ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിന്റെ പുതിയ സീസണ് ആവേശകരമായ തുടക്കം. ആൻഫീൽഡിൽ നടന്ന ഉദ്ഘാടന മത്സരത്തിൽ ലിവർപൂൾ, ബോൺമൗത്തിനെ രണ്ടിനെതിരെ നാല് ഗോളുകൾക്ക് പരാജയപ്പെടുത്തി. അവസാന മിനിറ്റുകളിൽ നേടിയ രണ്ട് ഗോളുകളാണ് ലിവർപൂളിന് ആവേശകരമായ ജയം സമ്മാനിച്ചത്.
മത്സരം തുടങ്ങും മുൻപ്, കാറപകടത്തിൽ മരിച്ച ലിവർപൂൾ താരം ഡിയോഗോ ജോട്ടയ്ക്കും സഹോദരനും സ്റ്റേഡിയം ഒന്നടങ്കം ആദരാഞ്ജലി അർപ്പിച്ചു.
കളിയുടെ തുടക്കത്തിൽ ലിവർപൂൾ ആധിപത്യം പുലർത്തി. പുതിയ താരം ഹ്യൂഗോ എകിറ്റികെ, കോഡി ഗാക്പോ എന്നിവരിലൂടെ അവർ രണ്ട് ഗോളിന് മുന്നിലെത്തി. എന്നാൽ ശക്തമായി തിരിച്ചടിച്ച ബോൺമൗത്ത്, അന്റോയിൻ സെമെന്യോ നേടിയ ഇരട്ട ഗോളുകളിലൂടെ മത്സരം 2-2 എന്ന സമനിലയിലാക്കി.
കളി സമനിലയിൽ അവസാനിക്കുമെന്ന് കരുതിയ ഘട്ടത്തിലാണ് ലിവർപൂൾ വീണ്ടും കരുത്തുകാട്ടിയത്. 88-ാം മിനിറ്റിൽ ഫെഡറിക്കോ ചിയേസയും, കളി തീരാൻ നിമിഷങ്ങൾ ബാക്കിനിൽക്കെ മുഹമ്മദ് സലാഹും ഗോൾ നേടിയതോടെ ലിവർപൂൾ ഗാലറി ആവേശത്തിലമർന്നു.
അതേസമയം, ബോൺമൗത്ത് താരം സെമെന്യോയ്ക്ക് നേരെ ഒരു കാണിയുടെ ഭാഗത്തുനിന്ന് വംശീയാധിക്ഷേപം ഉണ്ടായത് കളി കുറച്ചു സമയം തടസ്സപ്പട്ടു. ഇതേത്തുടർന്ന് ഇയാളെ സ്റ്റേഡിയത്തിൽ നിന്ന് പുറത്താക്കുകയുമുണ്ടായി.
സീസണിലെ ആദ്യ മത്സരത്തിൽ തന്നെ നിർണായകമായ മൂന്ന് പോയിന്റുകൾ നേടാനായത് ലിവർപൂളിന്റെ ആത്മവിശ്വാസം വർദ്ധിപ്പിക്കും.