ആത്മാവ് തേടി മെസ്സിയെത്തി; സന്ദർശനം അതീവ രഹസ്യം; കൂട്ടിന് ഡിപോൾ -ഫുട്ബാൾ ലോകത്ത് ചർച്ചയായി മെസ്സിയുടെ ‘ബാഴ്സ റിട്ടേൺ’

ബാഴ്സലോണ: ഞായറാഴ്ച രാത്രിയിൽ തന്റെ ആത്മാവിന്റെ പകുതി തേടിയുള്ള ലയണൽ മെസ്സിയു​െട വരവ് സ്പാനിഷ് ഫുട്ബാൾ നഗരിയായ ബാഴ്സലോണക്ക് ചെറിയൊരു ഭൂമികുലുക്കം തന്നെയായിരുന്നു.

തീർത്തും സ്വകാര്യമായി, അടുത്ത സുഹൃത്തുക്കളായ രണ്ടു പേർക്കൊപ്പം, ക്ലബ് അധികൃതരെ പോലും അറിയിക്കാതെയായിരുന്നു ലയണൽ മെസ്സിയുടെ രഹസ്യ സന്ദർശനം. സ്പെയിനിൽ തിങ്കളാഴ്ച ആരംഭിച്ച അർജന്റീന ദേശീയ ടീം ക്യാമ്പിന്റെ ഭാഗമാവാൻ മയാമിയിൽ നിന്നും ചാർട്ടർ ​ൈഫ്ലറ്റിൽ ലയണൽ മെസ്സി നേരെ പറന്നെത്തിയത് കാറ്റലോണിയൻ മണ്ണിലേക്ക്. ഒപ്പമുണ്ടായിരുന്നത് കളിക്കളത്തിലെ പ്രിയ സുഹൃത്ത് റോഡ്രിഗോ ഡി പോലും, സന്തത സഹചാരി പെപെ കോസ്റ്റയും.

ബാഴ്സലോണയിലെത്തിയ ലയണൽ മെസ്സി കാംപ് നൂവിലെ പ്രിയപ്പെട്ട സ്റ്റേഡിയത്തിന് അരികിലായി ഹോട്ടലിൽ മുറിയെടുത്തു. ബാഴ്സലോണയിൽ സ്വന്തമായുള്ള ആഡംബര വീടുണ്ടെങ്കിലും, അവിടെ താമസമൊഴിവാക്കിയാണ് സ്റ്റേഡിയം കാണുന്ന വിധത്തിൽ ഹോട്ടൽ താമസം തെരഞ്ഞെടുത്തത്. അതിനു ശേഷം, നവീകരണ പ്രവർത്തനം നടക്കുന്ന കാംപ് നൂ സ്റ്റേഡിയം സന്ദർശിക്കാനായിരുന്നു പ്ലാൻ.

നിർമാണ കമ്പനിയായ ലിമാകിന്റെ സുരക്ഷാ വിഭാഗം വഴി സ്റ്റേഡിയത്തിൽ പ്രവേശനാനുമതി നേടിയപ്പോൾ മാത്രമായിരുന്നു ലയണൽ മെസ്സി ബാഴ്സയുടെ മുറ്റത്ത് എത്തിയ വിവരം ക്ലബ് അധികൃതരും അറിയുന്നത്. ഉടൻ തന്നെ അനുമതി നൽകി താരത്തെ ​പ്രിയ ​മൈതാനത്തേക്ക് സ്വാഗതം ചെയ്തു.

റോഡ്രിഗോ ഡി പോളി​നും കോസ്റ്റക്കുമൊപ്പമായിരുന്നു ഞായറാഴ്ച രാത്രിയിൽ മെസ്സി സ്റ്റേഡിയത്തിൽ പ്രവേശിച്ചത്.

അതേസമയം, ലിമാക് വഴിയോ, മറ്റോ ക്ലബിൽ നിന്നും അനുമതി തേടിയിട്ടില്ലെന്ന് ലയണൽ മെസ്സി ക്യാമ്പ് പ്രതികരിച്ചു.

ആരാധകരുടെയും മാധ്യമങ്ങളുടെയും കണ്ണുവെട്ടിച്ചുള്ള താരത്തിന്റെ ‘വീട്ടിലേക്കുള്ള തിരിച്ചുവരവ്’ ലയണൽ മെസ്സി തന്നെ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചതോടെയാണ് ലോകം അറിയുന്നത്.

ലോകമെങ്ങുമുള്ള ആരാധകർക്കും വലിയൊരു സർപ്രൈസായി മാറി. അതിവൈകാരികമായ കുറിപ്പിനൊപ്പം മെസ്സി പങ്കുവെച്ച ചിത്രം ഫുട്ബാൾ ലോകം ഏറ്റെടുത്തു. ‘എന്റെ ആത്മാവിന്റെ പാതിയായ മണ്ണിൽ തിരിച്ചെത്തി. എന്നെ ഈ ലോകത്ത് ഏറ്റവും സന്തോഷവാനാക്കിയ സ്ഥലം. ഒരിക്കൽ കൂടി ഇവിടേക്ക് തിരിച്ചുവരാനാകുമെന്ന് പ്രതീക്ഷിക്കുന്നു. കളിക്കാരൻ എന്ന നിലയിൽ യാത്രപറയാൻ മാത്രമല്ലാത്തൊരു തിരിച്ചുവരവ്..’ -അതിവൈകാരികമായ ലയണൽ മെസ്സി നടത്തിയ പ്രസ്താവനക്ക് ‘ഏത് സമയവും നിങ്ങൾക്ക് സ്വാഗതം.. ലിയോ’ എന്ന കുറിപ്പുമായി ഉടൻ ബാഴ്സലോണയുടെ മറുപടിയും എത്തി.

ഏതാനും സമയം കാംപ് ന്യൂ സ്റ്റേഡിയത്തിലെ പച്ചപ്പുൽമൈതാനിയിൽ നിന്ന് സ്റ്റേഡിയം കണ്ട ശേഷം, പുറത്തിറങ്ങി തെരുവിലൂടെ നടന്നായിരുന്നു മെസ്സിയുടെ മടക്കം. പാന്റും ഷർട്ടുമണിഞ്ഞുള്ള ചിത്രങ്ങളും വൈറലായി.

സ്കൂൾ വിദ്യാർഥിയായിരിക്കെ ബാഴ്സലോണയുടെ പരിശീലനക്കളരിയായ ലാ മാസിയയിലെത്തി, രണ്ടു പതിറ്റാണ്ടു കാലം ക്ലബിന്റെ ചരിത്രത്തിലെ ഏറ്റവും പ്രധാന കളിക്കാരനായി വാണ മെസ്സി 2021ലാണ് ബാഴ്സ​ വിടുന്നത്. സാമ്പത്തിക പ്രതിസന്ധിയിലകപ്പെട്ട ക്ലബിൽ നിന്നും, പ്രസിഡന്റ് യുവാൻ ലപോർടയുമായി ഉടക്കിയുള്ള യാത്രയും മെസ്സിക്ക് സങ്കടകരമായി.

2026ൽ നടക്കുന്ന ക്ലബ് പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള നീക്കങ്ങളിലും മെസ്സിയുടെ​ പേരുകൾ ഉയർന്നു കേൾക്കുന്നുണ്ട്. ലപോർടക്കെതിരായ കാമ്പയിനിൽ ​എതിർപക്ഷത്തിന് മെസ്സിയുടെ പിന്തുണയുണ്ടെന്നാണ് റിപ്പോർട്ട്.



© Madhyamam