റൂസ് ട്രൂജിലോയും റൗളിൻ ബോർഗസും കേരള ബ്ലാസ്റ്റേഴ്‌സിൽ

കൊച്ചി: ഐ.എസ്.എൽ സീസണ് പന്തുരുളാൻ നാളുകൾ ബാക്കിനിൽക്കെ ടീമിന് കരുത്തുകൂട്ടി രണ്ടുപേർ എത്തുന്നു. വിദേശ താരം മർലോൺ റൂസ് ട്രൂജിലോയും ഇന്ത്യൻ മിഡ്‌ഫീൽഡർ റൗളിൻ ബോർഗസുമാണ് ടീമിനൊപ്പം ചേരുന്നത്.

ഇന്ത്യൻ സൂപ്പർ ലീഗിൽ പ്രകടനമികവുമായി വേറിട്ടുനിൽക്കുന്ന മുപ്പത്തിയൊന്നുകാരനാണ് ബോർഗസ്. മധ്യനിരയിൽ കളി നിയന്ത്രിക്കാനും പ്രതിരോധത്തിലും ആക്രമണത്തിലും ഒരുപോലെ തിളങ്ങാനുമുള്ള റൗളിന്റെ കഴിവ് ബ്ലാസ്റ്റേഴ്‌സ് ടീമിന് കൂടുതൽ കരുത്ത് പകരുമെന്ന് മാനേജ്മെന്റ് കരുതുന്നു. വരുംനാളുകളിൽ ടീമിനൊപ്പം ചേരുന്ന താരം ഉടൻ പരിശീലനം ആരംഭിക്കും.

ആക്രമണനിരയ്ക്ക് കൂടുതൽ കരുത്തുപകരുന്നതാകും ജർമൻ മുന്നേറ്റനിര താരം മർലോൺ റൂസ് ട്രൂജിലോയുടെ സാന്നിധ്യം. അറ്റാക്കിംഗ് മിഡ്‌ഫീൽഡറായും വിങ്ങറായും ഒരേപോലെ തിളങ്ങാൻ ശേഷിയുള്ള റൂസ് ട്രൂജിലോ കളി മെനയുന്നതിലും ഗോൾ അവസരങ്ങൾ സൃഷ്ടിക്കുന്നതിലും ഒരുപോലെ മികവ് പുലർത്തുന്നു. യൂറോപ്യൻ ഫുട്ബോളിലെ മികച്ച അനുഭവസമ്പത്തുമായാണ് ഇരുപത്തിയഞ്ചുകാരൻ കൊച്ചിയിലെത്തുന്നത്. പ്രമുഖ ജർമൻ ക്ലബ്ബായ എഫ്.എസ്.വി മൈൻസ് 05ന്റെ യൂത്ത് അക്കാദമിയിലൂടെ വളർന്ന താരം പിന്നീട് അവരുടെ രണ്ടാം നിര ടീമിനായും ബൂട്ട് കെട്ടി.

തുടർന്ന് ക്രൊയേഷ്യൻ ക്ലബ്ബായ എച്ച്.എൻ.കെ വുകൊവാറിലേക്ക് ചേക്കേറിയ താരം അവിടെയും ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ചു. കരിയറിൽ ഇതുവരെ കളിച്ച 130 മത്സരങ്ങളിൽ നിന്നായി 20 ഗോളും 27 അസിസ്റ്റും സ്വന്തമാക്കിയിട്ടുണ്ട്. കൂടാതെ ജർമനിയുടെ അണ്ടർ-18, അണ്ടർ-19 ദേശീയ ടീമുകളെ പ്രതിനിധീകരിച്ചിട്ടുണ്ട്. താരവും വൈകാതെ ടീമിനൊപ്പം ചേരും.



© Madhyamam