ച ആദ്യ 14 മത്സരങ്ങളിൽ 13ലും വിജയിച്ചു. ഏക പരാജയം അത്‌ലറ്റിക്കോ മഡ്രിഡിനോട് നേരിട്ടതായിരുന്നു. നവംബർ നാലിന് ചാമ്പ്യൻസ് ലീഗിൽ റയൽ മഡ്രിഡിനെ ലിവർപൂൾ പരാജയപ്പെടുത്തിയത് തുടക്കത്തിലെ കുതിപ്പിന് തടയിട്ടു. തുടർന്നുള്ള എട്ട് മത്സരങ്ങളിൽ രണ്ടെണ്ണത്തിലേ റയൽ വിജയിച്ചുള്ളൂ. എല്ലാ അസ്വസ്ഥതകളും ഉരുണ്ടുകൂടി ഒടുവിൽ കോച്ചിന് പുറത്തേക്കുള്ള വഴിയൊരുങ്ങുകയായിരുന്നു.
അലോൻസോയുടെ വിടവാങ്ങൽ സ്ഥിരീകരിച്ചതിന് തൊട്ടുപിന്നാലെ, തങ്ങളുടെ മുൻ ഡിഫൻഡർ ആൽവാരോ ആർബെലോവയെ റയൽ മഡ്രിഡ് പുതിയ കോച്ചായി പ്രഖ്യാപിച്ചിട്ടുണ്ട്. 2009 മുതൽ 2016 വരെ റയലിന്റെ കുപ്പായമിട്ട അദ്ദേഹം, രണ്ട് ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ, ലാ ലിഗ, രണ്ട് കോപ്പ ഡെൽ റേ ട്രോഫികൾ, ഒരു ക്ലബ് ലോകകപ്പ് എന്നിവയുൾപ്പെടെ എട്ട് കിരീടനേട്ടങ്ങളിൽ പങ്കാളിയായി. സ്പെയിൻ ജഴ്സിയിൽ 56 മത്സരങ്ങൾ ആർബെലോവ കളിച്ചു. 2008, 2012 യൂറോ കപ്പ് കിരീടങ്ങൾക്കൊപ്പം 2010 ലോകകപ്പ് നേട്ടത്തിലും പങ്കുവഹിച്ചു. ഈ നേട്ടങ്ങളുടെ പകിട്ടുമായി തന്റെ മുൻക്ലബിലേക്ക് പരിശീലകനായെത്തുമ്പോൾ ബെർണബ്യൂവിലെ അതിസമ്മർദം മറികടക്കാൻ ആർബെലോവക്കാവുമോ? കണ്ടറിയണം.
