പരിക്ക് അവഗണിച്ചും കളിക്കാനിറങ്ങിയ സൂപ്പർതാരം നെയ്മർ രക്ഷകനായി അവതരിച്ചപ്പോൾ, ബ്രസീൽ ലീഗ് സീരി എയിലെ തരംതാഴ്ത്തൽ ഭീഷണിയിൽനിന്ന് കൂടിയാണ് സാന്‍റോസ് ക്ലബ് കരകയറിയത്. ലീഗിലെ നിർണായക മത്സരത്തിൽ സ്പോർട് റെസിഫെക്കെതിരെ മറുപടിയില്ലാത്ത മൂന്നു ഗോളിനാണ് സന്‍റോസ് ജയിച്ചുകയറിയത്.
ഗുരുതരമായ മെനിസ്‌കസ് പരിക്കുണ്ടായിട്ടും കളത്തിലിറങ്ങിയ സുൽത്താൻ നെയ്മർ ഗോളടിക്കുകയും മറ്റൊരു ഗോളിന് വഴിയൊരുക്കുകയും ചെയ്ത് കളിയിലെ താരമായി. ലീഗിൽ മൂന്നു മത്സരങ്ങൾ മാത്രം ശേഷിക്കെ 17ാം സ്ഥാനത്തുള്ള സാന്‍റോസിന് തരംതാഴ്ത്തൽ ഭീഷണി ഒഴിവാക്കാൻ ജയം അനിവാര്യമായിരുന്നു. ഇതോടെയാണ് ഡോക്ടർമാരുടെ ഉപദേശം അവഗണിച്ചും നെയ്മർ തന്‍റെ ബാല്യകാല ക്ലബിനെ നാണക്കേടിൽനിന്ന് രക്ഷിക്കാനായി മൈതാനത്തിറങ്ങിയത്. പരിക്കേറ്റ നെയ്മറിന് സീസണിലെ എല്ലാ മത്സരങ്ങളും നഷ്ടമാകുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. താരത്തിന്‍റെ ലോകകപ്പ് പങ്കാളിത്തവും സംശയത്തിലാണ്.
താരത്തിന് ശസ്ത്രക്രിയയും നീണ്ട വിശ്രമവും ആവശ്യമാണെന്നാണ് ഡോക്ടർമാർ നൽകിയ ഉപദേശം. എന്നാൽ, താരത്തിന് എല്ലാത്തിനും വലുത് ടീമിനെ ജയിപ്പിച്ച് തരംതാഴ്ത്തൽ ഭീഷണിയിൽനിന്ന് രക്ഷിക്കുക എന്നതായിരുന്നു. കളംനിറഞ്ഞ് കളിച്ച് ആ ലക്ഷ്യം നേടിയാണ് താരം കളംവിട്ടത്. 25ാം മിനിറ്റിൽ നെയ്മറിലൂടെയാണ് സാന്‍റോസ് ആദ്യം ലീഡെടുത്തത്. 36ാം മിനിറ്റിൽ സ്പോർട് റെസിഫെ താരം ലൂക്കാസ് കലിന്റെ ഓൺ ഗോളിലൂടെ ലീഡ് ഇരട്ടിയായി. 67ാം മിനിറ്റിൽ ജാവോ ഷ്മിത്തും വലകുലുക്കിയതോടെ സാന്‍റോസിന് തകർപ്പൻ ജയം. സൗദി ക്ലബ് അൽ ഹിലാലിൽനിന്ന് സാന്‍റോസിലെത്തിയ നെയ്മറിന് ഇവിടെയും പരിക്ക് വേട്ടയാടുന്നതാണ് കണ്ടത്.
ലോക ഫുട്ബാളിലെ സൂപ്പർ താരം അണിനിരന്നിട്ടും സാന്‍റോസ് നാണംകെട്ട തോൽവികൾ ഏറ്റുവാങ്ങി. നിലവിൽ 36 മത്സരങ്ങളിൽനിന്ന് 41 പോയന്‍റുമായി 15ാം സ്ഥാനത്താണ് സാന്‍റോസ്. 20 ടീമുകളാണ് ലീഗിൽ കളിക്കുന്നത്. അവസാന സ്ഥാനത്തുള്ള നാലു ടീമുകളെയാണ് തരംതാഴ്ത്തുക. ലീഗിൽ ഇനിയും രണ്ടു മത്സരങ്ങളുണ്ട്. ഈ രണ്ടു മത്സര ഫലങ്ങളും ടീമിന് നിർണായകമാണ്.
ലോകകപ്പിന് മുമ്പ് താരത്തിന് പൂർണ ഫിറ്റ്നസ് വീണ്ടെടുക്കാനുള്ള സാധ്യതകൾ സംശയത്തിലാണ്. 2025ൽ ഹാംസ്ട്രിങ് പരിക്കും മറ്റ് പേശീ സംബന്ധമായ പ്രശ്നങ്ങളും കാരണം നിരവധി മത്സരങ്ങൾ നഷ്ടമായിരുന്നു. ബ്രസീൽ ദേശീയ ടീം പരിശീലകൻ കാർലോ ആഞ്ചലോട്ടി ലോകകപ്പിന് മുന്നോടിയായി ഫിറ്റ്നസ് തെളിയിക്കാൻ നെയ്മറിന് ആറ് മാസത്തെ സമയം നൽകിയിട്ടുണ്ട്. എന്നാൽ, പുതിയ പരിക്ക് വില്ലനാകുമോ എന്ന ആശങ്കയിലാണ് ആരാധകർ.
