ഓൾഡ് ട്രാഫോർഡിൽ ബ്രൈറ്റണോട് 1-3ന് തോറ്റ മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബ്ബിന്റെ ചരിത്രത്തിലെ ഏറ്റവും മോശം ടീമെന്ന വിമർശനം ശക്തമാകുന്നു.
ഈ സീസണിൽ ആറാമത്തെ ഹോം തോൽവിയാണ് യുണൈറ്റഡിന്. 1893-94 സീസണിന് ശേഷം ആദ്യമായാണ് 12 ഹോം മത്സരങ്ങളിൽ നിന്ന് 6 തോൽവി യുണൈറ്റഡ് വഴങ്ങുന്നത്. 22 റൗണ്ടുകൾക്ക് ശേഷം 26 പോയിന്റുമായി പതിനഞ്ചാം സ്ഥാനത്താണ് റൂബൻ അമോറിമിന്റെ ടീം.
“ഞങ്ങൾ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ചരിത്രത്തിലെ ഏറ്റവും മോശം ടീമായിരിക്കാം,” മത്സരശേഷം അമോറിം പറഞ്ഞു. “നമ്മൾ അത് അംഗീകരിക്കുകയും മാറ്റുകയും വേണം.”
ഈ സാഹചര്യത്തിൽ, സ്പോർട്ടിംഗ് ലിസ്ബണിലെ വിക്ടർ ഗ്യോക്കെറെസിനെ ടീമിലെത്തിക്കാനുള്ള ശ്രമങ്ങൾ ഊർജിതമാക്കാനാണ് യുണൈറ്റഡിന്റെ നീക്കം. ഗ്യോക്കെറെസും അമോറിമും തമ്മിലുള്ള അടുപ്പം ട്രാൻസ്ഫർ ചർച്ചകളിൽ ഗുണം ചെയ്യുമെന്നാണ് യുണൈറ്റഡിന്റെ പ്രതീക്ഷ.