മഡ്രിഡ്: റയൽ മഡ്രിഡിൽ അർജന്റീനക്കാരായ താരങ്ങളുടെ എണ്ണം താരതമ്യേനെ കുറവാണ്. ഗോൺസാലോ ഹിഗ്വെയ്നും, സാവിയോളയും എയ്ഞ്ചൽ ഡി മരിയയും ഉൾപ്പെടെ ഏതാനും താരങ്ങൾ മാത്രമാണ് കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടെ റയലിൽ പന്തു തട്ടിയ അർജന്റീനക്കാർ. എന്നാൽ, കാൽപന്തിന്റെ മർമമറിഞ്ഞ അർജന്റീനക്കാരെ തപ്പിയെടുത്ത് ടീമിലെത്തിക്കാൻ മുമ്പത്തേക്കാൾ ആവേശം റയൽ പ്രകടിപ്പിക്കുന്നതായി ഫുട്ബാൾ വിദഗ്ധർ വിലയിരുത്തു. അതിൽ ശ്രദ്ധേയമാണ് ആഴ്ചകൾക്ക് മുമ്പു മാത്രം കരാറിൽ ഒപ്പുവച്ച അർജന്റീന വണ്ടർ കിഡ് ഫ്രാങ്കോ മസ്റ്റന്റുവോനൊയുടെ വരവ്. റിവർ േപ്ലറ്റിൽ നിന്നും വമ്പൻ തുക സമ്മാനിച്ചായിരുന്നു അറ്റാക്കിങ് മിഡ്ഫീൽഡിലെ പുത്തൻവാഗ്ദാനമായ ഈ 18കാരനെ റയൽ സ്വന്തമാക്കിയത്. ജൂണിൽ കരാറിൽ ഒപ്പിട്ടതിനു പിന്നാലെ, സാബി അലോൻസോ സ്പാനിഷ് ലാ ലിഗയിൽ കിലിയൻ എംബാപ്പെക്കും വിനീഷ്യസിനുമൊപ്പം ഫ്രാങ്കോയെയും കളത്തിലിറക്കി.
ഇപ്പോഴിതാ മറ്റൊരു അർജന്റീന വണ്ടർ കിഡിനു പിന്നാലെ കൂടിയിരിക്കുകയാണ് റയൽ. അതാവട്ടെ, അർജന്റീന ദേശീയ ടീമിൽ വരവറിയിക്കുകയും, ലയണൽ മെസ്സിക്കൊപ്പം ഗോളിക്കുകയും ചെയ്ത ഒരു സവിശേഷ താരം.
സ്പെയിനിൽ ജനിച്ചു വളർന്ന അർജന്റീനക്കാരൻ. റയൽ മഡ്രിഡ് യൂത്ത് അകാദമിയിലൂം, ബി ടീമിലും സീനിയർ ടീമിൽ നാല് മത്സരവും കളിച്ച് ഒരു വർഷം മുമ്പ് ഇറ്റലയിലേക്ക് കൂടുമാറിയ നികോളസ് പാസ് മാർടിനസ് എന്ന നികോ പാസിനെ എന്ത് വിലകൊടുത്തും തിരികെ എത്തിക്കാനുള്ള ശ്രമത്തിലാണ് റയൽ മഡ്രിഡും കോച്ച് സാബി അലോൻസോയും.
ഇറ്റാലിയൻ സീരി ക്ലബായി കോമോയിൽ കഴിഞ്ഞ വർഷം ആഗസ്റ്റിലാണ് നികോ എത്തുന്നത്. ഒരു വർഷം കൊണ്ട് ക്ലബിന്റെ പത്താം നമ്പറിൽ ഗോളടിച്ചുകൂട്ടിയും േപ്ലമേക്കറുമായി നികോ വളർന്നപ്പോഴാണ് റയൽ കൈവിട്ടത് ഭാഗ്യതാരമെന്ന് തിരിച്ചറിയുന്നത്.
അസാധ്യമായ ആംങ്കിളിൽ നിന്ന് ഫ്രീകിക്കുകൾ വലയിലാക്കാനും, അതിവേഗ റണ്ണപ്പിലും, ബോക്സിനുള്ളിലെ ക്രോസിലുമെല്ലാം മിടുക്ക് തെളിയിച്ച താരം ലയണൽ സ്കലോണിയുടെ ഇഷ്ടക്കാരനായി അർജന്റീന ദേശീയ ടീമിലും ഇടം പിടിച്ചു. കഴിഞ്ഞ ലോകകപ്പ് യോഗ്യതാ റൗണ്ടിൽ മത്സരത്തിൽ ലയണൽ മെസ്സി നേടിയ ഗോളിലേക്ക് വഴിയൊരുക്കിയും നികോ കൈയടി നേടി. ഇതിനകം മൂന്ന് ദേശീയ മത്സരങ്ങളിൽ കുപ്പായമണിഞ്ഞ 20കാരനെ റാഞ്ചാൻ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് ടോട്ടൻഹാം കോമോയെ സമീപിച്ചുവെങ്കിലും നിരസിച്ചിരിക്കുകയാണ്.
അവസരം കിട്ടിയാൽ റയലിൽ തിരികെയെത്തി കളിപഠിച്ച ടീമിന്റെ ഭാഗമാവാൻ താൽപര്യം പ്രകടിപ്പിച്ച താരത്തിനായി വീണ്ടും വലയെറിയാൻ സ്പാനിഷ് വമ്പൻമാർക്കും മനസ്സമ്മതം.
ഒസാസുനക്കെതിരെ റയൽ കളിക്കുമ്പോൾ ഗാലറിയിൽ കോമോയുടെ പ്രതിനിധികളുമായി ചർച്ചയും നടന്നുവെന്ന് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നാലു വർഷത്തെ കരാറിൽ നൽകിയ താരത്തെ തിരികെ പിടിക്കാൻ അധിക തുക നൽകി ‘ബയ് ബാക്ക് ക്ലോസ്’ ഓൺചെയ്യാൻ ഒരുങ്ങുകയാണ് റയൽ.
തങ്ങളുടെ ഭാവി പദ്ധതിയിലെ നിർണായക താരമായാണ് നികോയെ റയൽ വിലയിരുത്തുന്നത്. അർജന്റീന ലോകകപ്പ് ടീമിൽ ഇടം പിടിക്കാൻ സാധ്യത കൽപിക്കപ്പെടുന്ന താരത്തിന്റെ ഗുഡ്‍വിൽ വാല്യുവിലും റയലിന് കണ്ണുണ്ട്.