മെസ്സിപ്പട തരിപ്പണം; ലീഗ് കപ്പ് ഫൈനലിൽ ഇന്റർ മയാമിക്ക് വൻ തോൽവി; തല്ലുംപിടിയുമായി സുവാരസ്

വാഷിങ്ടൺ: ലയണൽ മെസ്സിയും ലൂയി സുവാരസും ഡി പോളും ഉൾപ്പെടെ താരങ്ങൾ അണിനിരന്ന ഇന്റർ മയാമിയെ തരിപ്പണമാക്കി എം.എൽ.എസ് ലീഗ് കപ്പ് കിരീടം ചൂടി സീറ്റിൽ സൗണ്ടേഴ്സ്. വാഷിങ്ടണിലെ ലുമൻ ഫീൽഡിൽ റെക്കോഡ് സൃഷ്ടിച്ച ആരാധക സാന്നിധ്യത്തിൽ നടന്ന മത്സരത്തിൽ മറുപടിയില്ലാത്ത മൂന്ന് ഗോളിനായിരുന്നു അമേരിക്കൻ ക്ലബായ സിയാറ്റിൽ സൗ​ണ്ടേഴ്സ് ഇന്റർ മയാമിയുടെ താരപ്പടയെ തകർത്തത്.

കളിയുടെ 26ാം മിനിറ്റിൽ ഒസാസ് ഡി റൊസാരിയോയിലൂടെ ഗോളടി തുടങ്ങിയ സിയാറ്റിൽ ലോങ് വിസിലിന് മിനിറ്റുകൾ ബാക്കി നിൽക്കെ രണ്ട് ഗോളുകൾ കൂടി നേടി കിരീടം സ്വന്തമാക്കി. 84ാം മിനിറ്റിൽ അലക്സ് റോൾഡാൻ പെനാൽറ്റിയിലൂടെയും, 89ാം മിനിറ്റിൽ പോൾ റൊത്റോകും വലകുലുക്കിയാണ് സിയാറ്റിൽ സൗണ്ടേഴ്സിന് ആദ്യ ലീഗ് കപ്പ് കിരീടം സമ്മാനിച്ചത്.

ഫൈനൽ മത്സരത്തിനു പിന്നാലെ നടന്ന കൈയാങ്കളി

മനോഹരമായ ഹെഡ്ഡർ ഗോളാക്കിയാണ് ഒസാസ് ടീമിനെ മുന്നിലെത്തിച്ചത്. 89ാം മിനിറ്റിലെ ഗോൾ ഇന്റർമയാമിയുടെ അവസാന പ്രതീക്ഷയും തകർക്കുന്നതായിരുന്നു. തോറ്റ ശരീര ഭാഷയുമായി കളിച്ച താരങ്ങൾക്കിടയിലൂടെ പിറന്ന മിന്നിൽപിണർ ക്രോസിൽ പോളിന്റെ ഷോട്ട് വലയിൽ പതിച്ചു.

സീസണിൽ കിരീട വിജയമെന്ന ലയണൽ മെസ്സിയുടെയും ഇന്റർ മയാമിയുടെയും സ്വപ്നങ്ങൾക്ക് തിരിച്ചടിയായി മാറുന്നതാണ് ലീഗ് കപ്പ് ഫൈനലിലെ തോൽവി. കഴിഞ്ഞ കോൺകകാഫ് ചാമ്പ്യൻഷ് കപ്പ് സെമിയിൽ ഇന്റർമയാമി തോറ്റിരുന്നു.

70,000ത്തോളം കാണികൾ നിറഞ്ഞ സ്റ്റേഡിയത്തിൽ നിരാശപ്പെടുത്തുന്നതായിരുന്നു ഇന്ററർ മയാമിയുടെ പ്രകടനം. ആദ്യപകുതിയിൽ തന്നെ എതിരാളികൾ സ്കോർ ചെയ്തതോടെ, രണ്ടാം പകുതിയിൽ കൂടുതൽ സമ്മർദത്തിലായി മെസ്സിയും സുവാരസും സംഘവും. ഇത് കളത്തിലും കണ്ടു. എതിർടീം അംഗങ്ങളുമായും ഒഫീഷ്യലുകളുമായും കൊമ്പുകോർത്ത സുവാരസ് കളത്തിലെ ടെൻഷനും വർധിപ്പിച്ചു. ഇരു ടീമിലെയും താരങ്ങൾ കളത്തിൽ ഏറ്റുമുട്ടിയതും മത്സരത്തിന്റെ നിറംകെടുത്തി.

​മെസ്സിയും സുവാരസും നയിച്ച ഇന്റർമയാമി നിരയിൽ റോഡ്രിഗോ ഡി പോൾ, ബുസ്ക്വറ്റ്സ്, ജോർഡി ആൽബ തുടങ്ങിയ വമ്പൻ നിരയും കളത്തിലിറങ്ങിയിരുന്നു. സുവാരസും മെസ്സിയും ചേർന്ന് മികച്ച അവസരങ്ങളൊരുക്കി ഷോട്ടുതിർത്തെങ്കിലും ഒന്നും ലക്ഷ്യത്തിലെത്തിയില്ല.



© Madhyamam