ബ്യൂണസ് അയേഴ്സ്: ഏറെ പ്രതീക്ഷയോടെ ഫുട്ബാൾ ആരാധകർ കാത്തിരിക്കുന്ന ‘ഗോട്ട് ടൂർ ഓഫ് ഇന്ത്യ 2025’ൽ അർജന്റീനിയൻ ഇതിഹാസം ലയണൽ മെസ്സി പങ്കെടുക്കും. 14 വർഷം മുമ്പ് താൻ അവസാനമായി കളിച്ച രാജ്യം വീണ്ടും സന്ദർശിക്കാൻ കഴിയുന്നത് ബഹുമതിയാണെന്ന് മെസ്സി വിശേഷിപ്പിച്ചു.
‘ഇങ്ങനെയൊരു യാത്ര എനിക്ക് ലഭിക്കുന്ന ബഹുമതിയാണ്. ഇന്ത്യ വളരെ പ്രത്യേകതയുള്ള ഒരു രാജ്യമാണ്. ഫുട്ബാളിനെ ആവേശത്തോടെ കാണുന്നവർ. ഈ മനോഹരമായ കളിയോടുള്ള സ്നേഹം പങ്കിടുന്നതിനൊപ്പം പുതിയ തലമുറയിലെ ആരാധകരെ കണ്ടുമുട്ടാനും ഞാനാഗ്രഹിക്കുന്നു. 14 വർഷം മുമ്പ് ഇവിടെ ചെലവഴിച്ച നാളുകളെക്കുറിച്ച് എനിക്ക് നല്ല ഓർമകളാണുള്ളത്. ആരാധകർ അതിശയപ്പിക്കുന്നതായിരുന്നു’- മെസ്സി ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു. നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നുവെങ്കിലും മെസ്സിയുടെ പ്രസ്താവനയോടെയാണ് അദ്ദേഹത്തിന്റെ ഇന്ത്യാ സന്ദർശനത്തിന് സ്ഥിരീകരണമായത്.
ഡിസംബർ 13ന് കൊൽക്കത്തയിൽ നിന്നും നാലു നഗരങ്ങളിലേക്കുള്ള പര്യടനം ആരംഭിക്കുന്ന മെസ്സി, തുടർന്ന് അഹമ്മദാബാദ്, മുംബൈ, ഡൽഹി എന്നിവിടങ്ങളിലേക്കു പോവും. ഡിസംബർ 15ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയോടെയാണ് യാത്ര അവസാനിക്കുക.
കൊൽക്കത്തയിൽ മെസ്സിയുടെ പരിപാടി സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലാണ് നടക്കുക. ഡിസംബർ 13ന് നടക്കുന്ന ‘ഗോട്ട് കൺസേർട്ട്’, ‘ഗോട്ട് കപ്പ്’ എന്നിവയിൽ മെസ്സി പങ്കെടുക്കും. ഇന്ത്യൻ കായിക രംഗത്തെ ഇതിഹാസ താരങ്ങളായ സൗരവ് ഗാംഗുലി, ബൈച്ചുങ് ബൂട്ടിയ, ലിയാൻഡർ പേസ് എന്നിവർക്കൊപ്പം കളിക്കളത്തിലിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പര്യടനത്തിനിടെ അർജന്റീനിയൻ സൂപ്പർതാരം സംഗീത പരിപാടികൾ, മീറ്റ് ആൻഡ് ഗ്രീറ്റ് സെഷനുകൾ, ഭക്ഷ്യമേളകൾ, ഫുട്ബാൾ മാസ്റ്റർക്ലാസുകൾ, മുംബൈയിലെ ബ്രാബോൺ സ്റ്റേഡിയത്തിൽ നടക്കുന്ന ‘പാഡൽ എക്സിബിഷൻ’ എന്നിവക്ക് നേതൃത്വം നൽകും. ഷാരൂഖ് ഖാൻ, സച്ചിൻ ടെണ്ടുൽക്കർ, എം.എസ്. ധോണി, ബോളിവുഡ് താരങ്ങൾ എന്നിവർ ഉൾപ്പെടുന്ന വൻ സെലിബ്രിറ്റി ചടങ്ങായിരിക്കും മുംബൈയിലേത്.
കൊൽക്കത്തയിൽ ദുർഗാ പൂജ ആഘോഷ വേളയിൽ മെസ്സിയുടെ 25 അടി ഉയരമുള്ള ഒരു ചുവർചിത്രം അനാച്ഛാദനം ചെയ്യാനും മെസ്സിയുടെ ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും വലിയ പ്രതിമയുടെ ഉദ്ഘാടനത്തിനും സംഘാടകർ പദ്ധതിയിടുന്നുണ്ട്. പരിപാടികൾക്കുള്ള ടിക്കറ്റുകൾ 3,500 രൂപയിൽ നിന്ന് തുടങ്ങുമെന്നാണ് കരുതുന്നത്.
2011ൽ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ വെനിസ്വേലക്കെതിരായ ‘ഫിഫ’ സൗഹൃദ മത്സരത്തിൽ അർജന്റീനയെ നയിച്ചതിനുശേഷം ഇന്ത്യയിലേക്കുള്ള മെസ്സിയുടെ ആദ്യ സന്ദർശനമാണിത്. മെസ്സിയുടെ ടീമും പ്രാദേശിക ഭരണകൂടങ്ങളും ഉൾപ്പെടുന്ന സുരക്ഷാ ക്രമീകരണങ്ങൾ അഭൂതപൂർവമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ലയണൽ സ്കലോണി പരിശീലിപ്പിക്കുന്ന നിലവിലെ ലോക ചാമ്പ്യന്മാർ നവംബർ 10 മുതൽ 18 വരെ കേരളത്തിൽ സൗഹൃദ മത്സരം കളിക്കാനും ഒരുങ്ങുകയാണ്. എന്നാൽ, എതിരാളികളെയും വേദിയെയും ഇതുവരെ തീരുമാനിച്ചിട്ടില്ല. ആ സന്ദർശനം നടക്കുകയാണെങ്കിൽ മെസ്സി രണ്ട് മാസത്തിനുള്ളിൽ രണ്ട് തവണ ഇന്ത്യയിലേക്ക് യാത്ര ചെയ്യുമെന്നാണ് സൂചന.