മെസ്സിക്ക് എതിരാളിയായി നെയ്മർ അമേരിക്കൻ ലീഗിലേക്ക്? പ്രാഥമിക ചർച്ചകൾ നടത്തി താരം

ഫുട്ബാൾ ഇതിഹാസം ലയണൽ മെസ്സിയുടെ എതിരാളിയായി ബ്രസീൽ സൂപ്പർതാരം നെയ്മർ കളിക്കുമോ? അമേരിക്കയിലെ മേജർ ലീഗ് സോക്കറിലേക്ക് (എം.എൽ.എസ്) നെയ്മറും കൂടുമാറുമെന്ന റിപ്പോർട്ടുകളാണ് കായിക ലോകത്തുനിന്ന് പുറത്തുവരുന്നത്. എം.എൽ.എസിലെ എഫ്.സി സിൻസിനാറ്റി ക്ലബുമായി മുൻ ബാഴ്സ-പി.എസ്.ജി താരത്തിന്‍റെ പ്രതിനിധികൾ പ്രാഥമിക ചർച്ചകൾ നടത്തി.

നിലവിൽ 34കാരനായ നെയ്മർ തന്‍റെ ബാല്യകാല ക്ലബായ സാന്‍റോസിനുവേണ്ടിയാണ് കളിക്കുന്നത്. ചർച്ചകൾ പ്രാരംഭഘട്ടത്തിൽ മാത്രമാണ്. കൂടാതെ, താരത്തിന്‍റെ പ്രതിഫലത്തിൽ ഉൾപ്പെടെ വ്യക്തത വരാനുണ്ടെന്നും ലീഗിലേക്ക് വരാൻ സന്നദ്ധനാണോ എന്ന കാര്യത്തിൽ ഉറപ്പ് ലഭിച്ചിട്ടില്ലെന്നും സിൻസിനാറ്റി മാനേജ്മെന്‍റുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങൾ പറയുന്നു. സാന്‍റോസുമായി വർഷാവസാനം വരെ നെയ്മറിന് കരാറുണ്ട്. നേരത്തെ തന്നെ താരം അമേരിക്കൻ ലീഗിലേക്ക് പോയേക്കുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു.

കഴിഞ്ഞ വർഷം ചിക്കാഗോ ഫയർ എഫ്.സി, ന്യൂയോർക്ക് സിറ്റി എഫ്.സി ക്ലബുകളുമായി ബന്ധപ്പെട്ട് താരത്തിന്‍റെ പേരുകൾ ഉയർന്നുവന്നിരുന്നു. നെയ്മറിന്‍റെ ലോകകപ്പ് സ്വപ്നങ്ങൾ ഏറെക്കുറെ അടഞ്ഞതായാണ് സൂചന. ജൂൺ, ജൂലൈ മാസങ്ങളിലായി നടക്കുന്ന ലോകകപ്പിനുള്ള അന്തിമ ടീമിനെ ഒരുക്കുന്നതിനുള്ള അവസാന സന്നാഹ മത്സരങ്ങളിലും പരിശീലകൻ കാർലോ ആഞ്ചലോട്ടി താരത്തെ ഉൾപ്പെടുത്തിയിരുന്നില്ല. ഒടുവിലത്തെ പരിക്കിൽനിന്ന് മുക്തനായി ബ്രസീൽ സീരീ എയിൽ സാന്‍റോസിനായി കളത്തിലിറങ്ങിയെങ്കിലും താരം പൂർണമായി കായികക്ഷമത വീണ്ടെടുത്തിട്ടില്ല.

ർണ ഫിറ്റ്നസ് നേടാത്തതിനെ തുടർന്നാണ് നെയ്മറിനെ ടീമിൽനിന്ന് ഒഴിവാക്കിയത്. 2023ൽ മുട്ടിനേറ്റ പരിക്കിനുശേഷം നെയ്മർ ബ്രസീൽ ടീമിനായി ഇതുവരെ ബൂട്ടണിഞ്ഞിട്ടില്ല. ലോകകപ്പ് കൂടി ലക്ഷ്യമിട്ടാണ് താരം തന്‍റെ ബാല്യകാല ക്ലബിലേക്ക് തിരിച്ചുവന്നത്. ഇവിടെയും താരത്തിന് സ്ഥിരതയാർന്ന പ്രകടനം തുടരാനായില്ല. പരിക്കുകളാണ് തിരിച്ചടിയായത്. അടുത്തിടെ പേശിയിലുണ്ടായ പരിക്കിനെ തുടർന്നും മത്സരങ്ങൾ നഷ്ടമായി.

അമേരിക്ക, മെക്‌സിക്കോ, കാനഡ എന്നിവർ സംയുക്ത വേദിയാകുന്ന ലോകകപ്പിൽ 34കാരനായ നെയ്മറിന്‍റെ പങ്കാളിത്ത സാധ്യത ആഞ്ചലോട്ടി പൂർണമായി തള്ളിക്കളയുന്നില്ല. ‘എന്തുകൊണ്ടാണ് ഞാൻ ഇത്തവണ നെയ്മറിനെ വിളിക്കാത്തത്? കാരണം അദ്ദേഹം 100 ശതമാനം ഫിറ്റ് അല്ല, നമുക്ക് 100 ശതമാനം ഫിറ്റ്നസ്സുള്ള കളിക്കാരെ വേണം’ -ഇറ്റലിക്കാരനായ ആഞ്ചലോട്ടി പറഞ്ഞു.

സാങ്കേതിക തലത്തിൽ നെയ്‌മറിന് ഒന്നും തെളിയിക്കാനില്ലെന്നും താരത്തെ ഒഴിവാക്കാനുള്ള തീരുമാനം കൂട്ടായി എടുത്തതാണെന്നും ആഞ്ചലോട്ടി വ്യക്തമാക്കി. ‘ഇതൊരു ശാരീരിക വിലയിരുത്തലാണ്, സാങ്കേതിക വിലയിരുത്തലല്ല. പന്ത് നിയന്ത്രിക്കുന്നതിൽ മികച്ചവനാണ്, പക്ഷേ ശാരീരികമായി മെച്ചപ്പെടേണ്ടതുണ്ട്, നൂറു ശതമാനത്തിലേക്ക് എത്തിച്ചേരേണ്ടതുണ്ട്’ -മുൻ റയൽ മഡ്രിഡ് ബോസ് കൂട്ടിച്ചേർത്തു.



© Madhyamam