പുലർച്ചെ നടന്ന മേജർ ലീഗ് സോക്കർ (MLS) മത്സരത്തിൽ ഈസ്റ്റേൺ കോൺഫറൻസ് ചാമ്പ്യന്മാരായ എഫ്‌സി സിൻസിനാറ്റിയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി ഇന്റർ മിയാമി.
ഇന്റർ മിയാമി സൂപ്പർ താരം ലയണൽ മെസ്സി കോപ്പ അമേരിക്ക ഫൈനലിൽ പരിക്കേറ്റതിനാൽ ഇന്നലത്തെ മത്സരത്തിലും കളിക്കാനായില്ല. എന്നാൽ മുൻ ബാഴ്‌സലോണ താരങ്ങളായ സെർജിയോ ബുസ്‌ക്വെറ്റ്‌സ്, ജോർഡി ആൽബ, ലൂയിസ് സുവാരസ് എന്നിവർ മൈതാനത്ത് ഇറങ്ങി.
ആദ്യ 30 സെക്കൻഡിനുള്ളിൽ തന്നെ സുവാരസ് സ്കോർ ചെയ്തു. പെനൽറ്റി ഏരിയയിൽ ലഭിച്ച ബോൾ ഗോൾ വലയിലേക്ക് ആക്കുകയായിരുന്നു. അഞ്ച് മിനിറ്റുകൾക്കു ശേഷം, മാറ്റിയസ് റോജാസുമായി യോജിച്ച് സുവാരസ് നേടി മത്സരത്തിലെ രണ്ടാം ഗോളും നേടി.
സിൻസിനാറ്റിയും മത്സരത്തിൽ മികച്ച പ്രകടനം കാഴ്ച വച്ചെങ്കിലും ഗോൾ കണ്ടെത്താനായില്ല. സിൻസിനാറ്റിയുടെ 17 ഷോട്ടുകളിൽ അതിൽ 8 എണ്ണവും ടാർഗെറ്റിലായിരുന്നു. അതേസമയം, ഇന്റർ മിയാമിക്ക് ഗോൾ വലയിലേക്ക് അഞ്ച് ഷോട്ടുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതിൽ മൂന്ന് എണ്ണം ടാർഗെറ്റിലായിരുന്നു.
ഈ വിജയത്തോടെ കിഴക്കൻ കോൺഫറൻസ് ടോപ്പിൽ സിൻസിനാറ്റിക്ക് മേൽ 8 പോയിന്റ് ലീഡ് ഇന്റർ മിയാമി നേടി. കൂടാതെ, സുവാരസ് ഇരട്ട ഗോൾ നേടി ലീഗിലെ ടോപ് സ്കോറർമാരുടെ പട്ടികയിൽ നാലാം സ്ഥാനത്തെത്തി. 14 ഗോളും 5 അസിസ്റ്റുമാണ് താരം നേടിയിരിക്കുന്നത്. റിയൽ സാൾട്ട് ലേക്കിന്റെ ക്രിസ്റ്റ്യൻ അറാഞ്ചോയാണ് 17 ഗോളുകളുമായി ടോപ് സ്കോറർ.
അതേസമയം, ലയണൽ മെസ്സി ഈ മാസം അവസാനത്തോടെ ടീമിനൊപ്പം ചേരുമെന്ന് ഇൻറർ മിയാമി കോച്ച് അറിയിച്ചു.
MLS ഇന്റർ മിയാമി 2–0 എഫ്‌സി സിൻസിനാറ്റി
ഗോളുകൾ: സുവാരസ് 1’, 6’