സീസണിന് ശേഷം വിയ്യാറയൽ വിട്ടേക്കും; സൂചന നൽകി പരിശീലകൻ മാർസെലിനോ


കഡെന സെർ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, ഈ വേനൽക്കാലത്ത് വിയ്യാറയൽ പരിശീലകൻ മാഴ്സലീനോ ഗാർഷ്യ ടോറൽ ക്ലബ് വിടാൻ സാധ്യതയുണ്ട്. ക്രിസ്മസിന് ശേഷം നടന്ന നിർണായക ചർച്ചകളിൽ ക്ലബിന്റെ ഭാവി പദ്ധതികളെക്കുറിച്ച് ധാരണയിലെത്താൻ സാധിക്കാത്തതാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്.

ഈ സീസണിൽ വിയ്യാറയൽ മികച്ച പ്രകടനം കാഴ്ചവെക്കുകയും ചാമ്പ്യൻസ് ലീഗിലേക്ക് യോഗ്യത നേടുകയും ചെയ്തിട്ടുണ്ടെങ്കിലും, ക്ലബ്ബിലെ നിക്ഷേപങ്ങളെയും സാമ്പത്തിക ചെലവുകളെയും ചൊല്ലി പരിശീലകനും മാനേജ്‌മെന്റും തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾ നിലനിൽക്കുന്നുണ്ട്.

ഈ വിഷയത്തിൽ ഉടൻ തന്നെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്ന് മാഴ്സലീനോ സൂചന നൽകി. “ഉടൻ തന്നെ ഇക്കാര്യം വ്യക്തമാകും. ഈ ആഴ്ചയല്ലെങ്കിൽ അടുത്ത ആഴ്ചയോടെ തീരുമാനമാകും. ക്ലബിന്റെ ചരിത്രത്തിൽ ആദ്യമായി ചാമ്പ്യൻസ് ലീഗ് യോഗ്യത നേടിയ ഈ നിമിഷം നമുക്ക് ആസ്വദിക്കാം. പിന്നീട് സംഭവിക്കുന്നത് സംഭവിക്കട്ടെ. ഇരുപക്ഷവും ഒരേ അഭിപ്രായത്തിലെത്തിയാൽ അത് ക്ലബിന് ഏറ്റവും നല്ലതായിരിക്കും,” അദ്ദേഹം പറഞ്ഞു.

ലെവാന്റെയ്‌ക്കെതിരായ 5-1 വിജയത്തിന് ശേഷം ടീമിന്റെ നിലവിലെ മികച്ച ഫോമിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. “ടീം വളരെ മികച്ച രീതിയിലാണ് മുന്നേറുന്നത്. ഇന്ന് അവസരം ലഭിച്ച കളിക്കാർ മികച്ച പ്രകടനമാണ് നടത്തിയത്. മാസങ്ങളായി പരിക്കിന്റെ പിടിയിലായിരുന്ന വില്ലി തിരികെ എത്തിയതിൽ ഞങ്ങൾക്ക് വലിയ സന്തോഷമുണ്ട്. ഈ വിജയം ഞങ്ങൾ അദ്ദേഹത്തിനായി സമർപ്പിക്കുന്നു,” മാഴ്സലീനോ കൂട്ടിച്ചേർത്തു.

ഉയർന്ന തലത്തിൽ മത്സരിക്കാൻ കൂടുതൽ നിക്ഷേപം വേണമെന്നാണ് മാഴ്സലീനോയുടെ പക്ഷം. എന്നാൽ, യൂറോപ്യൻ വിജയങ്ങൾക്ക് ശേഷം കൂടുതൽ ചെലവഴിക്കാൻ ക്ലബ് ബോർഡ് തയ്യാറല്ല. കാഴ്ചപ്പാടുകളിലുള്ള ഈ വിടവാണ് ബന്ധം അവസാനത്തിലേക്ക് എത്താൻ പ്രധാന കാരണം.

ഈ അനിശ്ചിതത്വത്തെക്കുറിച്ച് ചോദിച്ചപ്പോൾ വളരെ ശാന്തമായാണ് അദ്ദേഹം പ്രതികരിച്ചത്. “പുതിയ പേരുകൾ ഉയർന്നു വരുന്നതും ഊഹാപോഹങ്ങൾ ഉണ്ടാകുന്നതും സ്വാഭാവികമാണ്. ഞങ്ങൾ അത് ഉൾക്കൊള്ളുന്നു, ഇതിൽ ഞങ്ങൾക്ക് യാതൊരു പ്രശ്നവുമില്ല,” അദ്ദേഹം പറഞ്ഞു.

നിലവിൽ, വിയ്യാറയലും മാഴ്സലീനോയും പിരിയാനുള്ള തീരുമാനത്തിലേക്ക് നീങ്ങുകയാണെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. ക്ലബ് അധികൃതർ ഉടൻ തന്നെ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

© Madhyamam