ഹൈദരാബാദ്: ലയണൽ മെസ്സിയുടെയും കൂട്ടുകാരുടെയും ഇന്ത്യ പര്യടനത്തിനിടെ ഹൈദരാബാദിൽ നിന്നും വേറിട്ട വാർത്ത. ലയണൽ മെസ്സി, സഹതാരങ്ങളായ ലൂയി സുവാരസ്, റോഡ്രിഗോ ഡി പോൾ എന്നിവർക്കായി ഹൈദരാബാദിൽ നൽകിയ സ്വീകരണ പരിപാടിക്കിടെ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും എത്തിയപ്പോഴായിരുന്നു സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന ഒരു നാക്കുപിഴയുടെ തുടക്കം. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി കുടി പങ്കെടുത്ത ചടങ്ങിൽ ഇന്ത്യയിലെ സന്ദർശനത്തിനും സ്നേഹത്തിനും ആരാധകരോടും രാജ്യത്തോടുമുള്ള മെസ്സിയുടെ നന്ദി പറയവെ മാനേജർ രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയാക്കി.
നിറഞ്ഞു കവിഞ്ഞ ഗാലറിക്കു മുമ്പാകെ, ലയണൽ മെസ്സി സ്പാനിഷിലായിരുന്നു സംസാരിച്ചത്. ഇത് ഇംഗ്ലീഷിലേക്ക് മൊഴിമാറ്റിയപ്പോൾ മെസ്സിയുടെ മാനേജർക്ക് രാഹുൽ ഗാന്ധി ഇന്ത്യൻ പ്രധാനമന്ത്രിയായി.
ഹൈദരാബാദിനും ഇന്ത്യക്കും പ്രധാനമന്ത്രിക്കും നന്ദിയെന്നായിരുന്നു വാക്കുകൾ. വീഡിയോയുടെ ഭാഗം പങ്കുവെച്ച സാമൂഹിക മാധ്യമ ഹാൻഡിലുകൾ രാഹുലിനെ പരിഹസിച്ചും, പ്രധാനമന്ത്രിയായി കാണട്ടെ എന്ന് ആശംസിച്ചും രംഗത്തുവന്നു. 2019ൽ തന്നെ എന്റെ മനസ്സിൽ രാഹുൽ ഇന്ത്യയുടെ പ്രധാനമന്ത്രിയാണെന്നായിരുന്നു കോൺഗ്രസ് അനുകൂല സോഷ്യൽമീഡിയ ഹാൻഡിലായ ലത ടൗറോയുടെ പ്രതികരണം. വോട്ട് ചോരി നടന്നിട്ടില്ലായിരുന്നെങ്കിൽ രാഹുൽ പ്രധാനമന്ത്രിയാണെന്നും കുറിച്ചു. അതേസമയം, രാഹുലിനെ രൂക്ഷമായ ഭാഷയിൽ പരിഹസിച്ച് എതിർ രാഷ്ട്രീയക്കാരുമുണ്ട്.
ഗോട്ട് ടൂറിന്റെ രണ്ടാം ദിനത്തിലായിരുന്നു ലയണൽ മെസ്സിയും സംഘവും ഹൈദരാബാദിലെത്തിയത്. കൊൽക്കത്തയിൽ ആരാധക സംഘർഷത്തിൽ കാലശിച്ചതിനു പിന്നാലെ, ഹൈദരാബാദിൽ ഹൃദ്യമായ സ്വീകരണമായിരുന്നു ഒരുക്കിയത്. മെസ്സിയും മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും പന്തു തട്ടി ആരാധക ഹൃദയം കവർന്നു.
മെസ്സിയും സംഘവും സ്റ്റേഡിയത്തിലെ ആരാധകരെ വലയം ചെയ്തു. ഏതാനും പന്തുകൾ സ്റ്റേഡിയത്തിലെ ആരാധകർക്കുനേരെ അടിച്ചുകൊടുത്തു. പിന്നാലെ രാഹുൽ ഗാന്ധിക്ക് കൈകൊടുക്കുകയും ഒരുമിച്ചു ഫോട്ടോയെടുക്കുകയും ചെയ്തു.
