ബ്രസീലിയൻ സൂപ്പർ താരം നെയ്മറുടെ സഹോദരി റാഫേല സാൻ്റോസ് വിവാഹിതയാകുന്നു. പ്രശസ്ത ബ്രസീലിയൻ ഫുട്ബോൾ താരം ഗബ്രിയേൽ ബാർബോസയാണ് (ഗാബിഗോൾ) വരൻ. വർഷങ്ങളായി പ്രണയത്തിലുള്ള ഇരുവരും ഈ വർഷം തന്നെ വിവാഹിതരായേക്കുമെന്ന് ബ്രസീലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
2015-ൽ ആരംഭിച്ച ഇവരുടെ പ്രണയബന്ധം പലതവണ തകരുകയും വീണ്ടും ഒന്നിക്കുകയും ചെയ്തിരുന്നു. റിപ്പോർട്ടുകൾ പ്രകാരം, ഏഴോളം തവണ ഇവർ വേർപിരിഞ്ഞിട്ടുണ്ട്. കഴിഞ്ഞ മെയിൽ അവസാനമായി പിരിഞ്ഞ ശേഷം വീണ്ടും ഒന്നിച്ച ഇരുവരും ഇത്തവണ ബന്ധം കൂടുതൽ ഗൗരവത്തോടെ മുന്നോട്ടുകൊണ്ടുപോകാൻ തീരുമാനിക്കുകയായിരുന്നു.
വിവാഹത്തിനൊപ്പം ഒരു കുടുംബജീവിതം ആരംഭിക്കാനും ഇരുവർക്കും പദ്ധതിയുണ്ട്. ഈ വർഷം അവസാനത്തോടെ ഒരു കുഞ്ഞിനെ വരവേൽക്കാൻ ആഗ്രഹിക്കുന്നതായും ദമ്പതികളോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു. ഒരു പതിറ്റാണ്ടോളം നീണ്ട പ്രണയബന്ധം വിവാഹത്തിലേക്ക് എത്തുന്നതിന്റെ ആവേശത്തിലാണ് കായികലോകവും ആരാധകരും.