കൊച്ചി: അനിശ്ചിതത്വങ്ങൾക്കൊടുവിൽ ഇന്ത്യൻ സൂപ്പർ ലീഗ് പോരാട്ടങ്ങൾക്ക് ശനിയാഴ്ച കിക്കോഫ് കുറിക്കാനിരിക്കെ കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി ടീം പ്രഖ്യാപിച്ചു. പരിചയസമ്പന്നരും വളർന്നുവരുന്ന ഇന്ത്യൻ പ്രതിഭകളും പുതിയ വിദേശ താരങ്ങളും ഉൾപ്പെടുന്നതാണ് സ്ക്വാഡ്. ഹെഡ് കോച്ച് ഡേവിഡ് കറ്റാലയുടെ കീഴിലാണ് സംഘത്തെ ക്ലബ്ബ് അണിനിരത്തുന്നത്.
ആദ്യ മത്സരത്തിൽ ശനിയാഴ്ച മോഹൻ ബഗാനെതിരെ കേരള ബ്ലാസ്റ്റേഴ്സ് കൊൽക്കത്തയിൽ കളിക്കാനിറങ്ങും. വൈകുന്നേരം അഞ്ച് മണിക്കാണ് മത്സരത്തിന് കിക്കോഫ്.
സചിൻ സുരേഷും അർഷ് ശൈഖുമാവും ഗോൾ വല കാക്കുക. പ്രതിരോധനിരയിൽ വിദേശ താരം ഉമർ ബാഹിന്റെ അനുഭവസമ്പത്തും ഇന്ത്യയുടെ അണ്ടർ 23 ക്യാപ്റ്റൻ ബികാഷ് യുംനമിന്റെ നേതൃപാടവവും ടീമിന് കരുത്താവും. മധ്യനിരയിൽ കളി നിയന്ത്രിക്കാനും ടീമിനെ ഒത്തിണക്കത്തോടെ മുന്നോട്ട് കൊണ്ടുപോകാനും മർലോൺ റൂസ്, വിബിൻ മോഹനൻ എന്നിവരുണ്ടാവും. മുന്നേറ്റനിരയിൽ വിക്ടർ ബെർതോമ്യുവും കെവിൻ യോക്കും എത്തുന്നതോടെ സാഹചര്യങ്ങൾക്കനുസരിച്ച് തന്ത്രങ്ങൾ മാറ്റാൻ പരിശീലകർക്ക് കൂടുതൽ സാധ്യതകൾ ഒരുങ്ങും.
സ്ക്വാഡ്- ഗോൾകീപ്പർമാർ: സചിൻ സുരേഷ്, അർഷ് ശൈഖ്, അൽസാബിത്ത് സുലൈമാൻ. പ്രതിരോധം: നവോച സിങ്, ഐബൻബ ഡോഹ്ലിങ്, ഹോർമിപാം റുയിവ, സന്ദീപ് സിങ്, മുഹമ്മദ് സഹീഫ്, ബികാഷ് യുംനം, സുമിത് ശർമ, ജഗന്നാഥ് ജയൻ, ഉമർ ബാഹ്. മധ്യനിര: വിബിൻ മോഹനൻ, ഡാനിഷ് ഫാറൂഖ്, നിഹാൽ സുധീഷ്, റൗളിൻ ബോർജസ്, ഫ്രെഡി ലാലൻമാവ്മ, എബിനാസ് യേശുദാസൻ, സലാഹുദ്ദീൻ അദ്നാൻ, ലൂയിസ് മത്യാസ് ഹെർണാണ്ടസ്, മർലോൺ റൂസ് ട്രൂജിലോ. മുന്നേറ്റനിര: കൊറൗ സിങ്, ലാൽതൻമാവിയ റെന്ത്ലി, മുഹമ്മദ് അജ്സൽ, എം.എസ്. ശ്രീകുട്ടൻ, വിക്ടർ ബെർതോമ്യു, കെവിൻ യോക്ക് .
