മാഡ്രിഡ്: റയൽ മാഡ്രിഡ് മുഖ്യ പരിശീലകൻ സാബി അലോൺസോയെ പുറത്താക്കി. സ്പാനിഷ് സൂപ്പർ കപ്പിൽ ബാഴ്സലോണക്കെതിരായ തോൽവിക്ക് പിന്നാലെയാണ് ക്ലബിന്റെ നടപടി. പരസ്പര ധാരണയോടെയുള്ള തീരുമാനമെന്നാണ് ക്ലബ് നൽകുന്ന സൂചന.
റയൽ ഇതിഹാസ താരമായ സാബി അലോൺസോക്ക് റയൽ ആരാധകരുടെ സ്നേഹവായ്പുകൾ എപ്പോഴും ഉണ്ടാകുമെന്നും ക്ലബിന്റെ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ അദ്ദേഹത്തിന് ആയിട്ടുണ്ടെന്നും റയൽ എപ്പോഴും സ്വന്തം വീടുപോലെയായിരിക്കുമെന്നും ക്ലബിന്റെ വാർത്ത കുറിപ്പിൽ പറയുന്നു.
കഴിഞ്ഞ ജൂൺ ഒന്നിന് റയലിന്റെ പരിശീലകനായെത്തിയ സാബി ക്ലബ് വേൾഡ് കപ്പ് സെമിഫൈനലിലേക്കുള്ള മാഡ്രിഡിന്റെ കുതിപ്പിന് നേതൃത്വം നൽകിയാണ് തുടങ്ങിയതെങ്കിലും ലാലിഗയിലെ ഫോമില്ലായ്മ തിരിച്ചടിയായി. ഒടുവിൽ സ്പാനിഷ് സൂപ്പർ കപ്പിൽ ബാഴ്സലോണയോടെ 3-2ന് തോറ്റതോടെ ക്ലബ് പൊടുന്നനെ കരാർ അവസാനിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു.
ഇഞ്ചുറി ടൈമിൽ സൂപ്പർ ക്ലാസിക്; സൂപ്പർ ചാമ്പ്യന്മാരായി ബാഴ്സലോണ
ജിദ്ദ: സൗദി അറേബ്യയിലെ ജിദ്ദ വേദിയായ സ്പാനിഷ് സൂപ്പർ കപ്പിൽ റയൽ മഡ്രിഡിനെ തകർത്ത് ബാഴ്സലോണയുടെ കിരീടനേട്ടം. സ്പാനിഷ് ഫുട്ബാളിലെ മുൻനിര ക്ലബുകളുടെ പോരാട്ടമായ സൂപ്പർകപ്പിന്റെ കലാശപ്പോരാട്ടത്തിൽ 3-2ന് റയൽ മഡ്രിഡിനെ വീഴ്ത്തിയായിരുന്നു ബാഴ്സലോണയുടെ മിന്നും വിജയം. ജിദ്ദയിൽ തുടർച്ചയായ രണ്ടാം കിരീട നേട്ടത്തിനൊപ്പം, നൂകാംപിലെ ഷെൽഫിലേക്ക് 16ാം സൂപ്പർകപ്പ് കിരീടം കൂടിയാണിത്.
ജിദ്ദ കിങ് അബ്ദുള്ള സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിൽ നടന്ന കിരീടപ്പോരാട്ടം ആദ്യ നിമിഷം മുതൽ ആവേശകരമായിരുന്നു. 36ാം മിനിറ്റിൽ റഫീന്യയുടെ ഗോളിലൂടെ തുടക്കം കുറിച്ച ബാഴ്സലോണയും, ഒന്നാം പകുതിയുടെ ഇഞ്ചുറി ടൈമിൽ പിറന്ന മൂന്ന് ഗോളിന്റെ ത്രില്ലറും, കളി അവസാനിക്കാനിരിക്കെ ബാഴ്സയുടെ ഫെറങ്ക് ഡിയോങ് ചുവപ്പുകാർഡുമായി പുറത്തായതും കളിയിൽ നാടകീയ മുഹൂർത്തങ്ങൾ സമ്മാനിച്ചു. 73ാം മിനിറ്റിൽ പിറന്ന വിജയ ഗോൾ ഉൾപ്പെടെ ഇരട്ട ഗോളുകളുമായി റഫീന്യ കളം വാണപ്പോൾ, പ്രതിരോധത്തിൽ തരിപ്പണമായത് റയലിന് തിരിച്ചടിയായി മാറി. അവസാന മിനിറ്റുകളിൽ കോച്ച് സാബി അലോൻസോ വജ്രായുധമായി കിലിയൻ എംബാപ്പെയെ കളത്തിലിറക്കിയെങ്കിലും കളിയിൽ തിരിച്ചെത്താനോ, കിരീടം പിടിക്കാനോ റയലിന് കഴിഞ്ഞില്ല.
36ാം മിനിറ്റിൽ റയൽ പ്രതിരോധത്തെ പൊളിച്ചുകൊണ്ടായിരുന്നു റഫീന്യ ആദ്യ ഗോളിലേക്ക് കുതിച്ചത്. വിങ്ങിൽ നിന്നും ഫെർമിൻ ലോപസ് നൽകിയ പന്തുമായി കുതിച്ച റഫീന്യ, റയൽ ഡിഫൻഡർ ഓർലിൻ ചുവാമെനിയെയും മറികടന്ന് തൊടുത്ത ഷോട്ട് ഗോളി തിബോ കർടുവയെയും മറികടന്ന് വലയിൽ പതിച്ചു.
ബാഴ്സയുടെ ലീഡിന് ഇഞ്ചുറി ടൈമിലെ മൂന്നാം മിനിറ്റിലായിരുന്നു റയൽ മറുപടി നൽകിയത്. ഏതാണ്ട് മധ്യവരകടന്നയുടൻ പന്തുമായി സോളോ റണ്ണപ്പ് നടത്തിയ വിനീഷ്യസ്, ബോക്സിനുള്ളിൽ വരിഞ്ഞു കെട്ടിയ ബാഴ്സ പ്രതിരോധത്തെയും മറികടന്ന് ക്ലിനിക്കൽ ഫിനിഷിങ്ങിലൂടെ വിനീഷ്യസ് ഗോളാക്കി മാറ്റി. ഇഞ്ചുറി ടൈമിൽ വഴങ്ങിയ ഗോളിന് ഉടൻ തന്നെ ബാഴ്സലോണ മറുപടിയും നൽകി. പെഡ്രി നൽകിയ ക്രോസിൽ റോബർടോ ലെവൻഡോവ്സ്കിയുടെ വകയായിരുന്നു ഗോൾ. ഇഞ്ചുറി ടൈം ക്ലാസിക് അവിടെയും അവസാനിച്ചില്ല. ആറാം മിനിറ്റിൽ കോർണർ കിക്കിലൂടെയെത്തിയ അവസരം ഗോളാക്കി ഗോൺസാലോ ഗാർഷ്യ ആദ്യ പകുതി പിരിയുമ്പോൾ റയലിനെ 2-2ന് ഒപ്പത്തിനൊപ്പമെത്തിച്ചു.
ഇഞ്ചുറി ടൈം ക്ലാസികിന്റെ നാടകീയതക്കു ശേഷം കളി ആവേശകരമായ രണ്ടാം പകുതിയിലേക്ക്. ലോപസിനെ വലിച്ച് ഡാനി ഒൽമോയെയും, ലെവൻഡോവ്സ്കിയെ മാറ്റി ഫെറാൻ ടോറസിനെയും കളത്തിലിറക്കിയ ബാഴ്സലോണ റഫീന്യയിലൂടെ റയൽ ഗോൾമുഖത്ത് പരീക്ഷണം തുടർന്നു. ഒടുവിൽ, 73ാം മിനിറ്റിൽ വിജയമുറപ്പിച്ച ഗോൾ പിറന്നു. വീനിഷ്യസിനെ മുന്നിൽ നിർത്തി നടത്തിയ ആക്രമണങ്ങളുമായി റയൽ ആക്രമണം സജീവമാക്കുന്നതിനിടെയായിരുന്നു ബാഴ്സയുടെ വിജയ ഗോൾ. ഡി സർക്കിളിൽ ഡാനി ഒൽമോക്കും ഫെറാനും ഒപ്പം നടത്തിയ നീക്കങ്ങൾക്കൊടുവിൽ പന്തെടുത്ത റഫീന്യ മനോഹരമായി വലയിലേക്ക് ചെത്തിയിട്ടപ്പോൾ ഗോൾകീപ്പർ തിബോയെയും കീഴടക്കി മേൽകൂരയിളക്കി വിശ്രമിച്ചു. 3-2ന് ബാഴ്സക്ക് ലീഡ്.
തൊട്ടടുത്ത മിനിറ്റുകളിൽ ഒരുപിടി സബ്സ്റ്റിറ്റ്യൂഷനുമായി റയൽ കളി ജോറാക്കിയെങ്കിലും മറുപടി നൽകാനായില്ല. കിലിയൻ എംബാപ്പെ, ഡേവിഡ് അലാബ, ഡാനി സെബല്ലോസ്, ഫ്രാങ്കോ മസ്റ്റന്റുവാനോ എന്നിവരെ കളത്തിലിറക്കി ഊർജം പകർന്നെങ്കിലും പ്രതിരോധം കനപ്പിച്ച് ബാഴ്സ വിജയം തങ്ങളുടേതാക്കി മാറ്റി.
