മെസ്സിപ്പട നവംബറിൽ കേരളത്തിലേക്ക് വരില്ല…; വെളിപ്പെടുത്തി അർജന്‍റീന ഫുട്ബാൾ അസോസിയേഷൻ വൃത്തങ്ങൾ

ബ്വേനസ്ഐയ്റിസ്: ലയണൽ മെസ്സിയും അർജന്‍റീന ഫുട്ബാൾ ടീമും നവംബറിൽ കേരളത്തിൽ എത്തില്ലെന്ന് വീണ്ടും അർജന്‍റീന മാധ്യമങ്ങൾ. ലോകചാമ്പ്യന്മാരെ വരവേൽക്കാൻ ഒരുക്കങ്ങൾ തകൃതിയായി നടക്കുന്നതിനിടെയാണ് മലയാളി ഫുട്ബാൾ ആരാധകരെ നിരാശപ്പെടുത്തുന്ന വാർത്ത പുറത്തുവരുന്നത്.

അർജന്‍റീന ഫുട്ബാൾ അസോസിയേഷൻ (എ.എഫ്.എ) വൃത്തങ്ങളെ ഉദ്ധരിച്ച് അർജന്‍റീനയിലെ ദിനപത്രമായ ‘ദ നേഷനാ’ണ് ഈ വിവരം പുറത്തുവിട്ടത്. നിർഭാഗ്യവശാൽ ഇന്ത്യ കരാറിലെ വ്യവസ്ഥകൾ തുടർച്ചയായി ലംഘിച്ചെന്നും അതിനാൽ കരാർ പ്രകാരമുള്ള മത്സരം എ.എഫ്.എ മറ്റൊരു തീയതിയിലേക്ക് നീട്ടുന്നത് പരിഗണിക്കുകയാണെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്. ‘നവംബറിൽ തന്നെ മത്സരം നടത്താൻ സാധ്യമായതെല്ലാം ചെയ്തിരുന്നു, മത്സരം നടക്കുന്ന ഗ്രൗണ്ടും ഹോട്ടലും കാണാനായി അസോസിയേഷൻ പ്രതിനിധി സംഘം ഇന്ത്യ സന്ദർശിച്ചു.

പക്ഷേ ഇന്ത്യക്ക് കരാറിലെ വ്യവസ്ഥകൾ പൂർണമായി പാലിക്കാനായില്ല. അതിനാൽ മാർച്ചിലെ ഫൈനലിസിമക്കുശേഷം ഇന്ത്യയിൽ കളിക്കുന്നതാണ് പരിഗണിക്കുന്നത്’ -റിപ്പോർട്ട് പറയുന്നു. നേരത്തെ, അർജന്റീനയുടെ കേരളത്തിലെ മത്സര ഷെഡ്യൂളിൽ മാറ്റങ്ങൾ വരാൻ സാധ്യതയെന്ന് പ്രമുഖ സ്പോർട്സ് ചാനലായ ‘ടിവൈ.സി സ്പോർട്സും’ മുൻഡോ ആൽബിസെലസ്റ്റെയും റിപ്പോർട്ട് ചെയ്തിരുന്നു.

അർജന്‍റീനയുടെ അടുത്ത രണ്ടു സൗഹൃദ മത്സരങ്ങളും അംഗോളയയിൽ തന്നെയാകും നടക്കുക, വ്യത്യസ്ത ടീമുകളായിരിക്കും എതിരാളികൾ. കോപ അമേരിക്ക ചാമ്പ്യന്മാരായ അർജന്റീനയും യുവേഫ യൂറോ ചാമ്പ്യന്മാരായ സ്പെയിനും ഏറ്റുമുട്ടുന്ന ഫൈനലിസിമ പോരാട്ടം 2026 മാർച്ച് 28നാണ്. ഖത്തറിലെ ലുസൈൽ അന്താരാഷ്ട്ര സ്റ്റേഡിയമാണ് വേദിയായി പരിഗണിക്കുന്നത്. സംഘാടകരായ യുവേഫയോ തെക്കനമേരിക്കൻ ഫുട്ബാൾ ഫെഡറേഷനോ, ആതിഥേയ രാജ്യമായ ഖത്തറോ ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല.

ഫൈനലിസിമക്കുശേഷം ഇന്ത്യയിൽ സൗഹൃദ മത്സരം കളിക്കാമെന്നാണ് അർജന്‍റീന ഫുട്ബാൾ അസോസിയേഷൻ പരിഗണിക്കുന്നത്. രണ്ടു വർഷത്തോളം നീണ്ട കാത്തിരിപ്പിനൊടുവിൽ ഒരു മാസം മുമ്പാണ് അർജന്റീന ടീമിന്റെ കേരളാ ടൂർ സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമുണ്ടായത്. അർജന്റീന ഫുട്ബാൾ അസോസിയേഷൻ തന്നെയാണ് ടീം പര്യടനം സ്ഥിരീകരിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ മത്സരത്തിന് വേദിയൊരുക്കാനുള്ള നടപടികളുമായി കേരള സർക്കാറും സ്പോൺസർമാരും മുന്നോട്ടുപോകുന്നതിനിയൊണ് ആരാധകരെ നിരാശപ്പെടുത്തുന്ന വാർത്തകൾ അർജന്റീന മാധ്യമങ്ങൾ പുറത്തുവിടുന്നത്.

നിലവിൽ നവംബർ ആദ്യവാരത്തിൽ അംഗോളയിൽ അർജന്റീന കളിക്കും. 50ാം സ്വാതന്ത്ര്യ വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് മെസ്സിപ്പട അംഗോളയിലെത്തുന്നത്. ഇതിനു പിന്നാലെ നവംബർ 15-17 തീയതിയിൽ കേരളത്തിലെത്തുമെന്നാണ് അറിയിച്ചുരുന്നത്. എന്നാൽ, റിപ്പോർട്ടുകൾ പ്രകാരം രണ്ടാം മത്സരവും അംഗോളയിൽ തന്നെ കളിക്കുമെന്നാണ് സൂചന. കഴിഞ്ഞ ലോകകപ്പിൽ അട്ടിമറി കുതിപ്പുമായി മുന്നേറി സെമി ഫൈനൽ വരെയെത്തിയ മൊറോക്കോ എതിരാളികളാകും ഡിസംബറിൽ നടക്കുന്ന ലോകകപ്പ് നറുക്കെടുപ്പിന് മുമ്പായി ഈ രണ്ടു മത്സരങ്ങൾ മാത്രമായിരിക്കും ടീം കളിക്കുന്നത്.

ലോകചാമ്പ്യന്മാരായ മെസ്സിയെയും സംഘത്തെയും വരവേൽക്കാനൊരുങ്ങുന്ന ഇന്ത്യയിലെ അർജന്റീന ആരാധകർക്ക് വലിയ നിരാശ സമ്മാനിക്കുന്നതാണ് പുതിയ റിപ്പോർട്ട്.

2011ന് ശേഷം ആദ്യമായി ഇന്ത്യയിലെത്തുന്ന അർജന്റീനയുടെ മത്സരത്തിന് കൊച്ചി കലൂർ അന്താരഷ്ട്ര സ്റ്റേഡിയമാണ് വേദിയായി നിശ്ചയിച്ചത്. അർജന്റീന ഫുട്ബാൾ അസോസിയേഷൻ പ്രതിനിധികൾ രണ്ടാഴ്ച മുമ്പ് കൊച്ചി സന്ദർശിച്ച് ഒരുക്കങ്ങൾ വിലയിരുത്തിയിരുന്നു. കേരളത്തിലെത്തുന്ന അർജന്റീന ടീമിന്റെ വിവരങ്ങൾ സ്പോൺസർമാർ കഴിഞ്ഞ ദിവസം പങ്കുവെക്കുകയും ചെയ്തു. ഇതിനിടെയാണ് പുതിയ വാർത്തകൾ റിപ്പോർട്ടു ചെയ്യുന്നത്.



© Madhyamam