ന്യൂയോർക്ക്: 22 വർഷത്തിലേക്ക് പ്രവേശിക്കുന്ന പ്രഫഷണൽ ഫുട്ബാൾ കരിയറിൽ അപൂർവമായൊരു നാഴികകല്ല് കൂടി പിന്നിട്ട് അർജന്റീന ഇതിഹാസ താരം ലയണൽ മെസ്സി.
ഇന്റർമിയാമി കുപ്പായത്തിൽ കഴിഞ്ഞ രാത്രിയിൽ നേടിയ ഗോളും അസിസ്റ്റുമായി കരിയറിലെ ഗോൾ പങ്കാളിത്തങ്ങളുടെ എണ്ണം 1300ലെത്തിച്ചാണ് മെസ്സി കാൽപന്ത് അത്യപൂർവ ചരിത്രത്തിൽ തൊട്ടത്.
ഞായറാഴ്ച രാത്രിയിൽ നടന്ന മേജർ ലീഗ് േപ്ല ഓവഫ് ഈസ്റ്റേൺ കോൺഫറൻസ് സെമി ഫൈനലിൽ മൂന്ന് അസിസ്റ്റും ഒരു ഗോളുമായി ലയണൽ മെസ്സി തിളങ്ങിയ രാത്രിയിലായിരുന്നു അപൂർ റെക്കോഡിനും അവകാശിയായത്. മത്സരത്തിൽ സിൻസിനാറ്റിയെ ഇന്റർ മയാമി 4-0ത്തിന് തോൽപിച്ച് ഫൈനലിലേക്ക് ടിക്കറ്റും ഉറപ്പിച്ചു.
നൂറ്റാണ്ടുകളുടെ കഥപറയുന്ന ഫുട്ബാൾ ചരിത്രത്തിൽ ആദ്യമായാണ് ഒരു താരം പ്രഫഷണൽ കരിയറിൽ 1300 ഗോൾ പങ്കാളിത്തം പൂർത്തിയാക്കുന്നത്. 2004 ഒക്ടോബറിൽ ബാഴ്സലോണ കുപ്പായത്തിൽ അരങ്ങേറ്റം കുറിച്ചത് മുതലുള്ള കണക്കാണ് 21 വർഷം തികഞ്ഞ വേളയിൽ ചരിത്രം കുറിച്ചത്.
വിവിധ ക്ലബുകളിലും ദേശീയ ടീമിലുമായി 896 ഗോളുകളും 404 അസിസ്റ്റുകളും ലയണൽ മെസ്സി സ്വന്തം പേരിലാക്കി കഴിഞ്ഞു. എഫ്.സി ബാഴ്സലോണ, പി.എസ്.ജി, ഇന്റർമയാമി, അർജന്റീ ജഴ്സികളിലാണ് മെസ്സിയുടെ ഗോളും അസിസ്റ്റും.
ലയണൽ മെസ്സി ഏറ്റവും കൂടുതൽ കാലം കളിച്ച ബാഴ്സലോണയിലാണ് ഏറ്റവും വലിയ പങ്കാളിത്തവുമുള്ളത്. 672ഗോളും, 269 അസിസ്റ്റുമായി 941 ഗോൾ പങ്കാളിത്തം.
ഫ്രഞ്ച് ക്ലബായ പി.എസ്.ജിയിൽ 32 ഗോളും, 34 അസിസ്റ്റുമായി 66 ഗോൾ പങ്കാളിത്തം. 2023ൽ കൂടുമാറിയെത്തിയ ഇന്റർ മയാമിയിൽ 78 ഗോളും, 39 അസിസ്റ്റുമായി 117 ഗോൾ പങ്കാളിത്തം. അർജന്റീന കുപ്പായത്തിൽ 114 ഗോളും 62 അസിസ്റ്റുമായി 176 ഗോൾ പങ്കാളിത്തം. ഇങ്ങനെയാണ് മെസ്സിയുടെ നേട്ടം 1300ലെത്തിയത്..
അതേസമയം, സമകാലിക ഫുട്ബാളിൽ മെസ്സിയുടെ എതിരാളിയായ ക്രിസ്റ്റ്യനോ റൊണാൾഡോ തൊട്ടു പിന്നിലുണ്ട്. കരിയർ ഗോളിൽ മെസ്സിക്ക് മുന്നിലുള്ള ക്രിസ്റ്റ്യാനോ, പക്ഷേ അസിസ്റ്റിൽ ഏറെ പിന്നിലാണ്. 954 ഗോളും, 259 അസിസ്റ്റുമായി 1213 ഗോൾ പങ്കാളിത്തമാണ് പോർചുഗൽ താരത്തിനുള്ളത്. മെസ്സിയിൽ നിന്നും 87 ഗോൾ കോൺട്രിബ്യൂഷൻ വ്യത്യാസം.
ലയണൽ മെസ്സി 1135 മത്സരങ്ങളിലും, ക്രിസ്റ്റ്യാനോ 1298 മത്സരങ്ങളിലുമാണ് നിലവിലെ റെക്കോഡിലെത്തിയത്.
ഇന്റർമയാമി 4-0ത്തിന് ജയിച്ച അവസാന മത്സരത്തിൽ മൂന്ന് അസിസ്റ്റുകളാണ് മെസ്സിയുടേത്. 19ാം മിനിറ്റിൽ മെസ്സി തന്നെ ഗോളടിച്ചു. പിന്നാലെ, മാറ്റിയോ സിൽവെറ്റി ഒന്നും, ടാഡിയോ അലെൻഡെയുടെ രണ്ടും ഗോൾ നേടിയപ്പോൾ പിന്നിൽ മെസ്സിയുടെ ബൂട്ടുകൾ തന്നെ അവസരമൊരുക്കിയത്.
