സെവിയ്യയുടെ ഭാവി തീരുമാനങ്ങളിൽ പങ്കാളിയാകാൻ സെർജിയോ റാമോസ് ആഗ്രഹിക്കുന്നു: മോഞ്ചി


സെവിയ്യയുടെ മുൻ സ്പോർട്ടിങ് ഡയറക്ടർ മോഞ്ചിയാണ് റാമോസിന്റെ പുതിയ നീക്കങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്തിയത്. മുൻ റയൽ മാഡ്രിഡ് പ്രതിരോധതാരമായ സെർജിയോ റാമോസ് ക്ലബ്ബിന്റെ ഭരണതലത്തിൽ നിർണ്ണായക പദവികൾ ഏറ്റെടുക്കാൻ ആഗ്രഹിക്കുന്നുണ്ടെന്നും, ക്ലബ്ബ് പ്രസിഡന്റ് സ്ഥാനം പോലും തള്ളിക്കളയാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സാമ്പത്തിക പ്രതിസന്ധിയിലും പ്രതാപം നഷ്ടപ്പെട്ട അവസ്ഥയിലുമാണ് ഇപ്പോൾ സെവിയ്യ ക്ലബ്ബ്. ഈ സാഹചര്യത്തിൽ, ക്ലബ്ബിനെ തിരികെ കൊണ്ടുവരുന്നതിനായി ഫൈവ് ഇലവൻ ക്യാപിറ്റലിന്റെ പിന്തുണയോടെ 450 ദശലക്ഷം യൂറോയുടെ ഏറ്റെടുക്കൽ പദ്ധതിക്ക് റാമോസ് നേതൃത്വം നൽകുന്നുണ്ട്.

ഈ വിഷയത്തിൽ റാമോസിനോ അദ്ദേഹത്തിന്റെ പങ്കാളികൾക്കോ സെവിയ്യ ഓഹരി ഉടമകൾക്കോ അന്തിമമായ ഒരു ധാരണയിലോ തീരുമാനത്തിലോ എത്താൻ ഇതുവരെ സാധിച്ചിട്ടില്ലെന്ന് മോഞ്ചി കൂട്ടിച്ചേർത്തു. ഭാവിയിൽ ക്ലബ്ബിന്റെ പ്രധാനപ്പെട്ട തീരുമാനങ്ങളിൽ റാമോസ് സജീവമായി ഇടപെടാൻ ആഗ്രഹിക്കുന്നുവെന്ന കാര്യത്തിൽ വ്യക്തതയുണ്ടെന്നും എന്നാൽ അദ്ദേഹം പ്രസിഡന്റ് പദവിയിലാണോ അതോ മറ്റേതെങ്കിലും ഭരണപരമായ റോളിലാണോ എത്തുകയെന്നത് ഇപ്പോൾ പറയാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

© Madhyamam