പിഎസ്ജിക്ക് ലീഗ് വൺ കിരീടം: പാരിസ് എഫ്‌സി മത്സരത്തിന് മുൻപ് പ്രഖ്യാപനമെന്ന് റിപ്പോർട്ട്


ലെൻസ്സിനെ തകർത്ത് പിഎസ്ജി ലീഗ് വൺ ചാമ്പ്യന്മാരായി

ലെൻസിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി പിഎസ്ജി 2025/26 സീസണിലെ ലീഗ് വൺ കിരീടം സ്വന്തമാക്കി. സീസൺ അവസാനിക്കാൻ ഒരു മത്സരം ബാക്കിനിൽക്കെയാണ് ടീം കിരീടനേട്ടം ഉറപ്പിച്ചത്.

ഞായറാഴ്ചത്തെ മത്സരത്തിന് ശേഷം സ്റ്റേഡ് ജീൻ-ബൗയിനിൽ വെച്ച് കിരീടദാന ചടങ്ങ് സംഘടിപ്പിക്കാൻ പിഎസ്ജിയോട് എൽഎഫ്പി (LFP) ആവശ്യപ്പെട്ടിരുന്നു. എന്നാൽ, തങ്ങളുടെ സ്വന്തം മൈതാനത്ത് നേരത്തെ തീരുമാനിച്ച പരിപാടികൾ ഉള്ളതിനാൽ പാരിസ് എഫ്സി ഈ ആവശ്യം നിരസിച്ചു. കരാർ കാലാവധി അവസാനിക്കുന്ന കളിക്കാർക്കുള്ള ആദരവും പടക്കപ്രദർശനവും ഉൾപ്പെടെയുള്ള ആഘോഷങ്ങളാണ് പാരിസ് എഫ്സി പ്ലാൻ ചെയ്തിരുന്നത്.

ലക്വിപ്പിന്റെ റിപ്പോർട്ടുകൾ പ്രകാരം, മൂന്ന് കക്ഷികളും ചേർന്ന് പുതിയ തീരുമാനത്തിലെത്തിയിട്ടുണ്ട്. സാധാരണയായി മത്സരശേഷം നടക്കാറുള്ള ചടങ്ങിന് പകരം, ഞായറാഴ്ചത്തെ മത്സരത്തിന് മുന്നോടിയായുള്ള വാം-അപ്പിന് മുൻപ് കിരീടദാനം നടത്താനാണ് ഇപ്പോൾ ധാരണയായിരിക്കുന്നത്.

© Madhyamam