സാബിക്ക് ആശ്വാസം; കോച്ചിന്റെ കസേര ഉറപ്പിച്ച് റയൽ വിജയം; മിന്നിത്തിളങ്ങി എംബാപ്പെ

മഡ്രിഡ്: സ്പാനിഷ് ലാ ലിഗയിൽ തുടർ തോൽവികളും, യുവേഫ ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ സിറ്റിയോടേറ്റ വൻ തോൽവിയുമായി നാണക്കേടിലായ റയൽ മഡ്രിഡിന് ആശ്വാസമായി ഒരു ജയം. ലാ ലിഗയിൽ കഴിഞ്ഞ രാത്രിയിൽ അലാവസിനെതിരെ ബൂട്ടുകെട്ടിയ റയൽ മഡ്രിഡ് കിലിയൻ എംബാപ്പെയുടെയും റോഡ്രിഗോയുടെയും ഗോളിലൂടെ 2-1ന് വിജയം സ്വന്തമാക്കി. നവംബർ 11ന് ലിവർപൂളിനോട് തോറ്റതിനു പിന്നാലെ, ലാ ലിഗയിൽ മൂന്ന് സമനിലയും സെൽറ്റക്കെതിരെ നാണംകെട്ട തോൽവിയും വഴങ്ങിയ റയൽ മഡ്രിഡ് കഴിഞ്ഞ എട്ടു മത്സരങ്ങളിൽ രണ്ട് ജയം മാത്രമാണ് സ്വന്തമായത്. സമനിലകളും തോൽവിയുമായി പോയന്റ് പട്ടികയിൽ ഒന്നാമതുള്ള റയലുമായി വലിയ വ്യത്യാസം വന്നതോടെ കോച്ച് സാബി അലോൻസോക്കെതിരെയും ആരാധകരും മാനേജ്മെന്റും തിരിഞ്ഞു. കോച്ചിന്റെ കസേര തെറിക്കുമെന്നുള്ള വാർത്തകൾക്കിടെയാണ് ആത്മവിശ്വാസം നിറക്കുന്ന വിജയം പിറന്നത്.

സെൽറ്റക്കും സിറ്റിക്കും എതിരെ വഴങ്ങിയ തോൽവി ആവർത്തിച്ചാൽ കസേ​ര തെറിക്കു​മെന്ന നിലയിലാണ് സാബി അലോൻസോയും സംഘവും ഇറങ്ങിയത്. ജയത്തിൽ കുറഞ്ഞൊന്നും പരിഹാരമല്ലാത്ത ഓപറേഷന്റെ ദൗത്യം ഏറ്റെടുത്തത് കിലിയൻ എംബാപ്പെയും വിനീഷ്യസ് ജൂനിയറും. കളിയുടെ ആദ്യമിനിറ്റ് മുതൽ നയം വ്യക്തമാക്കിയായിരുന്നു റയൽ ആക്രമണത്തിന് തുടക്കം കുറിച്ചത്. മികച്ച ചില ഷോട്ടുകളിലൂടെ താരം അലാവസ് ഗോൾമുഖത്ത് ആശങ്കതീർത്തു. 24ാം മിനിറ്റിൽ ശ്രമങ്ങൾക്ക് ഫലവും പിറന്നു. മധ്യവരയിൽ നിന്നും ജൂഡ് ബെല്ലിങ്ഹാം നൽകിയ ക്രോസിൽപന്ത് പിടിച്ചെടുത്ത എംബാപ്പെ, പതിവ് പോലെ കുതിച്ചുകയറി വലംകാൽകൊണ്ട് തൊടുത്ത ഷോട്ട് സ്കോർബോർഡ് ചലിപ്പിച്ചു. തിരിച്ചടിക്കാനുള്ള അലാവസിന്റെ ശ്രമങ്ങളെ അസൻസിയോയും റുഡിഗറും വാൽവെർഡെയും ഉൾപ്പെടെ പ്രതിരോധം ചെറുത്തു. ഗോളി തിബോ കർടുവയും മിന്നുന്ന ഫോമിലായിരുന്നു.

രണ്ടാം പകുതിയുടെ 67ാം മിനിറ്റിൽ റയലിന്റെ പ്രതിരോധപ്പിഴവിനെ പൊളിച്ചുകൊണ്ട് അലാവസ് സമിനല ഗോൾ നേടുന്നതും കണ്ടു. റുഡിഗറിനെയും കടന്നായിരുന്നു കാർലോസ് വിസെന്റെ സമനില ഗോൾ നേടിയത്.

എന്നാൽ, പത്ത് മിനിറ്റിനുള്ള റയലിന്റെ വിജയം ഗോൾ പിറന്നു. 76ാം മിനിറ്റിൽ വിങ്ങിലൂടെ കുതിച്ച വിനീഷ്യസിന് മുഴുവൻ ക്രെഡിറ്റ് നൽകാവുന്നഗോൾ. ബോക്സിനുള്ളിൽ നിന്നും റോഡ്രിഗോയിലേക്ക് തട്ടിയിട്ടപ്പോൾ, ബ്രസീൽ ടീമിലെ സഹതാരത്തിന് പന്ത് ഫിനിഷ് ചെയ്യാനുള്ള ജോലിയേ ഉണ്ടായിരുന്നുള്ളൂ.

ജയത്തോടെ ഒന്നാമതുള്ള ബാഴ്സലോണയും റയൽ മ​ഡ്രിഡും തമ്മിലെ പോയന്റ് വ്യത്യാസം നാലായി കുറഞ്ഞു. 17 കളി പൂർത്തിയായപ്പോൾ ബാഴ്സലോണക്ക് 43ഉം, റയൽമഡ്രിഡിന് 39ഉം പോയന്റാണുള്ളത്.



© Madhyamam