ആഴ്സണൽ ആരാധകർക്ക് ദുഃഖവാർത്ത! അവരുടെ പ്രതിരോധനിരയിലെ കരുത്തനായ ഗബ്രിയേൽ മഗൽഹെയ്‌സിന് ഗുരുതരമായ പരിക്ക്. ഹാംസ്ട്രിംഗ് പ്രശ്നത്തെ തുടർന്ന് ശസ്ത്രക്രിയ ആവശ്യമായി വന്നിരിക്കുകയാണ്. ഈ സീസണിലെ ബാക്കിയുള്ള എല്ലാ മത്സരങ്ങളും താരത്തിന് നഷ്ടമാകും.
വരും ദിവസങ്ങളിൽ മഗൽഹെയ്‌സ് ശസ്ത്രക്രിയക്ക് വിധേയനാകും. തുടർന്ന് അദ്ദേഹത്തിന് റിക്കവറി, റീഹാബിലിറ്റേഷൻ പ്രോഗ്രാമുകളിലൂടെ കടന്നുപോകേണ്ടി വരും. അടുത്ത സീസണിന്റെ തുടക്കത്തിൽ തിരിച്ചെത്താനാണ് അദ്ദേഹം ലക്ഷ്യമിടുന്നത്.
ഈ പരിക്ക് മൂലം യുവേഫ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ ഉൾപ്പെടെ ഈ സീസണിലെ ആഴ്സണലിന്റെ എല്ലാ മത്സരങ്ങളും ഗബ്രിയേലിന് നഷ്ടമാകും. ജൂണിലെ ബ്രസീലിന്റെ അന്താരാഷ്ട്ര മത്സരങ്ങളിലും അദ്ദേഹത്തിന് കളിക്കാനാകില്ല.
ഇതോടെ റയൽ മാഡ്രിഡിന് എതിരായ മത്സരത്തിൽ ഗബ്രിയേൽ ഉണ്ടാകില്ല. ഏപ്രിൽ 9-ന് ഇന്ത്യൻ സമയം 12:30 AM-ന് നടക്കുന്ന യുവേഫ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ ആഴ്സണൽ റയൽ മാഡ്രിഡിനെ നേരിടും. ഏപ്രിൽ 17-നാണ് രണ്ടാം പാദ മത്സരം. ഗബ്രിയേലിന്റെ അഭാവം ആഴ്സണലിന് വലിയ തിരിച്ചടിയാകും.