ചെൽസിയിൽ ജോസ് മൗറീഞ്ഞോയുടെ കീഴിൽ കളിച്ച കാലത്തെക്കുറിച്ച് മനസ്സ് തുറന്ന് ലിവർപൂൾ താരം മുഹമ്മദ് സല. സ്റ്റാംഫോർഡ് ബ്രിഡ്ജിലെ ബുദ്ധിമുട്ടേറിയ കാലഘട്ടമായിരുന്നിട്ടും, പോർച്ചുഗീസ് പരിശീലകനോട് തനിക്ക് ഇപ്പോഴും വലിയ ബഹുമാനമാണുള്ളതെന്ന് സല വ്യക്തമാക്കി.
2014-ൽ മൗറീഞ്ഞോയുടെ കീഴിലാണ് സല പ്രീമിയർ ലീഗിൽ അരങ്ങേറ്റം കുറിച്ചത്. എന്നാൽ ടീമിൽ സ്ഥിരമായി അവസരം ലഭിക്കാൻ താരം ഏറെ പ്രയാസപ്പെട്ടു. ചെൽസി വിട്ട് ഇറ്റാലിയൻ ഫുട്ബോളിലേക്ക് ചേക്കേറും മുൻപ് വെറും 13 മത്സരങ്ങളിൽ മാത്രമാണ് സലയ്ക്ക് ബൂട്ടണിയാൻ സാധിച്ചത്.
തുടർന്ന് ലോൺ അടിസ്ഥാനത്തിൽ എസി ഫിയോറെന്റീനയിലും പിന്നീട് എഎസ് റോമയിലും കളിച്ചാണ് സല തന്റെ കരിയർ തിരിച്ചുപിടിച്ചത്. 2017-ൽ ലിവർപൂളിലെത്തിയ താരം, പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച മുന്നേറ്റനിര താരങ്ങളിൽ ഒരാളായി വളർന്നു.
ചെൽസി വിട്ടതിനെക്കുറിച്ച് സല പറയുന്നത് ഇങ്ങനെ: “ജോസുമായുള്ള സംഭാഷണം ഞാൻ ഇപ്പോഴും ഓർക്കുന്നുണ്ട്. അദ്ദേഹം വളരെ നല്ലൊരു വ്യക്തിയാണ്. ഞാൻ അദ്ദേഹത്തെ ഇഷ്ടപ്പെടുന്നു. എന്റെ ജീവിതത്തിൽ എനിക്ക് ലഭിച്ച ഏറ്റവും മികച്ച പരിശീലകരിൽ ഒരാളാണദ്ദേഹം. ഞങ്ങളുടെ ബന്ധം ഇപ്പോൾ വളരെ നല്ലതാണ്. അതിനാൽ ഞാൻ അദ്ദേഹത്തെ വെറുക്കുന്നു എന്ന് ആരും കരുതരുത്.”
“ഞാൻ അദ്ദേഹത്തെ സ്നേഹിക്കുന്നു. ഞാൻ ക്ലബ്ബിൽ തുടരണമെന്നും, അല്ലെങ്കിൽ ലോണിൽ ഏതെങ്കിലും ക്ലബ്ബിൽ പോയി തിരികെ വരണമെന്നുമാണ് അദ്ദേഹം അന്ന് പറഞ്ഞത്. എന്നാൽ എനിക്ക് അതിൽ താല്പര്യമില്ലായിരുന്നു. എനിക്ക് മറ്റൊരു വെല്ലുവിളി ആവശ്യമായിരുന്നു.”
“അന്ന് എന്നിൽ വലിയ സമ്മർദ്ദമുണ്ടായിരുന്നു. എനിക്ക് ഇറ്റലിയിലേക്ക് പോകണം എന്നായിരുന്നു ആഗ്രഹം. അവിടെ ഫുട്ബോൾ കളിക്കാനാണ് ഞാൻ ആഗ്രഹിച്ചത്. ലോണിൽ പോയി തിരികെ വരാൻ എനിക്ക് താല്പര്യമുണ്ടായിരുന്നില്ല,” സല കൂട്ടിച്ചേർത്തു.
