ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിൽ ബയേൺ മ്യൂണിക്കിനെ പരാജയപ്പെടുത്തിയതിന് പിന്നാലെ, ടീമിൻ്റെ പ്രതിരോധത്തിലെ കരുത്ത് പുതിയ വിജയതന്ത്രമായി മാറിയെന്ന് പിഎസ്ജി പരിശീലകൻ ലൂയിസ് എൻറിക്വെ. ബയേണിനെതിരായ അഗ്രഗേറ്റ് സ്കോർ 6-5 എന്ന നിലയിൽ വിജയിച്ച ശേഷം എൻറിക്വെ നടത്തിയ പ്രതികരണങ്ങൾ ഇങ്ങനെയാണ്:
“ഒരു പ്രത്യേക താരത്തെ മാത്രം എടുത്തുപറയുന്നത് നീതിയാകില്ല. ചാമ്പ്യൻസ് ലീഗിൻ്റെ ഈ നിർണായക ഘട്ടത്തിൽ ടീമിലെ ഓരോരുത്തരും അവരുടെ മികച്ച പ്രകടനമാണ് പുറത്തെടുത്തത്,” എൻറിക്വെ പറഞ്ഞു.
കഴിഞ്ഞ വർഷത്തെ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ കളിച്ച അതേ ആദ്യ ഇലവനെ ഈ മത്സരത്തിൽ ഇറക്കാൻ സാധിച്ചില്ലെങ്കിലും ടീമിൻ്റെ പ്രകടനം അത്ഭുതകരമായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഗ്രൂപ്പ് ഘട്ടത്തിൽ ഏറ്റവും കടുപ്പമേറിയ ഡ്രോയാണ് തങ്ങൾക്ക് ലഭിച്ചതെന്നും, താൻ ആഗ്രഹിച്ച കാര്യങ്ങളിൽ നിന്ന് വ്യത്യസ്തമായ സാഹചര്യങ്ങളിലൂടെയാണ് കടന്നുപോയതെന്നും എൻറിക്വെ ഓർമ്മിപ്പിച്ചു.
“ഞങ്ങൾ അടുത്ത ഫൈനലിൽ കളിക്കാൻ പോകുകയാണ്. ക്ലബ്ബിനെ സംബന്ധിച്ചിടത്തോളം ഇതൊരു ചരിത്രമുഹൂർത്തമായിരിക്കും. ചാമ്പ്യൻസ് ലീഗ് നേടാനുള്ള പോരാട്ടം ഞങ്ങൾ തുടരും. കഴിഞ്ഞ വർഷം ഞങ്ങൾ ചരിത്രം കുറിച്ചു. ആ മുന്നേറ്റം തുടരാനും ക്ലബ്ബിലേക്ക് പോസിറ്റീവായ കാര്യങ്ങൾ കൊണ്ടുവരാനുമാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്,” അദ്ദേഹം വ്യക്തമാക്കി.
മ്യൂണിക്കിലെ മത്സരം കടുപ്പമായിരിക്കുമെന്ന് അറിയാമായിരുന്നുവെന്ന് പറഞ്ഞ എൻറിക്വെ, പാരീസിൽ ബയേണിനെ തോൽപ്പിച്ച ഓർമ്മയാണ് ടീമിന് കരുത്തായതെന്ന് വ്യക്തമാക്കി. “മത്സരങ്ങളെ സമീപിക്കുന്ന രീതിയിൽ ഞങ്ങൾ പുതിയൊരു തലത്തിലേക്ക് ഉയർന്നു. വലിയ തോതിൽ പ്രതിരോധിക്കാൻ ഞങ്ങൾ ശീലിച്ചിട്ടില്ലെങ്കിലും, ഈ മത്സരത്തിൽ മാലാഖമാരെപ്പോലെ ഞങ്ങൾ പ്രതിരോധം തീർത്തു. ഫൈനലിലേക്ക് മുന്നേറാൻ ഞങ്ങൾ തീർത്തും അർഹരാണ്.”
ബാഴ്സലോണയിൽ സഹതാരമായിരുന്ന അർറ്റേയയെക്കുറിച്ചും എൻറിക്വെ സംസാരിച്ചു. അർറ്റേയ മികച്ചൊരു ടീമിനെയാണ് കെട്ടിപ്പടുത്തിരിക്കുന്നതെന്നും, അദ്ദേഹം എങ്ങനെയുള്ള പരിശീലകനാണെന്ന് വ്യക്തമാണെന്നും എൻറിക്വെ പറഞ്ഞു. “മുന്നോട്ടുള്ള കാര്യങ്ങൾ വളരെ ബുദ്ധിമുട്ടായിരിക്കുമെന്ന് എനിക്കറിയാം. എങ്കിലും ഞങ്ങളുടെ കളിശൈലിയിലും ലക്ഷ്യങ്ങളിലും പൂർണ്ണ വിശ്വാസമുണ്ട്. അവസാന നിമിഷം വരെ ഞങ്ങൾ പോരാടുമെന്ന് എനിക്ക് ഉറപ്പുണ്ട്,” എൻറിക്വെ പറഞ്ഞു.
