ആരാധക​ർക്ക് ബിഗ് സർപ്രൈസ്; ലയണൽ മെസ്സി വീണ്ടും ബാഴ്സലോണയിൽ

ബാഴ്സലോണ: പാരീസിലും അമേരിക്കയിലും കളിച്ചാലും ലയണൽ മെസ്സി ഒരു ദിനം ബാഴ്സലോണയിൽ തിരികെയെത്തുന്നത് കാണാൻ കൊതിക്കുന്ന ആരാധകരാണ് ഏറെയും. ലോകത്തെവിടെ കളിച്ചാലും ബാഴ്സയുടെ ജഴ്സിയിൽ മെസ്സിയെ വീണ്ടും കാണാൻ മോഹിക്കുന്നവരും കുറവല്ല.

എന്നാൽ, ആരാധകരെയും ക്ലബ് അധികൃതരെയും ഞെട്ടിച്ച സന്ദർശനവുമായി ലയണൽ മെസ്സി വീണ്ടും നുകാംപിലെത്തി. എം.എൽ.എസിൽ ഇന്റർ മയാമിക്കായി ഇരട്ട ഗോളും ഇരട്ട അസിസ്റ്റുമായി തിളങ്ങിയ രാത്രി ഇരുട്ടി വെളുത്തതിനു പിന്നാലെ, സൂപ്പർ താരം അമേരിക്കയിൽ നിന്നും പറന്നത് സ്പെയിനിലെ ബാഴ്സയി​ലേക്ക് . നൂകാംപിൽ നവീകരിച്ച ബാഴ്സലോണയുടെ പുതിയ കളിമുറ്റം ആസ്വദിച്ചുകൊണ്ട് നിൽക്കുന്ന രാത്രി ദൃശ്യം മെസ്സി തന്നെ സാമൂഹിക മാധ്യമ പേജുകൾ വഴി പങ്കുവെച്ചു. ഒപ്പം, ബാഴ്സലോണ ആരാധരെ ത്രില്ലടിപ്പിക്കുന്ന അതി വൈകാരികമായ ഒരു സ​ന്ദേശവും താരം കുറിച്ചു.

‘എന്റെ ആത്മാവും ഹൃദയവും തുടിക്കുന്ന മണ്ണിലേക്ക് ഞാൻ തിരിച്ചെത്തി. ഞാൻ വളരെയധികം സന്തോഷിച്ച ഇടം. ലോകത്തിലെ ഏറ്റവും സന്തോഷവാനായ വ്യക്തിയാണെന്ന് ആയിരം മടങ്ങ് ​തോന്നിപ്പിച്ച സ്ഥലം. ഒരു കളിക്കാരൻ എന്ന നിലയിൽ യാത്രപറയാൻ കൂടി ഒരു ദിവസം തിരിച്ചുവരാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു…’ -ബാഴ്സലോണയുടെ കളിമുറ്റത്തും, സ്റ്റേഡിയത്തിന് പുറത്തും ജീൻസും ഷർട്ടുമണിഞ്ഞ് നിൽക്കുന്ന ചിത്രത്തിനൊപ്പം മെസ്സി കുറിച്ചു.

ലോകമെങ്ങുമുള്ള ആരാധകർ വലിയ സന്തോഷത്തോടെയാണ് മെസ്സിയുടെ ബാഴ്സലോണ സന്ദർശന വാർത്തയോട് പ്രതികരിച്ചത്.

കളി പഠിച്ച് വളർന്ന ബാഴ്സലോണയോട് യാത്രപറഞ്ഞ് 2021ലാണ് ലയണൽ മെസ്സി പുതിയ തട്ടകത്തിലേക്ക് പറന്നത്. സീനിയർ ടീമിലും ജൂനിയർ ടീമിലുമായി രണ്ടു പതിറ്റാണ്ടോളം നീണ്ട കരിയറിനൊടുവിലായിരുന്നു വേദനയോടെയുള്ള ആ യാത്ര. പിന്നീട് രണ്ടു സീസണിൽ പി.എസ്.ജിയിലും, ശേഷം അമേരിക്കയിലും കളിച്ച താരത്തിന്റെ മനസ്സിലെ ബാഴ്സലോണ സ്നേഹമാണ് ഇതിലൂടെ പ്രതിഫലിക്കുന്നതെന്നും ആരാധകർ കുറിച്ചു.

ബാഴ്സയോട് യാത്ര പറയുന്നില്ലെന്നും, ഇനിയുമൊരു തിരിച്ചുവരവ് ഉണ്ടാകുമെന്നും പറഞ്ഞുകൊണ്ടായിരുന്നു 2021ൽ മെസ്സി നു കാംപ് വിട്ടത്.

അതിനിടെ, അടുത്തവർഷം നടക്കുന്ന ബാഴ്സലോണ ​ക്ലബ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സര രംഗത്തുള്ള നിലവിലെ പ്രസിഡന്റ് ലപോർടക്കെതിരായ പ്രചാരണത്തിൽ മെസ്സി ഭാഗമാവുമെന്നും റിപ്പോർട്ടുകളുണ്ട്.

എം.എൽ.എസ് സീസൺ സമാപിക്കാനിരിക്കെ ലയണൽ മെസ്സിയുടെ ഒരു ഇടക്കാല തിരിച്ചുവരവിനുള്ള സൂചനയായും സന്ദർശനത്തെ വിലയിരുത്തുന്നവർ കുറവല്ല. അമേരിക്കൻ ക്ലബുമായി കരാർ പുതുക്കിയെങ്കിലും, മികച്ച ഫോമിൽ തുടരുന്ന താര​ത്തിന് ഹ്രസ്വകാലത്തേക്ക് സ്പാനിഷ് ലീഗിലും പന്തു തട്ടാൻ അവസരമൊരുങ്ങുമോ എന്ന ​കാത്തിരിപ്പിലാണ് ​ആരാധകർ. പുതിയ സ്റ്റേഡിയത്തിന്റെ ഉദ്ഘാടന ചടങ്ങിൽ ലയണൽ മെസ്സിക്ക് യാത്രയയപ്പ് മത്സര മൊരുക്കാൻ ബാഴ്സ തയ്യാറാവുന്നതായും വാർത്തകളുണ്ടായിരുന്നു.



© Madhyamam