മഡ്ഗാവ്: ആദ്യ രണ്ട് മത്സരങ്ങളിൽ യഥാക്രമം രാജസ്ഥാൻ യുനൈറ്റഡിനെയും സ്പോർട്ടിങ് ഡൽഹിയെയും തോൽപിച്ച് ഗ്രൂപ് ഡിയിൽ ഒന്നാംസ്ഥാനത്ത് തുടരുന്ന കേരള ബ്ലാസ്റ്റേഴ്സിന് വ്യാഴാഴ്ച സൂപ്പർ കപ്പിൽ മുംബൈ സിറ്റി എഫ്.സിക്കെതിരെ നിർണായക അങ്കം. രാജസ്ഥാനും മുംബൈക്കും മൂന്ന് പോയന്റ് വീതമേയുള്ളൂവെന്നതിനാൽ സെമി ഫൈനലിൽ കടക്കാൻ മഞ്ഞപ്പടയ്ക്ക് സമനില മതി. തോൽക്കുന്ന പക്ഷം പുറത്തേക്ക് വാതിൽ തുറക്കും. നേർക്കുനേർ ഫലമാണ് സെമി ബെർത്ത് നിശ്ചയിക്കാൻ ആദ്യം നോക്കുക. തുടർന്ന് ഗോൾ വ്യത്യാസവും അടിച്ച ഗോളുകളും പരിഗണിക്കും.
രാത്രി 7.30നാണ് ബ്ലാസ്റ്റേഴ്സ് ഗ്രൂപ്പിലെ അവസാന കളിയിൽ മുൻ ഐ.എസ്.എൽ ചാമ്പ്യന്മാരായ മുംബൈ സിറ്റിയെ നേരിടുന്നത്. വൈകീട്ട് 4.30ന് രാജസ്ഥാൻ-സ്പോർട്ടിങ് കളിയുണ്ട്. ഇതിൽ ജയിച്ചാൽ രാജസ്ഥാനും ആറ് പോയന്റാവും. ബ്ലാസ്റ്റേഴ്സും മുംബൈയും രാജസ്ഥാനും തുല്യ പോയന്റിൽ അവസാനിപ്പിച്ചാൽ കാര്യങ്ങൾ സങ്കീർണമാവും. നേർക്കുനേർ ഫലം നോക്കുമ്പോൾ ബ്ലാസ്റ്റേഴ്സിനെ തോൽപിച്ച ആനുകൂല്യം മുംബൈക്കുണ്ട്. ഇവരാവട്ടെ കഴിഞ്ഞ കളിയിൽ രാജസ്ഥാനോട് തോറ്റിരുന്നു. നാല് ഗോൾ അടിച്ച ബ്ലാസ്റ്റേഴ്സ് ഒരെണ്ണം പോലും വഴങ്ങിയിട്ടില്ല.
