കേരള ബ്ലാസ്റ്റേഴ്സിനെതിരെ ഇന്റർ കാശിയുടെ ആൽഫ്രഡ് പ്ലാനസ് ഗോൾ നേടുന്നു (ഫോട്ടോ: ബൈജു കൊടുവള്ളി)
കൊച്ചി: സീസണിലെ ആദ്യ രണ്ടു കളിയിലെ തോൽവിയുടെ ക്ഷീണം മാറ്റാനായി ശനിയാഴ്ച ഐ.എസ്.എല്ലിലെ പുതുമുഖങ്ങളായ ഇൻറർ കാശിക്കെതിരെ ഇറങ്ങിയ കേരള ബ്ലാസ്റ്റേഴ്സിന് വീണ്ടും തോൽവി. 2-1നായിരുന്നു സ്വന്തം തട്ടകമായ കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ബ്ലാസ്റ്റേഴ്സിന്റെ കീഴടങ്ങൽ. രണ്ടാം പകുതിയിൽ മികച്ച പ്രകടനം പുറത്തെടുത്തിട്ടും സമനില കണ്ടെത്താൻ ടീമിനായില്ല. നൗറിസ് പെട്കെവിഷ്യസ് (34), ആൽഫ്രഡ് പ്ലാനസ് (78) എന്നിവർ ഇൻറർകാശിക്കു വേണ്ടിയും വിക്ടർ ബെർടോമ്യു (84) ബ്ലാസ്റ്റേഴ്സിനുവേണ്ടിയും വല കുലുക്കി.
മത്സരത്തിന്റെ തുടക്കം മുതൽ ഇരുടീമുകളും ഒപ്പത്തിനൊപ്പമുള്ള പോരാട്ടമാണ് കാഴ്ചവെച്ചത്. കളി തുല്യനിലയിൽ മുന്നേറവെ, 34ാം മിനിറ്റിൽ പെട്കെവിഷ്യസിലൂടെ ഇന്റർ കാശി ആദ്യ ഗോൾ നേടി. പെട്കെവിഷ്യസിന്റെ ഷോട്ട് ക്രോസ് ബാറിൽ തട്ടി വലയിൽ പതിക്കുകയായിരുന്നു. ആദ്യ പകുതിയിൽ തിരിച്ചടിക്കാൻ ബ്ലാസ്റ്റേഴ്സ് ശ്രമിച്ചെങ്കിലും ഇന്റർ കാശിയുടെ പ്രതിരോധം മറികടക്കാനായില്ല.
രണ്ടാം പകുതിയിൽ എബിൻദാസ്, മർലോൺ ട്രൂജിലോ, ബികാഷ് യുംനം എന്നിവരെ ബ്ലാസ്റ്റേഴ്സ് കോച്ച് ഡേവിഡ് കറ്റാല കളത്തിലിറക്കി. ഇത് ബ്ലാസ്റ്റേഴ്സിന്റെ ആക്രമണങ്ങൾക്ക് കൂടുതൽ കരുത്ത് നൽകി. 78ാം മിനിറ്റിൽ ആൽഫ്രഡ് ലക്ഷ്യം കണ്ടതോടെ ഇന്റർ കാശി ലീഡുയർത്തി. 84ാം മിനിറ്റിൽ വിക്ടർ ബെർട്ടോമ്യൂ ബ്ലാസ്റ്റേഴ്സിന്റെ സീസണിലെ ആദ്യ ഗോൾ നേടി. അവസാന നിമിഷങ്ങളിൽ ബ്ലാസ്റ്റേഴ്സ് ശക്തമായി സമ്മർദം ചെലുത്തിയെങ്കിലും ലക്ഷ്യംകാണാനായില്ല. ഇൻജുറി സമയത്ത് ബെർട്ടോമ്യുവിന്റെ ഹെഡർ നേരിയ വ്യത്യാസത്തിൽ പുറത്തുപോയി. മാർച്ച് ഏഴിന് കൊച്ചിയിൽ ചെന്നൈയിൻ എഫ്.സിക്കെതിരെയാണ് ടീമിന്റെ അടുത്ത മത്സരം.
