12 വർഷത്തെ ഇടവേളയ്ക്ക് ശേഷം നെയ്മർ ജൂനിയർ സാന്റോസിലേക്ക് തിരിച്ചെത്തി. സൗദി ക്ലബ്ബായ അൽ-ഹിലാലിൽ നിന്നാണ് താരം പഴയ ക്ലബ്ബിലേക്ക് മടങ്ങിയെത്തിയത്. എസ്റ്റാഡിയോ വില ബെൽമിറോയിൽ ബോട്ടാഫോഗോയ്‌ക്കെതിരെയായിരുന്നു നെയ്മറുടെ തിരിച്ചുവരവ് മത്സരം. മത്സരം 1-1 ന് സമനിലയിൽ അവസാനിച്ചു.
“ഈ മൈതാനത്ത് വീണ്ടും കാലുകുത്തുമ്പോൾ എനിക്ക് വാക്കുകൾ കിട്ടുന്നില്ല,” നെയ്മർ പറഞ്ഞു. “എനിക്ക് കൂടുതൽ മത്സരങ്ങൾ വേണം. ഇപ്പോഴും ഞാൻ 100% ഫിറ്റല്ല. നാലോ അഞ്ചോ മത്സരങ്ങൾ കൂടി കളിച്ചാൽ ഞാൻ മികച്ചതാകും.”
2011-ലെ കോപ്പ ലിബർട്ടഡോറസ് ഉൾപ്പെടെ ആറ് കിരീടങ്ങൾ നെയ്മർ സാന്റോസിനായി നേടിയിട്ടുണ്ട്. 2013-ൽ ബാഴ്‌സലോണയിലേക്ക് പോകുന്നതിന് മുമ്പ് 225 മത്സരങ്ങളിൽ നിന്ന് 136 ഗോളുകൾ നേടിയിരുന്നു. 2017-ൽ റെക്കോർഡ് തുകയ്ക്ക് പിഎസ്ജിയിലേക്ക് ചേക്കേറി. 2022-ൽ സൗദി അറേബ്യയിലേക്ക് പോയെങ്കിലും പരിക്കേറ്റതിനെ തുടർന്ന് ഏഴ് മത്സരങ്ങളിൽ മാത്രമേ കളിക്കാൻ കഴിഞ്ഞുള്ളൂ.
ബ്രസീലിയൻ ഇതിഹാസം പെലെയുടെ പഴയ ക്ലബ്ബായ സാന്റോസ് 2023-ൽ ടോപ്പ് ഡിവിഷനിൽ നിന്ന് തരംതാഴ്ത്തപ്പെട്ടിരുന്നു. എന്നാൽ കഴിഞ്ഞ സീസണിൽ വീണ്ടും ടോപ്പ് ഡിവിഷനിലേക്ക് തിരിച്ചെത്തി.