പരിക്കിൽ നിന്ന് പൂർണ്ണമുക്തനായില്ല; സെൽറ്റ വിഗോയ്‌ക്കെതിരായ മത്സരത്തിൽ മാർക്ക് ബെർണൽ കളിച്ചേക്കില്ല


ഡയാരിയോ സ്പോർട്ടിന്റെ റിപ്പോർട്ട് പ്രകാരം, ബാഴ്‌സലോണ മിഡ്‌ഫീൽഡർ മാർക്ക് ബെർണൽ വീണ്ടും ഗ്രൂപ്പ് പരിശീലനത്തിൽ നിന്ന് വിട്ടുനിന്നു. ഇതോടെ ബുധനാഴ്ച നടക്കുന്ന ലാ ലിഗ മത്സരത്തിൽ സെൽറ്റ വിഗോയ്‌ക്കെതിരെ താരം കളിക്കുന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്.

കണങ്കാലിനേറ്റ പരിക്കിനെ തുടർന്ന് ചികിത്സയിലുള്ള 18-കാരനായ ബെർണൽ നിലവിൽ ജിമ്മിൽ പരിശീലനം തുടരുകയാണ്. ഈ പരിക്കിനെത്തുടർന്ന് ബാഴ്‌സലോണയുടെ കഴിഞ്ഞ മൂന്ന് മത്സരങ്ങളും താരത്തിന് നഷ്ടമായിരുന്നു.

പരിക്ക് വീണ്ടും വഷളാകാൻ സാധ്യതയുള്ളതിനാൽ, ബെർണലിന്റെ തിരിച്ചുവരവ് കാര്യത്തിൽ അതീവ ജാഗ്രത പുലർത്താനാണ് ക്ലബ്ബിന്റെ മെഡിക്കൽ സംഘത്തിന്റെയും മുഖ്യ പരിശീലകൻ ഹാൻസി ഫ്ലിക്കിന്റെയും തീരുമാനം. താരം വേഗത്തിൽ കളത്തിലേക്ക് മടങ്ങിയെത്തുന്നതിൽ അവർക്ക് താല്പര്യമില്ല.

ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്തായതിന് പിന്നാലെ, ലാ ലിഗ കിരീടപ്പോരാട്ടത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ബാഴ്‌സലോണ. നിലവിൽ പോയിന്റ് പട്ടികയിൽ ഒൻപത് പോയിന്റ് ലീഡുമായി ഒന്നാം സ്ഥാനത്താണ് ടീം.

© Madhyamam