സൂപ്പർ ലീഗ് കേരള; തൃശൂർ-മലപ്പുറം സെമി 14ന്

തൃശൂർ: തദ്ദേശ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി മാറ്റിവെച്ച സൂപ്പർ ലീഗ് കേരള ഫുട്‌ബാൾ സെമി ഫൈനൽ മത്സരങ്ങളുടെ പുതുക്കിയ തീയതികളായി. തൃശൂർ മാജിക് എഫ്‌.സിയും മലപ്പുറം എഫ്‌.സിയും തമ്മിലെ ആദ്യ സെമി ഡിസംബർ 14ന് നടക്കും.

തൃശൂർ കോർപറേഷൻ സ്റ്റേഡിയമാണ് ആവേശപ്പോരാട്ടത്തിന് വേദിയാകുക. 15ന് നടക്കുന്ന രണ്ടാം സെമിയിൽ നിലവിലെ ചാമ്പ്യന്മാരായ കാലിക്കറ്റ് എഫ്‌.സി കണ്ണൂർ വാരിയേഴ്‌സിനെ കോഴിക്കോട്ട് നേരിടും. ആദ്യ സെമി ഫൈനലിന്റെ കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടുണ്ട്. രണ്ടാം സെമിയുടെയും ഫൈനലിന്റെയും അറിയിപ്പ് ഉടനുണ്ടാവുമെന്നാണ് വിവരം. ഡിസംബർ ഏഴിനും 10നുമാണ് സെമി നടക്കേണ്ടിയിരുന്നത്.



© Madhyamam